
ബംഗളുരു: പരിക്കും ടീമിലെ പടലപ്പിണക്കങ്ങളുംം കാരണം രാജസ്ഥാനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെപോയ സഞ്ജു സാംസണു മുന്നറിയിപ്പുമായി മുന്‍ ക്രിക്കറ്റ് താരവും മുഖ്യ സെലക്ടറുമായിരുന്ന കെ. ശ്രീകാന്ത്. ഇന്ത്യന്‍ ടി20 ടീമില്‍ അവസരം പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ചീക്കി ചീക്കായെന്ന സ്വന്തം യൂട്യൂബ് ചാനലിലാണ് ശ്രീകാന്തിന്റെ പ്രതികരണം.
ഈ സീസണില്‍ എട്ടു മല്‍സരങ്ങളാണു സഞ്ജു കളിച്ചത്. പരിക്കു കാരണം അഞ്ചു മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടിവന്നു. 141.86 സ്ട്രൈക്ക് റേറ്റില്‍ 244 റണ്‍സാണ് നേടാനായത്. ഒരു 50 മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള ആദ്യ മല്‍സരത്തില്‍ നേടിയ 66 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണ്‍ ഇനി അവസരം പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും തമ്മിലുള്ള അവസാന മല്‍സരത്തെക്കുറിച്ച് മകനും മുന്‍ ക്രിക്കറ്ററുമയ അനിരുദ്ധയുമായി നടത്തിയ വിശകലനത്തില്‍ അദ്ദേഹം പറയുന്നു.
ഇംഗ്ലണ്ടുമായുള്ള അവസാന ടി20 പരമ്പരയില്‍ രണ്ടു സെഞ്ച്വറിയോടെ തിളങ്ങിയ അഭിഷേക് ശര്‍മ ഇന്ത്യന്‍ ടീമില്‍ തുടരുമെന്നു ചൂണ്ടിക്കാട്ടിയ ശ്രീകാന്ത് പക്ഷെ സഞ്ജുവിന് അവസരമുണ്ടാകില്ലെന്നു പറയുന്നു. അടുത്ത പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നു അനിരുദ്ധ ചൂണ്ടിക്കാട്ടിയപ്പോള്‍ യോജിക്കാന്‍ ശ്രീകാന്ത് തയാറായില്ല.

സഞ്ജു സാംസണ്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍നിന്ന് പൂര്‍ണമായി പുറത്തായിക്കഴിഞ്ഞു. നിലവില്‍ ഓപ്പണിംഗ് റോളിലേക്കു കടുത്ത മത്സരമാണു നടക്കുന്നത്. യശസ്വി ജയ്സ്വാള്‍ ഓപ്പണറായി ടീമിലുണ്ടാവും. സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ തുടങ്ങിയവരെല്ലാം രംഗത്തുണ്ട്. ഈ ഐപിഎല്ലില്‍ ഇവരെല്ലാം വലിയ റണ്‍വേട്ടയാണ് നടത്തുന്നതെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
റോയല്‍സിന്റെ കൗമാര ബാറ്റിംഗ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ഇന്ത്യ എത്രയും വേഗത്തില്‍ വളര്‍ത്തിയെടുക്കേണ്ട താരമാണ് വൈഭവ് സൂര്യവംശി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിസയുടെ ടി20 ലോകകപ്പില്‍ റിസര്‍വ് കളിക്കാരുടെ ലിസ്റ്റില്‍ വൈഭവിനെ ഉള്‍പ്പെടുത്തുമെന്നും ശ്രീകാന്ത് പറഞ്ഞു.
ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥിരം സാന്നിധ്യമായി സഞ്ജു സാംസണ്‍ മാറിയിരുന്നു. മുഖ്യ കോച്ചായി ഗൗതം ഗംഭീര്‍ എത്തിയതിനു ശേഷം അദ്ദേഹത്തിനു തുടരെ അവസരങ്ങളും ലഭിച്ചു. അവസാനമായി ഇന്ത്യ കളിച്ച മൂന്നു ടി20 പരമ്പരകളിലും ഓപ്പണറും ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറുമായിരുന്നു സഞ്ജു.
ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പരമ്പരകളിലെല്ലാം സഞ്ജുവും അഭിഷേക് ശര്‍മയുമായിരുന്നു ടീമിന്റെ ഫസ്റ്റ് ചോയ്സ് ഓപ്പണര്‍മാര്‍. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിരുമായുള്ള പരമ്പരകളിലായി മൂന്നു സെഞ്ച്വറികളോടെ സഞ്ജു കസറുകയും ചെയ്തു. പക്ഷെ ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയില്‍ ബാറ്റിംഗ് മോശമായി. ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര. ശുഭ്മന്‍ ഗില്ലും യശസ്വി ജയ്സ്വാളും ടീമിലേക്കു തിരിച്ചെത്തും. ഐപിഎല്ലില്‍ 500 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞ കെഎല്‍ രാഹുല്‍ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയേക്കുകയും ചെയ്യും.