IndiaNEWS

സൈനിക നീക്കവും ആക്രമണ തന്ത്രവും വിശദീകരിച്ച പെണ്‍ശബ്ദം; സോഫിയയെയും വ്യോമികയെയും അറിയാം

ന്യൂഡല്‍ഹി: പഹല്‍ഗാമിലേറ്റ മുറിവിനു തിരിച്ചടി നല്‍കിയെന്ന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത് ഇന്ത്യന്‍ സേനയുടെ പെണ്‍കരുത്തിന്റെ രണ്ടു മുഖങ്ങളാണ് വ്യോമസേനാ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും കരസേനയിലെ കേണല്‍ സോഫിയ ഖുറേഷിയും. ഇന്ത്യയുടെ ആക്രമണ തന്ത്രങ്ങളെപ്പറ്റിയും സൈനിക നീക്കത്തിന്റെ കൃത്യതയെപ്പറ്റിയും സാധാരണ ജനങ്ങളോടുള്ള കരുതലിനെപ്പറ്റിയും സംസാരിക്കുമ്പോള്‍ അവരുടെ ശബ്ദം ഉറച്ചതായിരുന്നു: ഇന്ത്യയുടെ അഭിമാനം പോലെ. ആരാണ് സോഫിയയും വ്യോമികയും?

കേണല്‍ സോഫിയ ഖുറേഷി

Signature-ad

ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ സൈനിക സംഘത്തെ നയിച്ച ആദ്യ വനിതയാണ് കരസേനയിലെ കേണലായ സോഫിയ ഖുറേഷി. 1981ല്‍ ഗുജറാത്തിലെ വഡോദരയില്‍ ജനിച്ച സോഫിയയുടെ കുടുംബവവും സൈനിക പശ്ചാത്തലമുള്ളവരാണ്. മുത്തച്ഛന്‍ കരസേനയില്‍ സേവനമനുഷ്ഠിച്ചു. അച്ഛന്‍ വര്‍ഷങ്ങളോളം സേനയില്‍ മതാധ്യാപകനായി ജോലി ചെയ്തു. 1999 ല്‍ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തില്‍ എത്തിയത്.

വിങ് കമാന്‍ഡര്‍ വ്യോമിക സിങ്

സൈന്യത്തില്‍ ചേരണമെന്നായിരുന്നു കുട്ടിക്കാലം മുതല്‍ വ്യോമിക സിങ്ങിന്റെ ആഗ്രഹം. ആകാശത്തിന്റെ മകള്‍ എന്നര്‍ഥമുള്ള പേരുകാരിയായ ആ പെണ്‍കുട്ടി ഒടുവില്‍ വ്യോമസേനയിലെത്തി. പഠനകാലത്ത് എന്‍സിസി കെഡറ്റായിരുന്ന വ്യോമിക എന്‍ജിനീയറിങ്ങാണ് പഠിച്ചത്. അവരുടെ കുടുംബത്തില്‍നിന്ന് സായുധസേനാംഗമാകുന്ന ആദ്യയാളാണ് വ്യോമിക. 2019 ല്‍ ഹെലികോപ്റ്റര്‍ പൈലറ്റായാണ് സേനയില്‍ ചേര്‍ന്നത്. 2020 ല്‍ അരുണാചല്‍ പ്രദേശില്‍ നിര്‍ണായകമായ രക്ഷാദൗത്യത്തില്‍ മികവു തെളിയിച്ചിട്ടുണ്ട് അവര്‍.

Back to top button
error: