CrimeNEWS

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ വീണ്ടും! വീടിനു മുന്നില്‍ തെരുവുനായുടെ കടിയേറ്റു; 7 വയസ്സുകാരി ആശുപത്രിയില്‍

തിരുവനന്തപുരം: വാക്സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ഏഴു വയസ്സുകാരിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസം മുന്‍പ് തെരുവ്നായ കടിച്ച കൊല്ലം സ്വദേശിനിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വാക്സീന്‍ അവസാന ഡോസ് എടുക്കുന്നതിനു മുന്‍പ് പനി അനുഭവപ്പെടുകയായിരുന്നു.

കൊല്ലത്തു ചികിത്സയിലായിരുന്നു കുട്ടിയെ ഇന്നലെയാണ് എസ്എടി ആശുപത്രിയില്‍ എത്തിച്ചത്. ഏപ്രില്‍ എട്ടിന് ഉച്ചയ്ക്കാണ് വീട്ടുമുറ്റത്തിനു കളിച്ചിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. താറാവിനെ ഓടിച്ചുകൊണ്ടുവന്ന നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ആന്റി റാബിസ് വാക്സിന്‍ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിയിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

Signature-ad

മൂന്നു ഡോസ് വാക്സിന്‍ എടുത്തു. നാലാം ഡോസ് എടുക്കുന്നതിനു മുന്‍പാണ് കുട്ടിക്ക് പനിയുണ്ടായത്. മേയ് 6ന് ആയിരുന്നു നാലം ഡോസ് എടുക്കേണ്ടത്. എന്നാല്‍, ഏപ്രില്‍ 28ന് കുട്ടിക്ക് പനി തുടങ്ങി ആശുപത്രിയില്‍ ചികിത്സ തേടി. ഇതേത്തുടര്‍ന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മലപ്പുറത്ത് വാക്സിന്‍ എടുത്തിട്ടും പേവിഷബാധയെ തുടര്‍ന്ന് അഞ്ചര വയസ്സുകാരി മരിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കൊല്ലത്ത് സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്.

Back to top button
error: