ഷീല സണ്ണിക്കെതിരായ മയക്കുമരുന്ന് കേസ്: മുഖ്യ ആസൂത്രക നിവിയയെ തിരികെ എയെത്തിക്കാന്‍ പോലീസ്; ദുബായിലുള്ള നിവിയയുമായി മൂന്നുവട്ടം സംസാരിച്ചു; മടങ്ങിയെത്തിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്; കീഴടങ്ങാന്‍ സന്നദ്ധയെന്നും സൂചന

തൃശൂര്‍: ബ്യൂട്ടി പാര്‍ലര്‍ സംരംഭക ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ മുഖ്യ ആസൂത്രകയും ഷീലയുടെ മകന്റെ ഭാര്യയുടെ അനുജത്തിയുമായ നിവിയയെ വിദേശത്തുനിന്ന് തിരികെയെത്തിക്കാന്‍ പോലീസ്. ദുബായിലുള്ള നിവിയയുമായി മൂന്നുവട്ടം ബന്ധപ്പെട്ടെന്നും കീഴടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചെന്നും പോലീസ് പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി തിരികെയെത്തിക്കാനാണു ശ്രമിക്കുന്നതെന്നും മറിച്ചായാല്‍ കടുത്ത നടപടികളിലേക്കു കടക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നിവിയയെ തിരികെയെത്തിക്കാന്‍ ഇന്റര്‍ പോളിന്റെ സഹായമടക്കം തേടുന്നതിലേക്കു കടക്കുന്നതിനു മുമ്പാണ് ഇവരുമായി നേരിട്ടു ബന്ധപ്പെട്ടത്.
സംഭവത്തില്‍ നിവിയയ്‌ക്കൊപ്പം ആസൂത്രകനായ നാരായണ ദാസിനെ ബംഗളുരുവില്‍നിന്നു സാഹസികമായി പിടികൂടിയിരുന്നു. ഷീലയോടുള്ള വിരോധമാണു ചതിക്കു പിന്നിലെന്നും നിവിയയാണു മുഖ്യ ആസൂത്രകയെന്നും നാരായണദാസ് പോലീസിനു മൊഴി നല്‍കിയെന്നാണു വിവരം. ഷീലയുടെ മകനടക്കമുള്ളവര്‍ക്കു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങളില്ല.

20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ലഹരിക്കേസില്‍നിന്ന് ഷീലാ സണ്ണിയെ രക്ഷിച്ചത് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റാണ്. കേസിന്റെ പല ഘട്ടങ്ങളിലും അവിശ്വസനീയമെന്നു തോന്നുംവിധം ഭാഗ്യം ഷീലാ സണ്ണിക്കു തുണയായി. അവരെ കുടുക്കാനായി യഥാര്‍ഥ എല്‍എസ്ഡി സ്റ്റാമ്പുതന്നെ വാങ്ങാനാണ് മരുമകളുടെ സഹോദരി ലിവിയയും സുഹൃത്ത് നാരായണ ദാസും തീരുമാനിച്ചിരുന്നത്.
ബെംഗളൂരുവിലുള്ള ആഫ്രിക്കക്കാരനില്‍നിന്ന് പതിനായിരം രൂപ കൊടുത്ത് സ്റ്റാമ്പ് വാങ്ങിയത് ഷീലയ്ക്ക് ജയില്‍ശിക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍, മൂന്നു മാസത്തിനുശേഷം കാക്കനാട്ടെ അനലിറ്റിക്കല്‍ ലാബിലെ രാസപരിശോധനാഫലം നെഗറ്റീവായതോടെ ഷീല കേസില്‍നിന്ന് കുറ്റവിമുക്തയായി.
സത്യത്തില്‍ ഒറിജിനലെന്നുപറഞ്ഞ് ആഫ്രിക്കക്കാരന്‍ ലിവിയയെ പറ്റിക്കുകയായിരുന്നു. ലിവിയ വാങ്ങിയത് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് ആയിരുന്നുവെന്ന് മനസ്സിലായത് പരിശോധനാഫലം വന്നതിനുശേഷമാണെന്നാണ് പ്രതി നാരായണദാസ് പോലീസിനു മൊഴി നല്‍കിയത്. യഥാര്‍ഥ സ്റ്റാമ്പ് തന്നെയാണ് കൈമാറിയിരുന്നതെങ്കില്‍ ഷീലയുടെ നിരപരാധിത്വം തെളിയിക്കാന്‍ എളുപ്പമായിരുന്നില്ല. എല്‍എസ്ഡി സ്റ്റാമ്പ് ശരിയായി സൂക്ഷിച്ചില്ലെങ്കിലും പരിശോധനാഫലം നെഗറ്റീവായേക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. ആഫ്രിക്കക്കാരന്‍ പറ്റിച്ചതല്ലെങ്കില്‍ പ്രതികളുടെ അശ്രദ്ധയും അറിവില്ലായ്മയുമാകാം ഷീലയ്ക്കു തുണയായത്.
പ്രതികള്‍ക്ക് എല്‍എസ്ഡി സ്റ്റാമ്പ് ഒളിപ്പിക്കാന്‍ തോന്നിയതും ഷീലയുടെ ഭാഗ്യമായി വേണം കരുതാന്‍. മറ്റേതെങ്കിലും ലഹരിവസ്തുക്കളാണ് ഒളിപ്പിച്ചിരുന്നതെങ്കില്‍ പരിശോധനാഫലത്തില്‍ ഇത്തരത്തില്‍ മാറ്റംവരാനിടയില്ല. കുറ്റം ചെയ്തിട്ടില്ലെന്ന ഷീലയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാന്‍ ചില ഉന്നതോദ്യോഗസ്ഥര്‍ എക്‌സൈസ് വകുപ്പിലുണ്ടായതും അവര്‍ക്കു തുണയായി. ഷീലാ സണ്ണി റിമാന്‍ഡിലായി ഒരാഴ്ച പിന്നിട്ടശേഷമാണ് എക്‌സൈസ് അസി. കമ്മിഷണറായിരുന്ന ഡി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണോദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തത്. മൂന്നു ദിവസമാണ് ചോദ്യംചെയ്യല്‍ തുടര്‍ന്നത്. ഷീലയ്ക്കു മയക്കുമരുന്നുമായി നേരിട്ട് ബന്ധമില്ലെന്ന് ആദ്യദിവസംതന്നെ ബോധ്യമായിരുന്നതായി ഇപ്പോള്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഡി. ശ്രീകുമാര്‍ പറഞ്ഞു. ഇക്കാര്യം കേസ് ഡയറിയിലും രേഖപ്പെടുത്തി. എന്നാല്‍, ഇതിനു ബലം നല്‍കുന്ന തെളിവുകള്‍ അന്ന് ലഭിച്ചിരുന്നില്ല. രാസപരിശോധനാഫലം നെഗറ്റീവായതോടെ ഷീലയെ കുടുക്കിയവര്‍ക്കായുള്ള അന്വേഷണം എക്‌സൈസ് വകുപ്പ് ഊര്‍ജിതമാക്കി.