Breaking NewsIndiaLead NewsNEWSWorld

വിശദീകരിക്കാന്‍ വിയര്‍ത്ത് പാകിസ്താന്‍; ഇന്ത്യയുടെ തിരിച്ചടിയില്‍ ചൈനയ്ക്കും പൊള്ളി; ആയുധനങ്ങള്‍ നല്‍കിയ കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിയുന്നു; ജെ 10 യുദ്ധ വിമാന കമ്പനിക്കും തിരിച്ചടി; നേട്ടമുണ്ടാക്കി റഫാല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ പോറല്‍പോലുമേറ്റില്ലെന്നു ലോകസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണു പാകിസ്താന്‍. വ്യോമപ്രതിരോധ സംവിധാനവും  വ്യോമത്താവളങ്ങളും ഇന്ത്യന്‍ മിസൈലിന്‍റെ ചൂടറിഞ്ഞിട്ടും  പ്രതിരോധിച്ചെന്നും ആക്രമിച്ചെന്നും മേനി പറഞ്ഞ് പിടിച്ചു നില്‍ക്കാനായിരുന്നു പാക് സര്‍ക്കാരിന്‍റെയും മാധ്യമങ്ങളുടെയും ശ്രമം. പാക് ക്രിക്കറ്റ് താരമായിരുന്ന ഷാഹിദ് അഫ്രീദിവരെ  ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന്‍റെ  മുന്നണിയിലെത്തി. സത്യം എത്രമറച്ചു വച്ചാലും ഒരുനാള്‍ അത് മറ നീക്കി പുറത്തുവരും.

ഇന്ത്യ പാക്  യുദ്ധ  വിജയം ആര്‍ക്കെന്നറിയാന്‍ പെട്ടെന്നൊന്ന് ചൈനീസ് വിപണയില്‍ നോക്കിയാല്‍ മതി. പാക്കിസ്ഥാന് ആയുധവും മറ്റ് യുദ്ധസാമഗ്രകളും നല്‍കിയ ചൈനീസ് സ്ഥാപനങ്ങളുടെ ഓഹരിമൂല്യം കുത്തനെ ഇടിയുകയാണ്. ഹാങ് സെങ് ചൈന എ എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫൻസ് സൂചിക ചൊവ്വാഴ്ച ഇടിഞ്ഞത് മൂന്ന് ശതമാനമാണ്. പ്രധാന പ്രതിരോധ ഓഹരികളായ എവിഐസി ചെങ്ഡുവു 8.60 ശതമാനവും സുഷൗ ഹോങ്ഡയും 6.3 ശതമാനവും താഴ്ന്നു.

Signature-ad

ചൈനീസ് ജെ-10സി യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് എവിഐസി ചെങ്ഡു. ഇന്ത്യയ്ക്കെതിരായ സംഘര്‍ഷത്തില്‍ ചൈനീസ് നിര്‍മിത ജെ-10സി വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷ്ക് ദാര്‍ വ്യക്തമാക്കിയിരുന്നു. പിഎല്‍-15 മിസൈലുകളുടെ നിര്‍മാതാക്കളാണ് സുഷൗ ഹോങ്ഡ. ഇതും പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചിരുന്നു. സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും നിർമിക്കുന്ന  ഹോങ്കോങ്ങിൽ ലിസ്റ്റ് ചെയ്ത എവിഐസി AVIC എയ്‌റോസ്‌പേസ് ഓഹരികൾ രണ്ട് ശതമാനമാണ് ഇടിഞ്ഞത്.

നേരത്തെ ഇന്ത്യ–പാക്ക് സംഘര്‍ഷ സമയത്ത് വലിയ മുന്നേറ്റമാണ് ചൈനീസ് പ്രതിരോധ ഓഹരികളിലുണ്ടായത്. എവിഐസി ചെങ്ഡു ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഉണ്ടാക്കിയ നേട്ടം 36 ശതമാനമാണ്. സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് യുദ്ധോപകരണങ്ങളുടെ കയറ്റുമതി വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരി വില വര്‍ധിച്ചത്.

അതേസമയം റഫാല്‍ യുദ്ധ വിമാനങ്ങളുടെ നിര്‍മാതാക്കളായ ദസ്സാൾട്ട് ഏവിയേഷന്‍ ഓഹരികള്‍ മൂന്ന് ശതമാനം നേട്ടത്തില്‍ വ്യാപാരം നടക്കുകയാണ്. നിലവില്‍ 300 യൂറോയിലാണ് ഓഹരി വില. ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ദസ്സാള്‍ട്ട് ഏവിയേഷന്‍റെ ഓഹരികള്‍ നേട്ടമുണ്ടാക്കിയിരുന്നു. പാക്കിസ്ഥാനുള്ളില്‍ ഇന്ത്യന്‍ ആക്രമണം നയിച്ചത് റഫാല്‍ യുദ്ധ വിമാനങ്ങളാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു നേട്ടം. എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് വ്യാപാര ദിവസങ്ങളിലായി 7.83 ശതമാനം ഇടിവിലായിരുന്നു ഓഹരി.

പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആയുധ വിതരണക്കാരാണ് ചൈന. കഴിഞ്ഞ അഞ്ചു വര്‍ഷം പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്ത ആയുധങ്ങളില്‍ 81 ശതമാനവും വിതരണം ചെയ്തത് ചൈനയാണ്. സ്റ്റോക്ക്ഹാം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 2019-23 കാലത്ത്  ചൈനയില്‍ നിന്നും പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്തത് 5.28 ബില്യണ്‍ ഡോളറിന്‍റെ ആയുധങ്ങളാണ്.

ചുരുക്കിപ്പറഞ്ഞാല്‍  യുദ്ധതന്ത്രങ്ങളും ഉപകരണങ്ങളും പാക്കിസ്ഥാനെ മാത്രമല്ല അത് നല്‍കിയ ചൈനയെയും തകര്‍ത്തെന്നു വേണം കരുതാന്‍. ചൈന കഴിഞ്ഞാല്‍ നെതര്‍ലന്‍ഡിനെയാണ് പാക്കിസ്ഥാന്‍ ആയുധത്തിനായി ആശ്രയിക്കുന്നത്. 5.50 ശതമാനമാണ് 2020-24 വരെയുള്ള ഇറക്കുമതി. 3.8 ശതമാനമാണ് തുര്‍ക്കിയില്‍ നിന്നുമുള്ള പാക്കിസ്ഥാന്‍റെ ഇറക്കുമതി.

Back to top button
error: