IndiaNEWS

48 മണിക്കൂറിനിടെ മൂന്ന് ഫ്‌ളാഗ് മീറ്റിങ്ങുകള്‍; ബിഎസ്എഫ് ജവാന്‍ ഇപ്പോഴും പാക്ക് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു പിറ്റേന്ന് പിടിയിലായ ജവാന്‍ പൂര്‍ണം സാഹു ഇപ്പോഴും പാക്ക് കസ്റ്റഡിയില്‍തന്നെ. 48 മണിക്കൂറിനുള്ളില്‍ മൂന്ന് ഫ്‌ളാഗ് മീറ്റിങ്ങുകള്‍ നടത്തിയിട്ടും ഫലമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ദല്‍ജിത് ചൗധരി വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ വിവരം അറിയിച്ചു.

പഞ്ചാബിലെ ഫിറോസ്പുരില്‍ കര്‍ഷകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനിടെയാണ് ബുധനാഴ്ച അബദ്ധത്തില്‍ രാജ്യാന്തര അതിര്‍ത്തി കടന്നതിന് 40കാരനായ പൂര്‍ണം സാഹുവിനെ പാകിസ്ഥാന്‍ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത്. ബിഎസ്എഫ് 182 ാം ബറ്റാലിയന്റെ ഭാഗമായി പഞ്ചാബിലെ ഫെറോസ്പുര്‍ സെക്ടറിലായിരുന്നു പൂര്‍ണം. മൂന്നാഴ്ച മുന്‍പാണ് അവധി കഴിഞ്ഞു തിരികെപ്പോയത്.

Signature-ad

അതിര്‍ത്തിയില്‍ കര്‍ഷകരുടെ തുണയ്ക്കായുള്ള ‘കിസാന്‍ ഗാര്‍ഡ്’ ഡ്യൂട്ടിക്കിടെയാണ് സാഹു പാക്കിസ്ഥാന്റെ പിടിയിലായത്. വേനല്‍ക്കാലത്ത് അതിര്‍ത്തിക്കും സീറോ ലൈനിനുമിടയില്‍ സുരക്ഷാവേലിയില്ലാത്ത ഭാഗങ്ങളില്‍ കൃഷി അനുവദിക്കാറുണ്ട്. രാവിലെ 9 മുതല്‍ 5 മണിവരെ ബിഎസ്എഫിന്റെ നിരീക്ഷണത്തില്‍ ഇവിടെ കര്‍ഷകര്‍ക്കു സഞ്ചരിക്കാം. യൂണിഫോമില്‍ സര്‍വീസ് റൈഫിളുമായി സാഹു തണലുള്ള പ്രദേശത്ത് വിശ്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ പാകിസ്ഥാന്‍ പ്രദേശത്തേക്ക് പ്രവേശിക്കുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സമയത്തായിരുന്നു ഈ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: