
ന്യൂഡല്‍ഹി: നഗരങ്ങളിലെ ജനങ്ങളുടെ ഇഷ്ട സിനിമാ കേന്ദ്രമായ പിവിആര്‍ ഇനോക്‌സിനു ത്രൈമാസ കണക്കുകളില്‍ വന്‍ നഷ്ടം. നഗരകേന്ദ്രങ്ങളില്‍ ആളുകള്‍ പണം ചെലവഴിക്കുന്നതു കുറഞ്ഞതും പുതിയ സിനിമകളുടെ റിലീസുകള്‍ മങ്ങിയതും ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലയെ പിന്നോട്ടടിച്ചെന്നു റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പിവിആറും ഇനോക്‌സും ലയിപ്പിച്ച് രൂപീകരിച്ച കമ്പനി, നാലാം പാദത്തില്‍ 1.06 ബില്യണ്‍ രൂപയുടെ (12.48 മില്യണ്‍ ഡോളര്‍) സംയോജിത നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഒരുവര്‍ഷം മുമ്പ് 901 ദശലക്ഷം രൂപയായിരുന്നു നഷ്ടം. ഈ സാമ്പത്തികവര്‍ഷം ആരംഭിച്ചതുമുതല്‍ സിനിമയിറങ്ങുന്നതില്‍ കൃത്യമായ കലണ്ടര്‍ പാലിച്ചില്ല. ഇതോടെ അവധിക്കാലത്തിന്റെ തുടക്കമായ മാര്‍ച്ചിലെ പ്രകടനം മോശമായി. ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തിയില്ല. സിനിമകളുടെ കഥ മോശമായതും തിരിച്ചടിയായെന്നു കമ്പനി വിലയിരുത്തുന്നു.

ഈ പാദത്തിലെ പ്രധാന ഹിന്ദി ഭാഷാ ചിത്രങ്ങളില്‍, ചരിത്രപരമായ ആക്ഷന്‍ ചിത്രമായ ‘ഛാവ’ മാത്രമാണ് ബോക്‌സ് ഓഫീസില്‍ മികച്ചുനിന്നത്. വേതനത്തില്‍ ഉയര്‍ച്ചയില്ലാത്തതും ഉയര്‍ന്ന ജീവിതച്ചെലവും കാരണം നഗര ഉപഭോക്താക്കളുടെ ബജറ്റ് തെറ്റിയതു സിനിമയോടുള്ള ഡിമാന്‍ഡ് കുറച്ചു. പണപ്പെരുപ്പം കുറഞ്ഞു നില്‍ക്കുമ്പോള്‍ ഇതല്ല പ്രതീക്ഷിച്ച പ്രകടനമെന്നും കമ്പനി പറയുന്നു.
ശരാശരി ടിക്കറ്റ് വിലയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 10.5% വര്‍ധനവുണ്ടായെങ്കിലും ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും ഒരാള്‍ ചെലവിടുന്ന തുക 3.5 ശതമാനം കുറഞ്ഞു. തിയേറ്റര്‍ ഗ്രൂപ്പിന്റെ പ്രധാന വരുമാന മാര്‍ഗമായ പാനീയ വില്‍പനയിലും ലഘുഭക്ഷണത്തിലും 7.8 ശതമാനം ഇടിവുണ്ടാക്കി.
പ്രേക്ഷകരുടെ പങ്കാളിത്തം പുനരുജ്ജീവിപ്പിക്കുന്നതിനായി, പിവിആര്‍ ഇനോക്‌സ് ആഴ്ചദിന കിഴിവുകള്‍ പ്രഖ്യാപിക്കുകയും പഴയ സിനിമകള്‍ വീണ്ടും റിലീസ് ചെയ്യുകയും ചെയ്തു. എന്നാല്‍, ത്രൈമാസ ഒക്യുപ്പന്‍സി 208 ബേസിസ് പോയിന്റ് കുറഞ്ഞ് 20.5% ആയി. ഒപ്പം തിയേറ്ററില്‍ എത്തിയവരുടെ എണ്ണം 6.3% കുറഞ്ഞ് 30.5 ദശലക്ഷമായി. 12.5 ബില്യണ്‍ നഷ്ടത്തിലേക്കു കമ്പനി കൂപ്പുകുത്തിയതിനു കാരണവും ഇതൊക്കെത്തന്നെ.
നടുവൊടിഞ്ഞു മലയാള സിനിമയും
അതേസമയം സൂപ്പര്‍ താരങ്ങളുടെ പ്രതിഫലത്തെ തുടര്‍ന്നു ബജറ്റ് കുത്തനെ ഉയര്‍ന്നുതും ഒടിടി ‘ശീല’വും മലയാള സിനിമയുടെയും നടുവൊടിച്ചെന്നാണു കണക്കുകള്‍. ഈവര്‍ഷം എഴുപതിലേറെ സിനിമകളാണു റിലീസ് ചെയ്തതെങ്കിലും എംപുരാന്‍ പോലുള്ള അപൂര്‍വം ചിത്രങ്ങളാണു വിജയം കൊയ്തത്. അതും വമ്പിച്ച പ്രൊമോഷനും വിവാദങ്ങളും സഹായിച്ചതുകൊണ്ടുമാത്രം. ആദ്യ പത്തു ദിവസങ്ങളൊഴിച്ചാല്‍ എംപുരാനുപോലും തിയേറ്ററില്‍ കാര്യമായി ആളുണ്ടായില്ലെന്നാണു റിപ്പോര്‍ട്ട്.
ആദ്യകാലത്ത് വന്‍ തുക കൊടുത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമകള്‍ വാങ്ങിയിരുന്നു. ഇതു മുന്നില്‍കണ്ട് നിരവധിപ്പേര്‍ സിനിമയെടുക്കാന്‍ മുന്നോട്ടുവന്നു. തിയേറ്ററില്‍ വിജയിച്ചില്ലെങ്കിലും ഒടിടി റൈറ്റുകൊണ്ടു കൈപൊള്ളാതെ നില്‍ക്കാം എന്നതായിരുന്നു ഗുണം. എന്നാല്‍, വരുമാനം പങ്കിടുന്ന നിലയിലേക്കു വന്നതോടെ നിര്‍മാതാക്കള്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി. ഒടിടിയില്‍ വിജയിച്ചാല്‍ ഒരു പങ്കു നല്‍കും. ഇല്ലെങ്കില്‍ ഉള്ളതിന്റെ പാതി! മുമ്പ് 35 കോടിക്കുവരെ വമ്പന്‍ താരങ്ങളുടെ സിനിമകള്‍ വിറ്റുപോയിരുന്നെങ്കില്‍ ഹോട്ട് സ്റ്റാര്‍ പോലുള്ള കമ്പനികള്‍ സൂക്ഷിച്ചാണു സിനിമയെടുക്കുന്ന്. 170 കോടി ബജറ്റില്‍ പുറത്തിറങ്ങിയ എംപുരാനുപോലും ഒടിടിയില്‍നിന്നു ലഭിച്ചത് 30 കോടിയില്‍ താഴെ.
ഒടിടി മോഡലിനോട് താത്പര്യമില്ലാതെ നടന്‍മാര്‍
ഇതിനു പരിഹാരമായി വിദേശങ്ങളിലുള്ള ഒടിടി മോഡല്‍ പരീക്ഷിക്കാന്‍ നിര്‍മാതാക്കള്‍ രംഗത്തുവന്നെങ്കിലും താരങ്ങള്‍ പിന്‍വലിയുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. വരുമാനം നിര്‍മാതാക്കളും പ്രധാന അഭിനേതാക്കളും പങ്കിട്ടെടുക്കുന്നതാണ് ഒടിടി രീതി. പ്രതിഫലത്തിനു പകരം തിയേറ്റര്‍, ഒടിടി വരുമാം പങ്കുവയ്ക്കും. മൂന്നു ചിത്രങ്ങള്‍ ഇത്തരത്തില്‍ റിലീസ് ചെയ്യാനിരിക്കുകയാണെങ്കിലും പ്രധാന താരങ്ങള്‍ക്ക് ഇതിനോടു താത്പര്യമില്ല. തിയേറ്ററിലും ഒടിടിയിലും പടം പൊട്ടിയാല്‍ പണിയെടുക്കുന്നതുകൊണ്ടു വലിയ ഗുണമില്ല എന്നതുതന്നെ കാരണം.
ഒടിടിയുടെ വരവോടെ തിയേറ്ററിലെത്തി സിനിമ കാണുന്നവരുടെ എണ്ണത്തിലും വന്‍ കുറവുണ്ടായി. ഒടിടിയില്‍ എത്തിയാല്‍ മിക്ക ടെലിഗ്രാം ചാനലുകളിലും സിനിമയെത്തും. പത്തുപൈസ മുടക്കാതെ വിവിധ ക്വാളിറ്റിയിലുള്ള സിനിമ ഡൗണ്‍ലോഡ് ചെയ്തു കാണാന്‍ കഴിയും. മിക്ക വീടുകളിലും ഹോം തിയേറ്റര്‍കൂടി വന്നതോടെ തരക്കേടില്ലാത്ത സ്‌ക്രീനില്‍ മികച്ച ശബ്ദവിന്യാസത്തില്‍ ഒന്നിച്ചിരുന്നു കാണാമെന്ന സൗകര്യമായി. ചില അപ്പാര്‍ട്ടുമെന്റുകള്‍ കേന്ദ്രീകരിച്ച് കോമണ്‍ ഹോം തിയേറ്റര്‍ സംവിധാനം പോലുമുണ്ട്. തിയേറ്ററില്‍ പോയി സിനിമ കാണുന്നതിന്റെ ചെലവും വര്‍ധിച്ചത് മറ്റൊരു കാരണമാണ്.
സിനിമയുടെ ബജറ്റ് അതിവേഗം ഉയര്‍ന്നത് നിര്‍മാതാക്കളെ ചില്ലറയല്ല പിന്നോട്ടടിക്കുന്നത്. ഒടിടിയിലൂടെ കോടികള്‍ കിട്ടിയിരുന്ന സമയത്ത് ഉയര്‍ത്തിയ പ്രതിഫലം ടെക്‌നീഷ്യന്‍മാരും മറ്റ് അണിയറക്കാരും കുറയ്ക്കാന്‍ തയാറായിട്ടില്ല. ഇതു പുതുതായി സിനിമാ മേഖലയിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്.
ഏപ്രില്‍ പത്തുവരെ 69 സിനിമകളാണു മലയാളത്തില്‍ റിലീസ് ചെയ്തത്. ഇതില്‍ അഞ്ചില്‍ താഴെ എണ്ണത്തിലാണു മുടക്കുമുതല്‍ ലഭിച്ചത്. ആസിഫലി നായകനായ രേഖാചിത്രം കൂടുതല്‍ ലാഭമുണ്ടാക്കി. എംപുരാന്‍ 150 കോടി നേടിയെന്നു പറയുമ്പോഴും മുടക്കുമുതല്‍പോലും തിരിച്ചുകിട്ടിയില്ലെന്നാണ് അണിയറയിലെ സംസാരം.