KeralaNEWS

വാക്‌സിനെടുത്തിട്ടും പേവിഷബാധ; ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം: ഒരു മാസത്തിനിടെ മൂന്നാമത്തെ മരണം

തിരുവനന്തപുരം: തെരുവുനായ കടിച്ചതിന് ആദ്യ മൂന്നു ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച ഏഴു വയസ്സുകാരി മരിച്ചു. പത്തനാപുരം കുന്നിക്കോട് കിണറ്റിന്‍കര ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. വാക്‌സിന്‍ എടുത്ത ശേഷവും രോഗം ബാധിച്ച് ഒരു മാസത്തിനിടെ 2 പെണ്‍കുട്ടികള്‍ മരിച്ചതിനു പിന്നാലെയാണ് വീണ്ടും മരണം.

ഏപ്രില്‍ 8നാണ് നിയയ്ക്ക് നായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ച് വാക്‌സിന്‍ എടുത്ത കുട്ടിക്ക് തുടര്‍ന്നു രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകളും എടുത്തിരുന്നു. 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു. ഞരമ്പില്‍ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. സംഭവത്തില്‍ പബ്ലിക് ഹെല്‍ത്ത് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Signature-ad

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായി ഏപ്രില്‍ 9നു പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), ഏപ്രില്‍ 29നു മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചിരുന്നു. ഡിസംബറില്‍ നായയുടെ കടിയേറ്റ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ നിന്ന് കുത്തിവയ്‌പെടുത്ത ഭാഗ്യലക്ഷ്മിയുടെ മരണം മൂന്നുമാസത്തിനു ശേഷമായിരുന്നു.

കുട്ടി അവസാനം ചികിത്സയില്‍ കഴിഞ്ഞ സ്വകാര്യ ആശുപത്രിയില്‍നിന്ന് ശേഖരിച്ച സാംപിളുകള്‍ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ചപ്പോളാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് അധികൃതര്‍ക്കു വിവരം ലഭിച്ചെങ്കിലും പുറത്തറിയിച്ചിരുന്നില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. 2021നു ശേഷം പേവിഷ ബാധയ്ക്കുള്ള വാക്‌സിന്‍ എടുത്തശേഷം 22 പേര്‍ മരിച്ചെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: