KeralaNEWS

വീടിന് തീപിടിച്ച് അമ്മയും മക്കളുമടക്കം മരിച്ച സംഭവം; ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്ന് വിലയിരുത്തല്‍

ഇടുക്കി: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അപകടത്തിന് കാരണമായത് വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് വിലയിരുത്തല്‍. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ഷന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ വീട് പൂര്‍ണമായും കത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അടിമാലി കൊന്നത്തടി മരക്കാനത്തിനു സമീപമാണ് വീടിനു തീപിടിച്ച് അപകടമുണ്ടായത്. അടിമാലി മരക്കാനം തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (37), മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ മാതാവ് പൊന്നമ്മ (70) എന്നിവരാണ് മരിച്ചത്.

Signature-ad

വെള്ളിയാഴ്ചയാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്. ഇവരുടെ വീടിന് സമീപത്ത് മറ്റ് വീടുകളൊന്നും ഇല്ലാത്തതിനാല്‍ സംഭവം പുറംലോകം അറിഞ്ഞിരുന്നില്ല. വൈകിട്ട് ഇതുവഴി പോയ സമീപവാസികളിലൊരാളാണ് കത്തിക്കരിഞ്ഞ നിലയില്‍ വീട് കണ്ടത്. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ ഒരു കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തി.

രാത്രി വൈകി നടത്തിയ തെരച്ചിലില്‍ മറ്റുള്ളവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. അനീഷ് രണ്ടു വര്‍ഷം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. വീട്ടിലെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമായതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയുടെ ഫലം പുറത്തുവന്നാല്‍ മാത്രമേ അപകടത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്. ഡിഎന്‍എ പരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

 

Back to top button
error: