Breaking NewsCrimeIndiaLead NewsNEWSWorld

വിശുദ്ധ യോദ്ധാവായി മാറിയ സൈനിക ജനറല്‍: അസിം മുനീറിന്റെ നേതൃത്വത്തില്‍ പാകിസ്താനിലെ തീവ്രവാദം അപകടകരമായ പരിണാമത്തില്‍; നടക്കുന്നത് മൂന്നാം തലമുറ ജിഹാദ്; രാജ്യ നയത്തിന്റെ ഭാഗം; സൈനികരുടെ മതപരമായ ബാധ്യതയാക്കി യുദ്ധത്തെ മാറ്റിയെന്നും ഇന്റലിജന്‍സ്

ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) യുടെ ഒരു ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) പോലുള്ള ഗ്രൂപ്പുകള്‍ പുനരുജ്ജീവിപ്പിച്ചത് മുനീറിന്റെ കാലഘട്ടത്തിലാണ്. അവര്‍ക്ക് ഡ്രോണുകള്‍, നിഗൂഢമായ ആശയവിനിമയ സംവിധാനം, സുരക്ഷിത താവളങ്ങള്‍ എന്നിവ നല്‍കിയിട്ടുണ്ട്

ഇസ്ലാമാബാദ്: പാകിസ്താനിലെ ജിഹാദിന്റെ അപകടകരമായ പരിണാമത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കി ഉയര്‍ന്ന ഇന്റലിജന്‍സ് വൃത്തങ്ങള്‍. പഹല്‍ഗാം ആക്രമണത്തിനുമുമ്പ് പാകിസ്താന്‍ ജനറലും ഇപ്പോള്‍ ഫീല്‍ഡ് മാര്‍ഷലുമായി നിയമിക്കപ്പെട്ട അസിം മുനീര്‍ നടത്തിയ പ്രസംഗം കൂട്ടക്കൊലയ്ക്കുള്ള പരസ്യമായ ആഹ്വാനമായിരുന്നു. പ്രസംഗം നടത്തി 96 മണിക്കൂറിനുള്ളില്‍ 26 ഹിന്ദുക്കളെയാണ് തീവ്രവാദികള്‍ വെടിവച്ചുകൊന്നത്. യുദ്ധത്തിനായി ഇസ്ലാമിക വിശ്വാസത്തെ ചൂഷണം ചെയ്യുന്ന, വിശുദ്ധ യോദ്ധാവായി മാറിയ സൈനിക മേധാവിയെ നേരിടുന്നത് ഇന്ത്യയെ സംബന്ധിച്ചു വെല്ലുവിളി നിറഞ്ഞതാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഭരണകൂടത്തിന്റെ അധികാരമുപയോഗിച്ചു ഖുറാനെ ആയുധമാക്കി മൂന്നാംതലമുറ ജിഹാദാണു അസിം മുനീര്‍ നയിക്കുന്നത്. ഒരു രാജ്യത്തിന്റെയാകെ പിന്തുണയോടെ, കശ്മീരിനെ മോചിപ്പിക്കുകയെന്ന നീക്കമാണു നടത്തുന്നത്. ഇതേ ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഹാഫിസ് സയീദിന്റെയും മൗലാന മസൂദ് അസ്ഹറിന്റെയും നീക്കങ്ങളുമായി ചേര്‍ന്നു പോകുന്നു. സയീദിനും അസ്ഹറിനും സൈനിക സംഘാടനത്തിന്റെ കരുത്തില്ല. എന്നാല്‍, അധികാരം, മതപരമായ അധികാരം, തീവ്രവാദ പ്രത്യയശാസ്ത്രം എന്നിവ സംയോജിപ്പിച്ചാണു മുനീറിന്റെ നീക്കങ്ങള്‍. സൈന്യത്തെയും മതത്തെയും കൂട്ടിയിണക്കി ജിഹാദിനെ സ്‌റ്റേറ്റ് പോളിസിയുടെ ഭാഗമാക്കുന്നതില്‍ മുനീര്‍ വിജയിച്ചു.

Signature-ad

 

പാകിസ്താന്‍ സൈന്യത്തിന്റെ പരിശീലനത്തില്‍ മുനീര്‍ തീവ്ര മത പുരോഹിതന്മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കശ്മീരിനായുള്ള ജിഹാദ് ഒരു ദൈവിക കടമയാണെന്ന് സൈനികരെ ബോധ്യപ്പെടുത്തുന്നു. ഇതുവരെ ഭരണകൂടത്തിന്റെ പിന്തുണയോടെ നടത്തിയിരുന്ന ഭീകരവാദത്തില്‍നിന്ന് സൈനികര്‍ക്കും തീവ്രവാദികള്‍ക്കുമുള്ള മതപരമായ ബാധ്യതയാക്കി ജിഹാദിനെ മാറ്റുകയാണ് മുനീര്‍ ചെയ്യുന്നതെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മുനീര്‍ പതിവായി ഖുര്‍ആന്‍ വാക്യങ്ങള്‍ വായിക്കുകയും മീറ്റിംഗുകളില്‍ തന്റെ വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ‘അടിച്ചമര്‍ത്തുന്നവരെ’ നേരിടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. ഇന്ത്യന്‍ സൈന്യത്തെയും സര്‍ക്കാരിനെയും പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് എല്ലാ പ്രസംഗങ്ങളും അവസാനിക്കുന്നത്. സയീദിന്റെയും അസ്ഹറിന്റെയും തീവ്രസ്വഭാവമുള്ള വാക്കുകള്‍ക്കു സമാനമായി അല്ലാഹുവിനുവേണ്ടിയുള്ള പോരാട്ടത്തെ ഒരു ദൈവിക കടമയായി രൂപപ്പെടുത്തുന്നു. രാഷ്ട്രതന്ത്രത്തിന്റെ ഭാഗമാക്കി ജിഹാദിസത്തെ മാറ്റുകയെന്ന ലക്ഷ്യവും മുനീറിന്റെ പ്രസംഗത്തിനുണ്ട്.

ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) യുടെ ഒരു ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) പോലുള്ള ഗ്രൂപ്പുകള്‍ പുനരുജ്ജീവിപ്പിച്ചത് മുനീറിന്റെ കാലഘട്ടത്തിലാണ്. അവര്‍ക്ക് ഡ്രോണുകള്‍, നിഗൂഢമായ ആശയവിനിമയ സംവിധാനം, സുരക്ഷിത താവളങ്ങള്‍ എന്നിവ നല്‍കിയിട്ടുണ്ട്. ഐഎസ്‌ഐ ഉള്‍പ്പെടെയുള്ള പാകിസ്താന്റെ സൈനിക-രഹസ്യാന്വേഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച്, പഹല്‍ഗാം കൂട്ടക്കൊല പോലുള്ള ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ മുനീര്‍ നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ആക്രമണങ്ങള്‍ക്കു പിന്നാലെ കുറ്റവാളികളെ സംരക്ഷിക്കാന്‍ നയതന്ത്രപരമായ മറയും തെറ്റായ പ്രചാരണങ്ങളും അഴിച്ചുവിടുന്നു.

തീവ്രവാദ ആവശ്യങ്ങള്‍ക്കായി മുനീര്‍ നടത്തുന്ന പ്രവര്‍ത്തനം തുറന്നുകാട്ടുക മാത്രമാണ് ഇതിനെ നേരിടാനുള്ള മാര്‍ഗമെന്നും ഖുറാനിലൂടെ തീവ്രവാദത്തെ ഒളിച്ചുകടത്താനുള്ള കഴിവ് പ്രധാന ഭീഷണിയാണെന്നും ഇന്റലിജന്‍സ് വിലയിരുത്തുന്നു. ഒരു രാജ്യത്തിന്റെ നയമായി ജിഹാദിനെ മാറ്റാന്‍ മുനീറിനു കഴിയുന്നു. പാകിസ്താനിലെ ഈ പരിണാമം ഇന്ത്യക്കു ഭാവിയില്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതായിരിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു.

Back to top button
error: