Breaking NewsKeralaNEWS

കോസ്മറ്റിക് ക്ലിനിക്കിന് ലൈസെൻസില്ല, പരാതിയുയർന്നപ്പോൾ തിടുക്കപ്പെട്ട് ലൈസെൻസ് നൽകി? യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റിയതിൽ പിഴവില്ലെന്ന് മെഡിക്കൽ ബോർഡ്!! റിപ്പോർട്ട് തള്ളി, വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് എത്തിക്സ് കമ്മിറ്റി, ഒത്തുകളി ആരോപണവുമായി കുടുംബം

തിരുവനന്തപുരം∙‌: കഴക്കൂട്ടത്ത് കോസ്മറ്റിക് ക്ലിനിക്കിൽ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയെ തുടർന്ന് വനിതാ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയും 9 വിരലുകൾ മുറിച്ചു നീക്കുകയും ചെയ്യേണ്ടിവന്ന സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് എത്തിക്‌സ് കമ്മിറ്റി തള്ളി. ശസ്ത്രക്രിയയിൽ പിഴവ് ഇല്ലെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നത്. രക്തസമ്മർദത്തിൽ മാറ്റം ഉണ്ടായപ്പോൾ യഥാസമയം ചികിത്സ നൽകിയില്ല. വിദഗ്ധ ചികിത്സയിൽ കാലതാമസം ഉണ്ടായെന്നു മാത്രമാണ് റിപ്പോർട്ടിൽ പറയുന്നു.

പക്ഷെ റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്നു ചൂണ്ടിക്കാട്ടി ഡിഎംഒ, പബ്ലിക് പ്രോസിക്യൂട്ടർ, ഫൊറൻസിക് സർജൻ തുടങ്ങിയവർ ഉൾപ്പെടുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് തള്ളി. കൂടാതെ വീണ്ടും റിപ്പോർട്ട് നൽകാൻ മെഡിക്കൽ ബോർഡിന് നിർദേശം നൽകി. അതിനിടെ മെഡിക്കൽ ബോർഡ് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി യുവതിയുടെ കുടുംബവും രംഗത്തെത്തി.

Signature-ad

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിനിക്കിന്റെ റജിസ്‌ട്രേഷൻ റദ്ദാക്കി. മേയ് 10നാണ് റജിസ്‌ട്രേഷൻ റദ്ദാക്കിയതെന്നാണു സൂചന. ഫെബ്രുവരി 22നാണ് നീതുവിന്റെ ശസ്ത്രക്രിയ നടത്തിയത്. പക്ഷെ അന്നും ക്ലിനിക്കിന് റജിസ്‌ട്രേഷൻ ഉണ്ടായിരുന്നില്ലെന്നു സൂചന. ചികിത്സപ്പിഴവ് സംബന്ധിച്ച പരാതി ഉയർന്നതിനു തൊട്ടുപിന്നാലെ തിടുക്കപ്പെട്ട് ക്ലിനിക്കിന് റജിസ്‌ട്രേഷൻ നൽകുകയായിരുന്നു.

ചികിത്സപ്പിഴവ് സംഭവിച്ചെന്ന പരാതിയിൽ മാർച്ച് 21നാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. ക്ലിനിക്കിന് എതിരായ പരാതിയിൽ കലക്ടറുടെ ഓഫിസിൽനിന്ന് ഏപ്രിൽ 8നും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഏപ്രിൽ 19നും ജില്ലാ മെഡിക്കൽ ഓഫിസിൽ കത്തു ലഭിച്ചിരുന്നു. എന്നാൽ ഏപ്രിൽ 29, 30 തീയതികളിൽ നേരിട്ട് ക്ലിനിക് സന്ദർശിച്ച് സ്ഥാപനത്തിന്റെ യോഗ്യത നിർണയിച്ച ഉദ്യോഗസ്ഥസംഘം 6 ദിവസത്തിനകം മേയ് 5ന് അനുകൂല റിപ്പോർട്ട് നൽകുകയായിരുന്നു. കൂടാതെ അന്നു തന്നെ നടപടികൾ പൂർത്തിയാക്കി ഓൺലൈനിൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തു.

Back to top button
error: