LIFELife Style

വീട്ടിലെ ചൂട് കുറയ്ക്കാന്‍ വാതിലും ജനാലയുമെല്ലാം തുറന്നിടാറുണ്ടോ? കാട്ടുന്നത് അബദ്ധമാണേ…

വേനല്‍ച്ചൂടില്‍ ഉരുകിയൊലിക്കുകയാണ് നാടും നഗരവും. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് പ്രവചനം. ഫാനോ എ.സിയോ ഇല്ലാതെ വീടിനകത്ത് ഒരു നിമിഷം പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. എന്നാല്‍, ചൂട് കുറയ്ക്കാനായി ഫാനും എസിയും ഇടുന്നതും ജനാലകള്‍ പകല്‍ നേരം തുറന്നിടുന്നതുമെല്ലാം പലപ്പോഴും വിപരീത ഫലമാണ് നല്‍കുന്നത്.

വേനല്‍ക്കാലത്ത് വീട്ടിലെ ചൂട് കുറയ്ക്കാന്‍ വാതിലും ജനാലയുമെല്ലാം തുറന്നിടുന്ന രീതിയാണ് മിക്കവാറും പേരും പിന്തുടരുന്നത്. എന്നാല്‍ ഇത് വീടിനുള്ളിലെ ചൂട് കൂട്ടും. വീട്ടിനുള്ളിലെ വസ്തുക്കളെയും ചൂട് ബാധിക്കുകയും മുറികളില്‍ ചൂട് നിലനില്‍ക്കുകയും ചെയ്യും. അതിനാല്‍ പകല്‍ മുഴുവനും ജനാല തുറന്നിടരുത്. ജനാല തുറന്നിട്ട് ഫാന്‍ ഇട്ട് കിടന്നാലും ചൂട് ഒട്ടും കുറയാത്ത അവസ്ഥയായിരിക്കും. ഈ ചൂട് രാത്രി ആയാലും റൂമില്‍ തങ്ങി നില്‍ക്കുന്നതിന് കാരണമാകും. പകല്‍ ജനാല തുറക്കരുത്. കര്‍ട്ടന്‍ ഇട്ട് മൂടി ഇടണം. ജനാലയില്‍ സൂര്യപ്രകാശം കടക്കാന്‍ സാധിക്കാത്ത വിധത്തില്‍ കൂളര്‍ ഗ്ലാസ് ഒട്ടിക്കുന്നതും നല്ലതാണ്.

Signature-ad

ജനാല പകല്‍ തുറന്നിടുന്നതിന് പകരം രാത്രിയില്‍ തുറന്നിടുന്നതാണ് നല്ലത്. ഇത് തണുത്ത വായു വീടിനകത്ത് കയറുന്നതിന് സഹായിക്കുന്നു, അതുപോലെ ടേബിള്‍ ഫാന്‍ ഉള്ളവര്‍ ജനാലയോട് ചേര്‍ന്ന് ഫാന്‍ വയ്ക്കുന്നത് നല്ലതായിരിക്കും, ഇത് റൂമിനകത്തെ ചൂട് വായു പുറത്തേക്ക് പോകുന്നതിനും പുറത്ത് നിന്ന് തണുത്ത വായു അകത്തേക്ക് കയറുന്നതിനും വളരെയധികം സഹായിക്കും. നല്ല സുഖമായി നിങ്ങള്‍ക്ക് കിടന്നുറങ്ങാനും സാധിക്കും.

രാത്രിയില്‍ ജനാല തുറന്നിട്ടാല്‍ പാമ്പ് പോലുള്ള ക്ഷുദ്രജീവികള്‍ കയറും എന്ന് ഭയമുള്ളവര്‍ കിടക്കുന്നതിന് മുമ്പ് അടച്ചിടാവുന്നതാണ്. മുകള്‍ നിലയിലെ റൂമില്‍ കിടക്കുന്നവരാണെങ്കില്‍ ജനാല തുറന്നിട്ട് കിടക്കുന്നതാണ് നല്ലത്.

ചില നിറങ്ങള്‍ക്ക് പ്രത്യേകിച്ച് നീല, കറുപ്പ് നിറങ്ങള്‍ക്ക് ചൂടിനെ വേഗത്തില്‍ ആകര്‍ഷിക്കാന്‍ കഴിയും. അതിനാല്‍ ഇത്തരം നിറങ്ങള്‍ വേനല്‍ക്കാലത്ത് വീട്ടില്‍ നിന്ന് ഒഴിവാക്കുന്നത് ഗുണം ചെയ്യും. കര്‍ട്ടന്‍, ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍ എന്നിവയെല്ലാം വെള്ള, ഇളം നിറം എന്നിവ തിരഞ്ഞെടുക്കാം. കോട്ടണ്‍ തുണിത്തരങ്ങള്‍ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

മുറ്റവും പറമ്പുമെല്ലാം രാത്രിയില്‍ നനച്ചിടുന്നതും തണുപ്പ് ലഭിക്കാന്‍ സഹായിക്കും. നനഞ്ഞ തുണി റൂമില്‍ ഇട്ട് ഫാന്‍ ഇടുന്നതും ചൂട് കുറയ്ക്കും. രാത്രിയില്‍ തറ തുടച്ചിടുന്നതും ചൂട് കുറയ്ക്കും, സീലിംഗ് ഫാന്‍ നല്ല വേഗത ഇടുന്നതിന് പകരം മീഡിയം വേഗതയില്‍ ഉപയോഗിക്കാം. ശേഷം ഒരു വലിയ പാത്രത്തിലോ ബക്കറ്റില്‍ വെള്ളം നിറച്ചശേഷം ഫാനിന്റെ താഴെ വെക്കുക. അല്ലെങ്കില്‍ കാറ്റിന് നേരെയുള്ള ഭാഗത്ത് വെക്കുക. ഇത് മുറിയിലെ തണുപ്പ് നിലനിര്‍ത്തും..

രണ്ട് നേരം കുളിക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച്, രാവിലെ നല്ലപോലെ ചൂട് കൂടുന്നതിന് മുന്‍പ് കുളിക്കുക. ഇത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. അതുപോലെ, കുളിക്കുമ്പോള്‍ നല്ലപോലെ തിളച്ച വെള്ളത്തില്‍ കുളിക്കുന്നതിന് പകരം, തണുത്തവെള്ളത്തില്‍ കുളിക്കാവുന്നതാണ്. അല്ലെങ്കില്‍ ചെറു ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കുക.

ഇത് ശരീരത്തിലെ പേശികള്‍ക്ക് റിലാക്‌സ് നല്‍കുന്നതിനും അതുപോലെ, ചൂട് കുറയ്ക്കാനും സഹായിക്കുന്നു. രാവിലെ കുളിച്ച ഉടനെ വെയിലത്ത് ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കാം. ഇത് നീരിറക്കം ഉണ്ടാകുന്നതിന് കാരണമാകുന്നു. അതപോലെ, ചൂട് കൂട്ടുന്ന ലൈറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതും നല്ലതായിരിക്കും.

 

Back to top button
error: