Breaking NewsIndiaLead NewsNEWSWorld

‘അവര്‍ നദികള്‍ തടയാന്‍ നോക്കിയാല്‍ ഞങ്ങള്‍ തകര്‍ക്കും; ഇന്ത്യയെ കാത്തിരിക്കുന്നത് പട്ടിണിയും ദാഹവും’: ഇന്ത്യക്കെതിരേ വീണ്ടും ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി; ബുള്ളറ്റുകള്‍ മാത്രമല്ല കൈയിലുള്ളത്, മോദിയുടെ കളി രാഷ്ട്രീയ നേട്ടത്തിനെന്നും ഖ്വാജ ആസിഫ്

ന്യൂഡല്‍ഹി: മുമ്പു നടത്തിയ ഭീഷണികള്‍ക്കു പിന്നാലെ വീണ്ടും ഇന്ത്യക്കെതിരേ പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്‍ഡസ് വാലി കുടിവെള്ള കരാര്‍ റദ്ദാക്കുന്നതിനായി ഇന്ത്യ നര്‍മിക്കുന്നതെല്ലാം പാകിസ്താന്‍ തകര്‍ക്കുമെന്ന് ഖ്വാജ പറഞ്ഞു. ജിയോ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണു നദികള്‍ക്കു കുറുകെയുള്ള ഇന്ത്യയുടെ നിര്‍മാണങ്ങള്‍ ആക്രമണമായി പരിണഗിക്കുമെന്ന് അദ്ദേഹം പറഞ്ഞത്.

‘അവര്‍ നദികള്‍ക്കു കുറുകേ നിര്‍മിതികള്‍ ഉണ്ടാക്കുമെന്നത് വ്യക്തമാണ്. അങ്ങനെയെങ്കില്‍ അതു ഞങ്ങള്‍ തകര്‍ക്കും. അത് ബുള്ളറ്റുകളാകണമെന്നില്ല. അതിനു നിരവധി മാര്‍ഗങ്ങളുണ്ട്. വെള്ളം നിയന്ത്രിക്കുന്നവരെ കാത്തിരിക്കുന്നത് പട്ടിണിയും ദാഹവുമായിരിക്കു’മെന്നും ഖ്വാജ പറഞ്ഞു. നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണു കളിക്കുന്നത്. പാകിസ്താനെ നിരന്തരം പ്രതിയാക്കുകയാണ്. ഇതിനെതിരായ നടപടികള്‍ മാത്രമാണു സ്വീകരിക്കുന്നതെന്നും ഖ്വാജ കൂട്ടിച്ചേര്‍ത്തു.

Signature-ad

നേരത്തേയും പാക് പ്രതിരോധ മന്ത്രി ഇന്ത്യക്കെതിരേ രംഗത്തുവന്നിരുന്നു. ‘ഇന്ത്യയുടെ സൈനികനടപടി ആസന്നമായിരിക്കുന്ന ഒന്നായതിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചില തന്ത്രപരമായ തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്നും റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ അതീവ ജാഗ്രതയിലാണെന്നും തങ്ങളുടെ നിലനില്‍പ്പിന് നേരിട്ട് ഭീഷണിയുണ്ടെങ്കില്‍ മാത്രമേ തങ്ങളുടെ ആണവായുധ ശേഖരം ഉപയോഗിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22 നായിരുന്നു രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം. 26 ജീവനുകളാണ് ഭീകരുടെ തോക്കിന്‍ മുനയില്‍ പൊലിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിവിലിയന്മാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. ആക്രമണത്തിന് പാകിസ്ഥാന്‍ പിന്തുണ നല്‍കിയതായാണ് ഇന്ത്യ ആരോപിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഈ കുറ്റം നിഷേധിക്കുകയാണ്.

ആക്രമണം നടത്തിയ ഭീകരര്‍ക്കായി ശക്തമായ തിരച്ചിലാണ് ഇന്ത്യന്‍ സൈന്യം നടത്തുന്നത്. ഇവരില്‍ രണ്ടുപേര്‍ പാകിസ്ഥാനികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് പിന്നാവെ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടുകയും പാകിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള വിസകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. പിന്നാലെ പാകിസ്ഥാന്‍, ഷിംല കരാര്‍ റദ്ദാക്കുകയും ഇന്ത്യന്‍ നയതന്ത്രജ്ഞരെയും സൈനിക ഉപദേഷ്ടാക്കളെയും പുറത്താക്കാന്‍ ഉത്തരവിടുകയും ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ റദ്ദാക്കുകയും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിക്കുകയും ചെയ്തു. ഇതിനിടെ പ്രകോപനപരമായ ഉള്ളടക്കം ചൂണ്ടിക്കാണിച്ച് ഒരു ഡസനിലധികം പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്കും ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

 

Back to top button
error: