ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരം: തൃശൂരില്‍ ഇന്ന് അനുസ്മരണ റാലി; സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും

തൃശൂര്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരമര്‍പ്പിച്ചു തൃശൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഇന്ന് അനുസ്മരണ ദിനമായി ആചരിക്കും. വൈകീട്ടു നാലിനു പുത്തന്‍പള്ളി ബസിലിക്ക ദേവാലയത്തില്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
അതിരൂപതയിലെ മുഴുവന്‍ വൈദികരും അല്‍മായ പ്രതിനിധികളും വിശ്വാസികളും പങ്കെടുക്കും. ബസിലിക്ക ദേവാലയത്തില്‍നിന്ന് ആരംഭിക്കുന്ന അനുസ്മരണ പ്രാര്‍ഥനാ റാലി നഗരംചുറ്റി തൃശൂര്‍ സെന്റ് തോമസ് കോളജിലെ മോണ്‍. ജോണ്‍ പാലോക്കാരന്‍ ചത്വരത്തില്‍ സമാപിക്കും. തൃശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോസ് നന്തിക്കര സിഎംഐ അനുസ്മരണ പ്രഭാഷണം നടത്തും.
മതമേലധ്യക്ഷന്‍മാരും സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിക്കും. ഇടവകകളില്‍നിന്ന് റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ ആര്‍ച്ച്ബിഷപ് ഹൗസ് വളപ്പ്, ഡിബിസിഎല്‍സി, പുത്തന്‍ പള്ളി ബൈബിള്‍ ടവര്‍, ലൂര്‍ദ് കത്തീഡ്രല്‍, എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.






