Breaking NewsIndiaLead NewsLIFENEWSNewsthen SpecialWorld

ഡമ്മി വിമാനങ്ങള്‍, ഡ്രോണുകള്‍: പാക് റഡാറുകളെ കബളിപ്പിച്ച ഇന്ത്യന്‍ തന്ത്രം; റഫാലിനും സ്‌കാള്‍പ് മിസൈലുകള്‍ക്കും പിന്നാലെ ഇന്ത്യയുടെ ബ്രഹ്‌മാസ്ത്രം; 12 വ്യോമ താവളങ്ങളില്‍ പതിനൊന്നിലും വന്‍ നാശമുണ്ടാക്കിയത് 15 ബ്രഹ്‌മോസ് മിസൈലുകള്‍

ന്യൂഡല്‍ഹി: രണ്ട് ആണവ ശക്തികള്‍ക്കിടയിലെ ആകാശപ്പോര് പാശ്ചാത്യ ലോകത്തെ സംബന്ധിച്ചിടത്തോളം സൂഷ്മ നിരീക്ഷണത്തിനു വിധേയമായിരുന്നു. ഇന്ത്യയും പാകിസ്താനും ഉപയോഗിക്കുന്ന ആയുധങ്ങള്‍ പാശ്ചാത്യ ലോകത്തിന്റെ പരമ്പരാഗത എതിരാളികള്‍ നിര്‍മിച്ചവയായിരുന്നു എന്നതാണ് അതിന്റെ കാരണം. ഇന്ത്യ റഷ്യയുടെയും ഫ്രാന്‍സിന്റെയും പോര്‍വിമാനങ്ങളും വ്യോമ പ്രതിരോധങ്ങള്‍ ഉപയോഗിച്ചപ്പോള്‍ പാകിസ്താന്‍ ചൈനയുടെയും തുര്‍ക്കിയുടെയും ഉപകരണങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു.

പഹല്‍ഗാം ആക്രമണത്തിനു പ്രതികാരമെന്ന നിലയില്‍ ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിച്ചു. മേയ് ഏഴിന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ പല കാര്യങ്ങകൊണ്ട് യുദ്ധ വിദഗ്ധരെ അമ്പരപ്പിച്ചു. മുരിദക്, ബഹവല്‍പൂര്‍ എന്നിവിടങ്ങളില്‍ മാരക പ്രഹരമേല്‍പ്പിച്ചു. നൂറു കണക്കിനു ഭീകരരെയും ആക്രമിച്ചു. മറുപടിയെന്നോണം ഇന്ത്യന്‍ ജനതയ്ക്കും സൈനിക താവളങ്ങള്‍ക്കും നേരെ ഡ്രോണുകളുടെയും മിസൈലുകളുടെയും ഒരുകൂട്ടം ആക്രമണം തിരിച്ചുമുണ്ടായി. ഇവയെല്ലാം ഇന്ത്യ തന്ത്രപരമായി താഴെവീഴ്ത്തി.

Signature-ad

പാകിസ്താന്റെ എല്ലാ ശ്രമങ്ങളെയും ഇന്ത്യയുടെ വ്യോമ പ്രതിരോധ മാര്‍ഗം പരാജയപ്പെടുത്തി. ഇന്ത്യയുടെ പ്രത്യാക്രമണത്തെ രണ്ട് ആണവ എതിരാളികള്‍ക്കിടയിലെ ഏറ്റവും തന്ത്രപരവും ധീരവുമായ നടപടിയെന്നാണു പാശ്ചാത്യ വിദഗ്ധര്‍ വിശേഷിപ്പിച്ചത്. ഓപ്പറേഷനുകളില്‍ പങ്കെടുത്ത ഒന്നിലധികം ഉദ്യോഗസ്ഥരുമായി സംസാരിച്ചതില്‍നിന്ന് ഇന്ത്യ ഡമ്മി എയര്‍ക്രാഫ്റ്റുകളും ഡ്രോണുകളുമടക്കം ഉപയോഗിച്ചു പാകിസ്താന്‍ എയര്‍ ഡിഫന്‍സ് സംവിധാനത്തെ തന്ത്രപരമായി കബളിപ്പിച്ചെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

മേയ് ഒമ്പതിനും പത്തിനുമിടയിലുള്ള രാത്രികളില്‍ ഇന്ത്യന്‍ വ്യോമസേന മറ്റു സേനകളുടെ സജീവ പിന്തുണയോടെ പാകിസ്താന്റെ 12 വ്യോമ താവളങ്ങളില്‍ 11 എണ്ണവും ആക്രമിച്ചു. ചൈനീസ് പിന്തുണയുള്ള പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കുന്നതില്‍ ആക്രമണം വിജയിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഠ കബളിപ്പിക്കാന്‍ ഡമ്മി വിമാനങ്ങള്‍

റാഫാല്‍ യുദ്ധ വിമാനങ്ങളില്‍ ഘടിപ്പിച്ച സ്‌കാള്‍പ്പ് മിസൈലുകള്‍ക്കൊപ്പം പാകിസ്താനു പരമാവധി നാശമുണ്ടാക്കിയത് ഡമ്മി വിമാനങ്ങളുടെ പ്രയോഗമാണ്. ഒപ്പം വ്യോമ താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് വിമാനങ്ങളും തൊടുത്തു. കുറഞ്ഞത് 15 ബ്രഹ്‌മോസ് മിസൈലുകളാണ് ഉപയോഗിച്ചത്. ഇന്ത്യന്‍ വിമാനങ്ങളെ ലക്ഷ്യമിട്ട് പ്രതിരോധം ഒരുക്കാതിരിക്കാനാണ് ആദ്യംതന്നെ വ്യോമ താവളങ്ങള്‍ ആക്രമിച്ചത്. ഇത് പാകിസ്താന്റെ എയര്‍ ഡിഫന്‍സ് സംവിധാനത്തെ തളര്‍ത്തി.

എതിരാളികളുടെ റഡാറുകളെ കബളിപ്പിക്കാന്‍ വ്യോമ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആളില്ലാ വിമാനങ്ങളും ഫൈറ്റര്‍ ജെറ്റുപോലെ തോന്നിക്കുന്ന ഡ്രോണുകളും അയച്ചു. ഇതിനു പിന്നാലെയാണ് ബ്രഹ്‌മോസ് മിസൈലുകളും റഫാല്‍ വിമാനങ്ങളും പണി തുടങ്ങിയത്.

ഠ വ്യോമ പ്രതിരോധ റഡാറുകള്‍, കമാന്‍ഡുകള്‍

പാക് റഡാറുകള്‍ ഡമ്മി വിമാനങ്ങള്‍കണ്ടു റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കിയ സമയം മുതലെടുത്ത് ഇസ്രായേല്‍ നിര്‍മിത ഹാരോപ്‌സ് ഉള്‍പ്പെടെയുള്ള മിസൈലുകളും പ്രയോഗിച്ചു. ശത്രുവിന്റെ വ്യോമ പ്രതിരോധ റഡാറുകളെയും കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റങ്ങളെയും നശിപ്പിച്ചു. പാകിസ്ഥാന്‍ വ്യോമസേന തങ്ങളുടെ മുഴുവന്‍ എച്ച്ക്യു -9 വ്യോമ പ്രതിരോധ മിസൈല്‍ സിസ്റ്റം ലോഞ്ചറുകളും റഡാറുകളും വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യ അവ കണ്ടെത്തിയതിനാല്‍ പരാജയപ്പെട്ടു. പിന്നാലെ ഇവയ്ക്കു മുകളിലും ബ്രഹ്‌മോസ് മിസൈലുകളും പതിച്ചു.

ഠ ആദ്യമായി ബ്രഹ്‌മോസ് ഉപയോഗം

ഇതിനു പിന്നാലെ പാക് വ്യോമ താവളങ്ങള്‍ക്കുനേരെയും മിസൈല്‍ ആക്രമണങ്ങളുണ്ടായി. വ്യോമതാവളങ്ങള്‍ തകര്‍ക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേന ഏകദേശം 15 ബ്രഹ്‌മോസ് മിസൈലുകളും സ്‌കാള്‍പ്പ്, റാംപേജ്, ക്രിസ്റ്റല്‍ മെയ്‌സ് മിസൈലുകളും വിക്ഷേപിച്ചുവെന്ന് സോഴ്‌സുകള്‍ വ്യക്തമാക്കി. പാകിസ്താനെതിരായ വ്യോമാക്രമണങ്ങളുടെ ഉത്തരവാദിത്തം ഇന്ത്യന്‍ വ്യോമസേനയുടെ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിനും സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിനും നല്‍കി.

പാകിസ്ഥാന്റെ എല്ലാ വ്യോമാക്രമണങ്ങളെയും തടയാന്‍ റഷ്യന്‍ എസ്-400, എംആര്‍എസ്എഎം, ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്നു. ഒരു സജീവ സംഘട്ടനത്തില്‍ ഇന്ത്യന്‍ പ്രതിരോധ സേന സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്‌മോസ് ഉപയോഗിക്കുന്നത് ഇതാദ്യമാണ്. അവകാശപ്പെട്ടതിലധികം ശേഷിയില്‍ അതു കൃത്യമായി പ്രയോഗിക്കാനും കഴിഞ്ഞു. ബ്രഹ്‌മോസിനു വിവിധയടങ്ങളില്‍നിന്നു ലഭിക്കുന്ന ഓര്‍ഡറുകള്‍ ഇതിനു തെളിവാണ്.

Back to top button
error: