Breaking NewsIndiaLead NewsNEWSWorld

ഇന്ത്യന്‍ കപ്പലുകള്‍ക്ക് വിലക്ക്; ഇന്ത്യയുടെ നടപടിക്കു പിന്നാലെ ഉത്തരവിറക്കി പാക്കിസ്താന്‍; ‘ഇന്ത്യയുടെ പതാക വഹിക്കുന്ന കപ്പലുകള്‍ തുറമുഖങ്ങളില്‍ പ്രവേശിക്കരുത്, അടിയന്തര സാഹചര്യങ്ങള്‍ പരിഗണിക്കും’

ഇസ്ലാമാബാദ്: ഇന്ത്യയിലേക്കുള്ള പാകിസ്താന്‍ കപ്പലുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ സമാന നടപടിയുമായി പാകിസ്താന്‍. ഇന്ത്യയുടെ നീക്കത്തിനു മണിക്കൂറുകള്‍ക്കുശേഷമാണു ഇന്ത്യ പതാക വഹിക്കുന്ന യാനങ്ങള്‍ക്കു പാകിസ്താനിലെ തുറമുഖങ്ങളില്‍ പ്രവേശനമുണ്ടാകില്ലെന്നും പാക് കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ അടുപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

പരമാധികാര രാജ്യമെന്ന നിലയില്‍ പാകിസ്താന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കമെന്നും സാമ്പത്തിക താത്പര്യങ്ങള്‍ പരിഗണിച്ചാണ് വിലക്കെന്നും പാകിസ്താന്‍ പറയുന്നു. ഗുരുതര സാഹചര്യങ്ങളിലൊഴികെ പാക് കപ്പലുകളും ഇന്ത്യന്‍ തുറമുഖങ്ങളിലേക്കു പോകരുതെന്നും പറയുന്നു.

Signature-ad

ഇന്ത്യ പാകിസ്താനില്‍നിന്നുള്ള കപ്പല്‍ ചരക്കു നീക്കത്തിനു വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് പാകിസ്താനും പറയുന്നത്. ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തുന്നതിനു പാക് പ്രധാനമന്ത്രി കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണു കൂടുതല്‍ നടപടിയെന്നതും ശ്രദ്ധേയമാണ്.

പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സൗദി, യുഎഇ, കുവൈത്ത് നയതന്ത്ര പ്രതിനിധികളുമായി ഇന്ത്യയുമായുള്ള സംഘര്‍ഷമൊഴിവാക്കാന്‍ വഴിയുണ്ടാക്കണമെന്ന് അഭ്യര്‍ഥിച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. ആക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച ഷെരീഫ്, നിഷ്പക്ഷ അന്വേഷണത്തിന് നേതൃത്വം വഹിക്കണമെന്നും ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

സൗദി അംബാസഡര്‍ നവാഫ് ബില്‍ സയീദ് അല്‍ മാലിക്കി, യുഎഇ അംബാസഡര്‍ ഹമാദ് ഒബെയ്ദ് അല്‍ സാബി, കുവൈത്ത് അംബാസഡര്‍ നാസര്‍ അബ്ദുള്‍ റഹ്‌മാന്‍ ജാസര്‍ എന്നിവരുമായാണു കൂടിക്കാഴ്ച നടത്തിയത്. തെക്കന്‍ ഏഷ്യയില്‍ സമാധാനം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണു കൂടിക്കാഴ്ചയെന്നും ഷെരീഫ് വിശദീകരിച്ചതായി പാക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ സൗദി, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി പാകിസ്താന്‍ മികച്ച ബന്ധമാണു പുലര്‍ത്തുന്നത്. ഇന്ത്യ തെളിവൊന്നുമില്ലാതെയാണ് പാകിസ്താനെതിരേ ആരോപണമുന്നയിക്കുന്നതെന്നും റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 15 മാസത്തിനിടെ സര്‍ക്കാര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം യുദ്ധത്തിലൂടെ നഷ്ടമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ പിന്തുണ നല്‍കണമെന്നുമാണു ഷെരീഫിന്റെ നിലപാട്.

ഭീകരവാദം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പണം നല്‍കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല പാകിസ്താനെന്നും ഇത്തരം പ്രവര്‍ത്തികളിലൂടെ സര്‍ക്കാരിന്റെ പാളം തെറ്റിക്കാനുള്ള നടപടികള്‍ എടുക്കുമെന്നു കരുതുന്നുണ്ടോയെന്നും അംബാസഡര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം ചോദിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി പാകിസ്താന്‍ ഭീകരവാദത്തിന്റെ ഇരയാണെന്ന നിലപാടാണു ഷെരീഫ് യുഎഇയുമായുള്ള കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്. കുവൈത്ത് അംബാസഡറുമായുള്ള കൂടിക്കാഴ്ചയില്‍ നിഷ്പക്ഷ അന്വേഷണമെന്ന നിലപാടിലേക്ക് എത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്താനും റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് പ്രതിനിധികളും പ്രശ്‌ന പരിഹാരത്തിനു പാകിസ്താനുമായി സഹകരിക്കാമെന്ന ഉറപ്പു നല്‍കിയെന്നും പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച ചൈനീസ് അംബാസഡര്‍ ജിയാങ് സെയ്‌ദോംഗും ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഖത്തര്‍, സൗദി, കുവൈത്ത് എന്നിവര്‍ ബുധനാഴ്ച പ്രശ്‌നങ്ങള്‍ നയതന്ത്ര തലത്തില്‍ പരിഹരിക്കണമെന്ന നിര്‍ദേശമാണു മുന്നോട്ടുവച്ചത്. ഇരുഭാഗത്തുനിന്നും ഇതിനുള്ള ശ്രമമുണ്ടാകണമെന്നും ഇതിന് എന്തു പിന്തുണ നല്‍കാനും തയാറാണെന്നും വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായുള്ള യുദ്ധം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്നു മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും നേരത്തേ ഷഹബാസിനോട് നിര്‍ദേശിച്ചിരുന്നു.

Back to top button
error: