
തിരുവനന്തപുരം: പൊള്ളാച്ചി ടോപ് സ്ലിപ്പ് ഭാഗത്തു ട്രക്കിങിനു എത്തിയ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ചാത്തന്‍പാറ പൂന്തോട്ടത്തില്‍ ഡോ. അജ്‌സല്‍ എ സൈന്‍ (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തയ്യിബ് രാജിന് പൊള്ളാച്ചി ആശുപത്രിയില്‍ ചികിത്സ നല്‍കി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മുസ്ലിം എജുക്കേഷന്‍ ട്രസ്റ്റ് ഫോര്‍ കോസ്റ്റല്‍ ഏരിയ ചെയര്‍മാന്‍ എ സൈനുലാബുദ്ദീന്റെ മകനാണ് അജ്‌സല്‍.
തിരുവനന്തപുരത്ത് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ അജ്‌സല്‍ സുഹൃത്തിനൊപ്പം തമിഴ്‌നാട് ട്രിക്കിങ് ടൂറിസം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താണ് ആനമല കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പ്- പണ്ടാരവരെ- കരിയന്‍ചോല- സെക്ഷനില്‍ ട്രക്കിങിനു എത്തിയത്. ഗൈഡുമാരുടെ സഹായത്തോടെ ട്രക്കിങ് പൂര്‍ത്തിയാക്കിയ ഇരുവരും വൈകിട്ട് നാലരയോടെയാണ് ടോപ് സ്ലിപ്പിലെത്തിയത്.

കുറച്ചു നേരം വിശ്രമിക്കാനായി ഇരുന്ന അജ്‌സല്‍ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നുവെന്നു വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ഉടനെതന്നെ വനം വകുപ്പിന്റെ ആംബുലന്‍സില്‍ വേട്ടക്കാരന്‍പുതൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജ്‌സലിന്റെ വീട്ടുകാരുടെ പരാതിയില്‍ ആനമല പൊലീസ് കേസെടുത്തു. മൃത?ദേഹം ഇന്നലെ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
കെഎം അനീസ ബീവി (റിട്ട. പ്രധാനധ്യാപിക)യാണ് അജ്‌സലിന്റെ മാതാവ്. സഹോദരന്‍: ഡോ. അജ്മല്‍ എ സൈന്‍. കബറടക്കം ഇന്ന് രാവിലെ കടുവയില്‍ പള്ളി കബര്‍സ്ഥാനില്‍.