ഇന്ത്യയുമായുള്ള സംഘര്‍ഷം പണം വഴിമാറ്റാന്‍ ഇടയാക്കും; അടുത്ത ഗഡു സഹായം കിട്ടാന്‍ പാകിസ്താന് 11 നിബന്ധനകള്‍ ഏര്‍പ്പെടുത്തി ഐഎംഎഫ്; ഇറക്കുമതി, നികുതി നയങ്ങളിലും ഊര്‍ജന നയത്തിലും അടിമുടി മാറ്റം വരുത്തേണ്ടിവരും; ആകെ നിയന്ത്രണം 50 ആയി

ഇസ്ലാമാബാദ്: അടുത്ത ഘട്ടം ധനസഹായം പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാന്‍ കടുത്ത നിബന്ധനകള്‍ പുറപ്പെടുവിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അടുത്ത ഗഡു അനുവദിക്കുന്നതില്‍ 11 പുതിയ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയത്. ഇന്ത്യയുമായുള്ള സംഘര്‍ഷം പദ്ധതിയുടെ സാമ്പത്തികവും പരിഷ്‌കരണപരവുമായ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായേക്കാമെന്നതു മുന്നില്‍കണ്ടാണു നിബന്ധന. 17.6 ട്രില്യണ്‍ രൂപയുടെ പുതിയ ബജറ്റിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുക, വൈദ്യുതി ബില്ലുകള്‍ക്കുള്ള ഡെബ്റ്റ് സര്‍വീസിംഗ് സര്‍ചാര്‍ജ് വര്‍ധിപ്പിക്കുക, മൂന്നുവര്‍ഷത്തിലധികം പഴക്കമുള്ള കാറുകള്‍ക്കുളള ഇറക്കുമതി നിയന്ത്രണം നീക്കുക തുടങ്ങിവ പുതിയ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടും.
‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍, നിലനില്‍ക്കുകയോ കൂടുതല്‍ വഷളാകുകയോ ചെയ്താല്‍ പദ്ധതിയുടെ സാമ്പത്തിക, പരിഷ്‌കരണ ലക്ഷ്യങ്ങളില്‍നിന്നു വ്യതിചലിക്കാന്‍ സാധ്യതയുണ്ടെ’ന്ന് ഐഎംഎഫ് ശനിയാഴ്ച പുറത്തിറക്കിയ സ്റ്റാഫ് ലെവല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും പാകിസ്താനുമായുള്ള സംഘര്‍ഷം രണ്ടാഴ്ചയായി വര്‍ധിച്ചെങ്കിലും വിപണിയുടെ പ്രതികരണം മിതമായ രീതിയിലായിരുന്നു. ഓഹരി വിപണി സമീപകാല നേട്ടങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് ഐഎംഎഫ് വിലയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പാകിസ്താന്റെ പ്രതിരോധ ബജറ്റ് 2.414 ട്രില്യണ്‍ രൂപയായിരിക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് കണക്കാക്കിയിരുന്നു. ഇതു നിലവിലുള്ളതിനേക്കാള്‍ 252 ബില്യണ്‍ രൂപ അഥവാ 12% കൂടുതലാണ്. എന്നാല്‍, 2.5 ട്രില്യണ്‍ പ്രതിരോധത്തിനു വകയിരുത്തുമെന്നും 18 ശതമാനം വര്‍ധനയാണിതെന്നും ചൂണ്ടിക്കാട്ടുന്നു.

പതിനൊന്നു നിബന്ധനകള്‍ കൂടി ഏര്‍പ്പെടുത്തുന്നതോടെ ആകെ നിബന്ധനകളുടെ എണ്ണം 50 ആയി മാറും. 2026ലെ ബജറ്റിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്ന വിധത്തില്‍ 2025 ജൂണ്‍വരെയുള്ള പദ്ധതി ലക്ഷ്യങ്ങള്‍ ഐഎംഎഫ് നിര്‍ദേശം അനുസരിച്ചു പൂര്‍ത്തിയാക്കണം. വികസന ചെലവുകള്‍ക്കുള്ള 1.07 ട്രില്യണ്‍ ഉള്‍പ്പെടെ ബജറ്റിന്റെ ആകെ വലുപ്പം 17.6 ട്രില്യണ്‍ രൂപയാക്കണം.
പുതിയ നിബന്ധനകള്‍ പാകിസ്താനിലെ പ്രവിശ്യകള്‍ക്കും ബാധകമാണ്. റിട്ടേണുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പുതിയ പ്ലാറ്റ്‌ഫോം, നികുതിദായകരുടെ തിരിച്ചറിയല്‍, രജിസ്‌ട്രേഷന്‍, ആശയവിനിമയ കാംപെയ്ന്‍ എന്നിവയുള്‍പ്പെടെ നാലു സംസ്ഥാനങ്ങളും പുതിയ കാര്‍ഷിക വരുമാന നികുതി പദ്ധതി നടപ്പാക്കണമെന്നും ഐഎംഎഫ് നിര്‍ദേശിക്കുന്നു. ജൂണ്‍ അവസാനത്തോടെ ഇതു പൂര്‍ത്തിയാക്കണം.
ഭരണപരമായ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാന്‍ ഐഎംഎഫിന്റെ നിര്‍ദേശം അനുസരിച്ചു ഭരണനിര്‍വഹണ പദ്ധതി തയാറാക്കുക, 2027നു ശേഷമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക നിലയും 2028 മുതല്‍ സ്ഥാപനപരവും നിയന്ത്രണപരവുമായ പരിതസ്ഥിതി എന്നിവ വിവരിക്കുന്ന പദ്ധതി തയാറാക്കല്‍, ചെലവിന് അനുസരിച്ച് ഊര്‍ജോത്പാദനത്തിന്റെ ചെലവു വീണ്ടെടുക്കാന്‍ ജൂലൈ ഒന്നിനു മുമ്പ് താരിഫ് പുനക്രമീകരിച്ചു വിജ്ഞാപനം ഇറക്കുക, 2026 ഫെബ്രുവരി 15ന് ചെലവു വീണ്ടെടുക്കാവുന്ന തരത്തില്‍ പാചകവാതക താരിഫുകള്‍ ക്രമീകരിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുക, ഊര്‍ജന മേഖലയില്‍ പുതിയ നിയമ നിര്‍മാണം, സത്യസന്ധമായി വൈദ്യുതി ചാര്‍ജ് നല്‍കുന്നവരെ ശിക്ഷിക്കുന്നതിനു തുല്യമായ 3.21 രൂപ സര്‍ചാര്‍ജ് പിന്‍വലിക്കുന്നതിനുള്ള നിയമം പാസാക്കുക എന്നീ നിര്‍ദേശങ്ങളുമുണ്ട്.
സര്‍ക്കാരിന്റെ മോശം ഭരണത്തിനൊപ്പം തെറ്റായ ഊര്‍ജ നയങ്ങളാണു പാകിസ്താന്റെ കടം കുമിഞ്ഞു കൂടാന്‍ കാരണമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. 2035 ഓടെ പ്രത്യേക സാങ്കേതിക മേഖലകളുമായും മറ്റ് വ്യാവസായിക പാര്‍ക്കുകളുമായും മേഖലകളുമായും ബന്ധപ്പെട്ട എല്ലാ പ്രോത്സാഹനങ്ങളും പൂര്‍ണമായും നിര്‍ത്തലാക്കുന്നതിനു പദ്ധതി തയാറാക്കണം.
ഉപഭോക്തൃ സൗഹൃദ സാഹചര്യത്തില്‍, ഉപയോഗിച്ച മോട്ടോര്‍ വാഹനങ്ങളുടെ വാണിജ്യ ഇറക്കുമതിയിലെ എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതിന് ആവശ്യമായ എല്ലാ നിയമനിര്‍മ്മാണങ്ങളും പാര്‍ലമെന്റില്‍ സമര്‍പ്പിക്കാന്‍ ഐഎംഎഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. നിലവില്‍, മൂന്ന് വര്‍ഷം വരെ പഴക്കമുള്ള കാറുകള്‍ മാത്രമേ ഇറക്കുമതി ചെയ്യാന്‍ കഴിയൂ.