CrimeNEWS

കോഴിക്കോട് നഗരത്തില്‍ കത്തി ചൂണ്ടി കവര്‍ച്ച; മുഖ്യപ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

കോഴിക്കോട്: നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി യാത്രക്കാരെ കത്തികാണിച്ച് പിടിച്ചുപറിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ചക്കുകടവ് സ്വദേശി മുഹമ്മദ് ഷംസീറിനെ (21) കസബ പോലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു.

ഈ മാസം 27, 28 തീയതികളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപം ബൈക്ക് യാത്രക്കാരനായ ബേപ്പൂര്‍ സ്വദേശിയെയും കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് മുന്‍വശം പാളയം സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവറെയും ഷംസീര്‍ അടങ്ങിയ സംഘം കത്തികാണിച്ച് കുത്തുമെന്ന് ഭീഷണിപ്പെടുത്തി കയ്യിലുള്ള മൊബൈല്‍ ഫോണും പണവും പിടിച്ചു പറിക്കുകയായിരുന്നു.

Signature-ad

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കസബ പോലീസ് മുഖ്യപ്രതിയെയും അയാള്‍ ഉപയോഗിച്ചിരുന്ന വാഹനവും തിരിച്ചറിയുകയും ഇയാളുടെ വീടിനടുത്ത് ചാമുണ്ഡി വളപ്പില്‍ കവര്‍ച്ചക്ക് ഉപയോഗിച്ച സ്‌കൂട്ടറും കത്തിയും പിടിച്ചുപറിച്ച മൊബൈല്‍ ഫോണും അടക്കം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോഴിക്കോട് സിറ്റിയില്‍ കസബ, ഫറോക്ക്, ബേപ്പൂര്‍, പന്നിയങ്കര എന്നീ സ്റ്റേഷനുകളിലായി
നിരവധി മോഷണ, കവര്‍ച്ച, ലഹരി കേസുകളില്‍ പ്രതിയായ ഷംസീര്‍ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചങ്കിലും പോലീസ് ഇയാളെ കീഴ്പ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: