
കൊച്ചി: മലയാള സിനിമയുടെ നഷ്ടക്കണക്കുമായി നിര്‍മ്മാതാക്കള്‍. മാര്‍ച്ച് മാസം റിലീസ് ചെയ്ത സിനിമയുടെ കണക്ക് പുറത്തുവിട്ടു. തീയറ്റര്‍ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടത്.
പുറത്തിറങ്ങിയ 15 സിനിമകളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. മാര്‍ച്ച് മാസം ലാഭം നേടിയത് എമ്പുരാന്‍ മാത്രം. എംപുരാന്റെ ബജറ്റ് 175.65 കോടി രൂപ. ചിത്രം അഞ്ചു ദിവസം കൊണ്ട് 24 കോടി രൂപ വാരി. എമ്പുരാന്റെ അഞ്ചുദിവസത്തെ കണക്കാണ് പുറത്തുവിട്ടത്.

മാര്‍ച്ച് മാസം റിലീസ് ചെയ്ത സിനിമകളില്‍ നിലവില്‍ പ്രദര്‍ശനം തുടരുന്നത് അഞ്ചണ്ണം മാത്രമെന്നും അസോസിയേഷന്‍ അറിയിച്ചു. അഭിലാഷം, എമ്പുരാന്‍, വടക്കന്‍, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍. മാര്‍ച്ച് മാസം റിലീസ് ആയതില്‍ ആറ് സിനിമകളുടെ കളക്ഷന്‍ ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ്.
85 ലക്ഷം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്. സമാനമാണ് ഫെബ്രുവരിയിലെ കണക്കുകളും. ഫെബ്രുവരി മാസത്തില്‍ 17 സിനിമകളാണ് റിലീസായത്. 75.23 കോടി മുതല്‍ മുടക്കിയ ചിത്രങ്ങള്‍ നേടിയത് വെറും 23.55 കോടി രൂപ മാത്രമാണ്.