
കൊല്ലം: ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് നടന് വിനായകനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ചാണ് സംഭവം. മദ്യപിച്ച നടന് വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്.
പോലീസെത്തി വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇതിനുശേഷം താരം പോലീസ് സ്റ്റേഷന് അകത്തുവെച്ചും ബഹളമുണ്ടാക്കി. തന്നെ എന്തിനാണ് സ്റ്റേഷനില്‍ പിടിച്ചുവെച്ചിരിക്കുന്നതെന്നാണ് വിനായകന് ചോദിക്കുന്നതെന്നു ചോദിച്ചായിരുന്നു ബഹളം. വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു.

നേരത്തേ, നടന് വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു. ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ വെച്ച് വസ്ത്രം അഴിച്ച് കാണിക്കുന്ന വിനായകന്റെ ദൃശ്യങ്ങള്‍ അന്നു വ്യാപകമായി പ്രചരിച്ചിരുന്നു. നഗ്നതാ പ്രദര്‍ശനത്തിനൊപ്പം ഇയാള്‍ ആളുകളെ അസഭ്യം പറയുകയുമുണ്ടായി.
മുന്‍പ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്നു വിനായകനെ തടഞ്ഞു വച്ചിരുന്നു. അന്ന് എയര്‍പോര്‍ട്ടിലെ തറയില്‍ ഷര്‍ട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയര്‍പോര്‍ട്ട് പൊലീസിനു കൈമാറുകയായിരുന്നു.