Breaking NewsIndiaLead NewsNEWSSportsTRENDING

ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ; പുതിയ ക്യാപ്റ്റനെ കണ്ടെത്തല്‍ ബിസിസിഐയ്ക്ക് തലവേദനയാകും; പരിഗണിക്കുന്നവര്‍ക്ക് കളിയില്‍ സ്ഥിരതയില്ല; ഇടക്കാല ക്യാപ്റ്റന്‍സി വേണ്ടെന്ന് ഗംഭീറും; പിന്നെയാര്?

ബംഗളുരു: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രോഹിത് വിരമിക്കല്‍ പുറത്തുവിട്ടത്. ടെസ്റ്റില്‍ രാജ്യത്തിനായി കളിക്കാന്‍ സാധിച്ചത് അഭിമാനമെന്ന് രോഹിത് കുറിച്ചു. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്ന് പറഞ്ഞ രോഹിത് ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

67 ടെസ്റ്റുകളില്‍ നിന്ന് 4301 റണ്‍സാണ് 38കാരനായ രോഹിത് ശര്‍മ നേടിയത്. 12 സെഞ്ച്വറികളും 18 അര്‍ദ്ധ സെഞ്ച്വറികളും നേടിയ താരത്തിന്റെ ടെസ്റ്റ് ശരാശരി 40.57 ആണ്. 2024 ല്‍ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ രോഹിത് ശര്‍മ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.

Signature-ad

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രോഹിത് വിരമിക്കണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ഹോം സീരിസിലും ഓസീസിനെതിരെ അവരുടെ നാട്ടിലും മോശം ഫോമിലായിരുന്നു രോഹിത് ശര്‍മ.

എട്ട് ടെസ്റ്റ് മല്‍സരങ്ങളില് നിന്നായി 10.93 ആയിരുന്നു രോഹിതിന്റെ ശരാശരി. ഒരു മല്‍സരത്തിലാണ് രോഹിത് 50 റണ്‍സ് കടന്നത്. രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റും ജയിച്ചെങ്കിലും ന്യൂസിലാന്‍ഡിനെതിരെ സംപൂജ്യരായി (30). ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി തോറ്റത് 3-1 നാണ്.

ഇന്ത്യ അവസാനം കളിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ടീമിനെ നയിച്ചത് രോഹിത്തായിരുന്നു. എന്നാല്‍ സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ നിന്ന് അദ്ദേഹം സ്വയം മാറിനിന്നിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ കളിക്കുന്നത് തുടരുന്നമെന്ന് അദ്ദേഹം വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ.. ‘ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കാന്‍ തീരുമാനിക്കുകയാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാനായതില്‍ അഭിമാനമുണ്ട്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യക്ക് വേണ്ടി ഇനിയും കളിക്കും’- രോഹിത് വ്യക്തമാക്കി.

2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു രോഹിത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. അവസാന ടെസ്റ്റ് കളിച്ച 2024ല്‍ ഓസ്ട്രേലിയക്കെതിരെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും. ഇതിനിടെ 67 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച രോഹിത് 116 ഇന്നിംഗ്സില്‍ നിന്ന് 4302 റണ്‍സ് നേടി. 40.58 ശരാശരിയുണ്ട് താരത്തിന്. 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു ഇരട്ട സെഞ്ചുറിയും 12 സെഞ്ചുറിയും രോഹിത് സ്വന്തമാക്കി.

പുതിയ ക്യാപ്റ്റന്‍ സ്ഥാനം ആരെ ഏല്‍പ്പിക്കുമെന്നുള്ളതാണ് ബിസിസിഐ പ്രധാന തലവേദന. പരിക്കും ജോലിഭാരവും കണക്കിലെടുത്ത് ജസ്പ്രിത് ബുമ്രയെ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആക്കില്ലെന്നാണ് സൂചന. ബുമ്ര അഞ്ച് ടെസ്റ്റുകളിലും കളിക്കാനുള്ള സാധ്യതയും വിരളമാണ്. ഈ സാഹചര്യത്തില്‍ രോഹിത്തിന്റെ പിന്‍ഗാമിയായി ശുഭ്മമാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരെ ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

എന്നാല്‍ ഇരുവരുടേയും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയും തലവേദനയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നായകനെ കണ്ടെത്തുന്നതുവെ ഇടക്കാല ക്യാപ്റ്റനാവാമെന്ന നിര്‍ദേശം സീനിയര്‍ താരം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ കോച്ച് ഗൗതം ഗംഭീറിന് താല്‍ക്കാലിക ക്യാപ്റ്റന്‍ എന്ന രീതിയോട് താല്‍പര്യമില്ല. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് സ്ഥിരം നായകനെ തന്നെ കണ്ടെത്തണമെന്നുമാണ് ഗംഭീറിന്റെ നിലപാട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഗില്‍ ക്യാപ്റ്റനാവാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ ഏകദിനത്തിലും ടി20യിലും ഗില്‍ വൈസ് ക്യാപ്റ്റനാണ്.

 

Back to top button
error: