
ബംഗളുരു: ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചാല്‍ വിരാട് കോലിയെ പിന്നെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒന്നിലും കാണില്ലെന്ന് അടുത്ത സുഹൃത്തും മുന്‍ കോച്ചുമായ രവി ശാസ്ത്രി. കോലി അവസാനിപ്പിച്ചാല്‍ അത് അങ്ങനെ തന്നെയാണെന്നും കമന്റേറ്ററായോ, കോച്ചായോ കോലിയെ ആരും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍സിബി ഫാന്‍സുമായി മുന്‍പ് നടത്തിയ കൂടിക്കാഴ്ചയിലും കോലി ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു. ‘ഒരിക്കല്‍ അവസാനിപ്പിച്ചാല്‍, ഞാന്‍ പോകും. പിന്നെ നിങ്ങള്‍ക്ക് കാണാന്‍ കിട്ടിയെന്ന് വരില്ല’- കോലിയുടെ മറുപടി കേട്ട് അന്ന് ഫാന്‍സ് ഞെട്ടിയിരുന്നു.

ഇത് സംഭവിക്കാന്‍ സാധ്യതയേറെയാണെന്ന സൂചനകളാണ് രവി ശാസ്ത്രിയും നല്‍കുന്നത്. ‘നിലവില്‍ ഏകദിനത്തില്‍ കോലി കളിക്കുന്നുണ്ട്. പക്ഷേ അതും കോലി മതിയാക്കിയാല്‍ മഷിയിട്ട് നോക്കിയാലും പിന്നെ കാണില്ല. കോച്ചായും കമന്റേറ്ററായും ഒന്നും. ഇംഗ്ലണ്ടില്‍ ഇന്ത്യ ടെസ്റ്റ് മല്‍സരത്തിനിറങ്ങുമ്പോള്‍ കോലിയില്ലാത്തതിന്റെ സങ്കടം എനിക്കുണ്ടാകും. കോലി ഒരു ചാംപ്യനായിരുന്നു. അതില്‍ നിന്ന് ഒരിഞ്ചുപോലും മാറാതെ അങ്ങനെ തന്നെ ഓര്‍ക്കാനാണ് എനിക്കിഷ്ടം’- രവി ശാസ്ത്രി സ്‌പോര്‍ട്‌സ് സ്റ്റാറിനോട് പറഞ്ഞു. 2027 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പാണ് കോലിയുടെ ലക്ഷ്യം.
രണ്ട് വര്‍ഷം കൂടി കോലിക്ക് ടെസ്റ്റില്‍ തുടരാമായിരുന്നുവെന്ന അഭിപ്രായവും രവി ശാസ്ത്രി ആവര്‍ത്തിച്ചു. പരിചയ സമ്പന്നനായ കോലി, ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ ഗുണം ചെയ്‌തേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോലിയെ ക്യാപ്റ്റനാക്കുന്നത് നന്നായിരുന്നുവെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും എന്നാല്‍ കോലി നിലവില്‍ കൈക്കൊണ്ട തീരുമാനത്തെ താന്‍ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടീമിലെ ഏതൊരാളെ പോലെയും കോലി ശാരീരികക്ഷമതയുള്ള താരമാണ്. കോലിക്കും അക്കാര്യത്തില്‍ ബോധ്യമുണ്ട്. എന്നാല്‍ മാനസികമായ സമ്മര്‍ദം കോലിക്കുണ്ടാകാമെന്നും രവി ശാസ്ത്രി വിലയിരുത്തുന്നു.
കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ക്രിക്കറ്റര്‍ തന്നെ സംബന്ധിച്ച് വിരാട് കോലി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങും കോലിക്ക് ആരാധകരുണ്ട്. ടെസ്റ്റ് മല്‍സരങ്ങള്‍ കാണാത്തവര്‍ പോലും കോലി കളിക്കുന്നത് കാണാന്‍ ഇരുന്നു. കോലിയെ പുറത്താക്കാന്‍ മറ്റു ടീമുകള്‍ മല്‍സരിച്ചുവെന്നത് തന്നെ കോലിയുടെ മികവിന് തെളിവാണ്. ഓരോ വിക്കറ്റ് വീഴുമ്പോളുമുള്ള കോലി ആഘോഷങ്ങളും സഹതാരത്തിന്റെ നേട്ടങ്ങളിലെ സന്തോഷവും ടീമിന് ഇനി മുതല്‍ മിസ് ചെയ്യും’- രവി ശാസ്ത്രി തുറന്ന് പറയുന്നു.