തൃശൂരിന്റെ തൊഴില്‍ പൂരം ഇന്ന്; പങ്കെടുക്കുന്നത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍; 151 കമ്പനികള്‍; 35,000 പേര്‍ക്കു തൊഴില്‍ സാധ്യത; വെര്‍ച്വല്‍ മേളയിലെ ഓഫര്‍ ലെറ്ററുകളും വിതരണം ചെയ്യും

വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ശനിയാഴ്ച (26ന്) ഗവ എഞ്ചിനീയറിങ് കോളേജ്, വിമല കോളേജ് എന്നിവിടങ്ങളിലായി നടക്കും. 25000 ത്തിലധികം പേരാണ് ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ഇതുവരെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. 151 തൊഴില്‍ ദാദാക്കളില്‍ നിന്നും 577 വ്യത്യസ്ത തരം മേഖലകളിലായി 35000 തൊഴിലുകള്‍ വിജ്ഞാന തൃശ്ശൂരിലൂടെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. മേളയുടെ രജിസ്ട്രേഷന്‍ തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ ഇന്ന് രാവിലെ 8.30ന് ആരംഭിക്കും. പത്ത് എംപ്ലോയര്‍മാര്‍ പങ്കെടുക്കുന്ന വിര്‍ച്ച്വല്‍ ജോബ് ഫെയറും അപ്രന്റിസ്ഷിപ്പ് ഡ്രൈവും ഇന്‍ഫ്‌ലുവന്‍സേഴ്‌സ് മീറ്റും മെഗാ ജോര്‍ജിന്റെ ഭാഗമായി നടക്കും.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കും. മെഗാ ജോബ് ഫെയറിന് മുന്നോടിയായി സംഘടിപ്പിച്ച വെര്‍ച്ചല്‍ മേളകളില്‍ തൊഴില്‍ ലഭിച്ച 617 ഉദ്യോഗാര്‍ഥികളുടെ ഓഫര്‍ ലെറ്ററുകളും തൊഴിലിലേക്കുള്ള ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട 512 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ജോബ് സ്റ്റേഷനുകള്‍ വഴി വിതരണം ചെയ്യും.

തൊഴില്‍ പൂരത്തിന് വരുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി വടക്കേ സ്റ്റാന്റില്‍ നിന്നും രാവിലെ മുതല്‍ ഗവ എഞ്ചിനീയറിംഗ് കോളേജിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകള്‍ കെ എസ് ആര്‍ ടി സി സജ്ജീകരിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിനായി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കും. വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി ഫയര്‍ അക്കാഡമി, ഡയറ്റ്, രാമവര്‍മ്മപുരം ഗവ. വി എച്ച് എസ് ഇ എന്നിവിടങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണ സൗകര്യത്തിനായി കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടുകള്‍ തൊഴില്‍ മേള നടക്കുന്ന രണ്ട് കോളേജുകളിലും പ്രവര്‍ത്തിക്കും. തൊഴില്‍ മേളയുടെ സുഗമമായ നടത്തിപ്പിനായി എന്‍ എസ് എസ്, എന്‍ സി സി വോളന്റിയര്‍മാരുടെ സേവനവും ഒരുക്കും.
കെ-ഡിസ്‌ക്, കില, ഐ സി റ്റി അക്കാദമി, കുടുംബശ്രീ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളും ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, തൊഴില്‍-വ്യവസായ വകുപ്പ് മുതലായ സര്‍ക്കാര്‍ വകുപ്പുകളും, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്, തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍, തൃശ്ശൂര്‍ ജില്ലയിലെ മുനിസിപ്പാലിറ്റികളും, ബ്ലോക്ക് പഞ്ചായത്തുകളും, ഗ്രാമപഞ്ചായത്തുകളും മെഗാ തൊഴില്‍മേളയിലെ സജീവ പങ്കാളികളാണ്.
മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
തൃശൂരിന്റെ വിജ്ഞാന സമ്പത്ത് ഘടന ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേളയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലും വിമല കോളേജിലുമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ കേരള വികസന മാതൃകകളില്‍ പുതിയ ചരിത്രം രചിക്കുമ്പോള്‍ വിപുലമായ സജ്ജീകരണങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.
മേളയുടെ രജിസ്‌ട്രേഷനായി ഗവ. എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടിലും പരിസരങ്ങളിലുമായി 60 പവലിയനുകളിലായി ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷന്‍ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളുടെ പവലിയനുകളില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായി പ്രത്യേകം കൗണ്ടറുകളും തയ്യാറാക്കി. കൗണ്ടറുകളില്‍ നിന്ന് ലഭ്യമാകുന്ന ക്യൂആര്‍ കോഡിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ച വിവിധ തൊഴിലുകളില്‍ മൂന്ന് തൊഴിലുകള്‍ വരെ തിരഞ്ഞെടുത്ത് ക്ലാസ്‌റൂമുകളില്‍ സജ്ജീകരിച്ചിട്ടുള്ള അഭിമുഖങ്ങളില്‍ പങ്കെടുക്കാം. ഗവ. എഞ്ചിനീയറിങ് കോളേജില്‍ 75 ക്ലാസ് റൂമുകളും വിമല കോളേജില്‍ 65 ക്ലാസ് മുറികളുമാണ് അഭിമുഖത്തിനായി തയ്യാറാക്കിയിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നതിനായി ആവശ്യമായ ദിശാ ബോര്‍ഡുകളും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും മേളയില്‍ ഒരുക്കും.