Breaking NewsLead NewsSocial MediaTRENDING

വൈഭവിന്റെ നോട്ട് എഴുതുകയല്ല; രാഹുല്‍ ദ്രാവിഡ് കുത്തിക്കുറിക്കുന്നത് എന്ത്? മറുപടിയുമായി കോച്ച്; ‘കളിയുടെ പ്രത്യേക ഘട്ടത്തില്‍ എന്തു സംഭവിച്ചെന്ന് പെട്ടെന്നു തിരിച്ചറിയാനുള്ള മാര്‍ഗം’; അവസാന കളിയിലെ ജയത്തിന്റെ ആശ്വാസത്തില്‍ രാജസ്ഥാന്‍

ബംഗളുരു: ഐപിഎല്‍ ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ അവസാനിക്കാന്‍ പോകുമ്പോള്‍ ആശ്വാസ ജയത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാന കളിയില്‍ ചെന്നൈയെ വീഴ്ത്തിയെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലാണ് ടീം. കുമാര്‍ സംഗക്കാരയ്ക്ക് പകരം പരിശീലകനായെത്തിയ രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങള്‍ ടീമിനെ രക്ഷപ്പെടുത്തിയില്ല. അതേസമയം, രാജസ്ഥാന്‍ റോയല്‍സിന്റെ മല്‍സരങ്ങളില്‍ ദ്രാവിഡ് നിരന്തരം എന്തെക്കെയോ കുത്തികുറിക്കാറുമുണ്ട്.

വൈഭവ് സൂര്യവംശിയുടെ നോട്ടെഴുതുകയാണെന്നും ഹോം വര്‍ക്ക് ചെയ്യുകയാണെന്നുമെല്ലാമാണ് ദ്രാവിഡിന് നേര്‍ക്ക് വന്ന ട്രോള്‍. ഐപിഎലിലുടനീളം എന്താണ് എഴുതിയതെന്ന് ദ്രാവിഡ് തന്നെ വെളിപ്പെടുത്തി. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവച്ച വിഡിയോയിലാണ് ദ്രാവിഡ് സംസാരിക്കുന്നത്.

Signature-ad

‘ട്വന്റി 20യിലും ഏകദിനത്തിലും സ്‌കോര്‍ എഴുതാന്‍ എനിക്കൊരു പ്രത്യേക രീതിയുണ്ട്. പിന്നീടത് അവലോകനം ചെയ്യാന്‍ സഹായിക്കും. എനിക്ക് സ്‌കോര്‍കാര്‍ഡ് നോക്കാം, പക്ഷേ സ്‌കോര്‍കാര്‍ഡ് നോക്കാതെ തന്നെ അവലോകനം ചെയ്യാന്‍ കഴിയുന്ന എനിക്ക് തോന്നുന്ന ഒരു പ്രത്യേക രീതിയിലാണ് ഞാന്‍ എഴുതുന്നത്’ എന്നാണ് ദ്രാവിഡ് പറയുന്നത്.

എഴുതുന്നത് സങ്കീര്‍ണ്ണമായ കാര്യങ്ങളോ റോക്കറ്റ് സയന്‍സോ ഒന്നുമല്ല. വിരസവും മണ്ടത്തരവുമായ കാര്യങ്ങളാണിതെന്നും ദ്രാവിഡ് പറഞ്ഞു. കളിയുടെ ഏതെങ്കിലും ഒരു ഓവറിലെ പ്രത്യേക ഘട്ടത്തിലോ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ഈ രീതി സഹായിക്കും എന്നും ദ്രാവിഡ് പറഞ്ഞു.

ചൊവ്വാഴ്ച നടന്ന മത്സരം രാജസ്ഥാന്റെ അവസാന മത്സരമായിരുന്നു. ആറു വിക്കറ്റിനാണ് അവര്‍ ചെന്നൈയെ വീഴ്ത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 187 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ 17 പന്തും ആറു വിക്കറ്റും ബാക്കിയാക്കി രാജസ്ഥാന്‍ വിജയത്തിലെത്തി.

സീസണിലെ അവസാന മത്സരത്തിലെ വിജയത്തോടെ, രാജസ്ഥാന്‍ തല്‍ക്കാലം ഒന്‍പതാം സ്ഥാനത്തു തന്നെ തുടരുന്നു. ഇനിയും ഒരു മത്സരം കൂടി ശേഷിക്കുന്ന ചെന്നൈയ്ക്ക്, അവസാന മത്സരം ജയിച്ചാല്‍ എട്ടു പോയിന്റുമായി രാജസ്ഥാന് ഒപ്പമെത്താം. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ പിന്നിലാകുന്നവര്‍ അവസാന സ്ഥാനത്താകും.

അടുത്ത സീസണില്‍ രാജസ്ഥാന് പ്രതീക്ഷ നല്‍കുന്ന പ്രകടനത്തോടെയാണ് ഈ സീസണിലെ അവസാന മത്സരം അവസാനിച്ചത്. അര്‍ധസെഞ്ചറി നേടിയ കൗമാര താരം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. വൈഭവ് 33 പന്തില്‍ നാലു വീതം സിക്‌സും ഫോറും സഹിതം 57 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 31 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 41 റണ്‍സെടുത്തു.

ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (19 പന്തില്‍ 36), അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ധ്രുവ് ജുറേല്‍ (12 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം പുറത്താകാതെ 31), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (അഞ്ച് പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം പുറത്താകാതെ 12) എന്നിവരും തിളങ്ങി. നിരാശപ്പെടുത്തിയത് നാലു പന്തില്‍ മൂന്നു റണ്‍സുമായി പുറത്തായ റിയാന്‍ പരാഗ് മാത്രം. ചെന്നൈയ്ക്കായി അശ്വിന്‍ രണ്ടും അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ്, നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 187 റണ്‍സെടുത്തത്. 20 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത യുവ ഓപ്പണര്‍ ആയുഷ് മാത്രെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഡിവാള്‍ഡ് ബ്രെവിസ് 25 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 42 റണ്‍സെടുത്ത് പുറത്തായി. ശിവം ദുബെ 32 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍, മഹേന്ദ്രസിങ് ധോണി 17 പന്തില്‍ ഒരു സിക്‌സ് സഹിതം 16 റണ്‍സെടുത്തും പുറത്തായി.

ഡിവോണ്‍ കോണ്‍വേ (എട്ടു പന്തില്‍ 10), ഉര്‍വില്‍ പട്ടേല്‍ (0), രവിചന്ദ്രന്‍ അശ്വിന്‍ (എട്ടു പന്തില്‍ 13), രവീന്ദ്ര ജഡേജ (അഞ്ച് പന്തില്‍ ഒന്ന്), അന്‍ഷുല്‍ കംബോജ് (മൂന്നു പന്തില്‍ പുറത്താകാതെ അഞ്ച്), നൂര്‍ അഹമ്മദ് (ഒരു പന്തില്‍ രണ്ടു റണ്‍സ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. രാജസ്ഥാനായി ആകാശ് മധ്വാള്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയു യുധ്വീര്‍ സിങ് നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. തുഷാര്‍ ദേശ്പാണ്ഡെ, വാനിന്ദു ഹസരംഗ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

 

Back to top button
error: