CrimeNEWS

കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; അസഭ്യവര്‍ഷം, പിന്നാലെ പുറത്തിറങ്ങി ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു

തൃശൂര്‍: സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത കേസില്‍ പ്രതിയെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം കളാംപറമ്പ് പുതിയ വീട്ടില്‍ സിദ്ധിക്ക് (28) ആണ് അറസ്റ്റിലായത്. ബസില്‍ വെച്ച് കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ പറഞ്ഞതായിരുന്നു പ്രകോപന കാരണം. യാത്രക്കാര്‍ക്ക് വലിയ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന സംഭവമായിരുന്നു ഇതെന്ന് പൊലീസ് വിശദീകരിക്കുന്നു

ഗുരുവായൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന പുവ്വത്തിങ്കള്‍ ബസിന്റെ ചില്ലാണ് സിദ്ധിക്ക് എറിഞ്ഞു തകര്‍ത്തത്. ബസിന്റെ കണ്ടക്ടടറായ തൃപ്രയാര്‍ സ്വദേശി ബൈജു, ഇയാളോട് ബസില്‍ വെച്ച് ടിക്കറ്റെടുക്കാന്‍ പറഞ്ഞു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവാവ് അതിലുള്ള വൈരാഗ്യത്തില്‍ ബസില്‍ വച്ച് അസഭ്യം പറഞ്ഞു. പിന്നീട് ഗണേശമംഗലം ബസ് സ്റ്റോപ്പിനടുത്തു വെച്ച് ബസില്‍ നിന്നിങ്ങിയ ശേഷം ഇഷ്ടിക കൊണ്ട് ബസിന്റെ ചില്ല് എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു.

Signature-ad

ചില്ല് ചിതറിത്തെറിച്ചും ഇഷ്ടിക കൊണ്ടും ബസിലെ യാത്രക്കാര്‍ക്ക് മരണം വരെ സംഭവിക്കുമായിരുന്നുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വാടാനപ്പള്ളി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷാഫി യൂസഫ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രഘുനാഥന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്,സുരേഖ് സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനീത്, ദീപക് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

 

 

Back to top button
error: