Breaking NewsKeralaLead NewsLIFENEWSNewsthen Special

തൃശൂര്‍ പൂരം വെടിക്കെട്ട്: കേന്ദ്രത്തെ മലര്‍ത്തിയടിച്ച് ‘കേരള ജിംഖാന’; പഴുതുകള്‍ മുതലെടുത്ത് നിര്‍ണായക നീക്കം; എല്ലാം രാഷ്ട്രീയക്കളിയെന്ന് പറഞ്ഞു മുങ്ങിയ സുരേഷ് ഗോപിയുടെ പൊടിപോലുമില്ല; പ്രതിസന്ധി തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കിയതില്‍ ദേവസ്വങ്ങള്‍ക്കും അതൃപ്തി

തൃശൂര്‍: പൂരം അടുത്തെത്തിയിട്ടും വെടിക്കെട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ബിജെപി സര്‍ക്കാരിനു കഴിയാതെ വന്നതോടെ നിര്‍ണായക നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. പെസോയുടെ നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത് വെടിക്കെട്ടിനു സാഹചര്യമൊരുക്കിയതാണു കൈടയി നേടുന്നത്. വെടിക്കെട്ടു വിഷയത്തില്‍ നിരന്തരം ഇടപെട്ടിരുന്ന സുരേഷ് ഗോപിയെയും കേന്ദ്രസര്‍ക്കാരിനെയും നോക്കുകുത്തിയാക്കി മലര്‍ത്തിയടിച്ചിരിക്കുകയാണു ‘കേരള ജിംഖാന’.

പെസോയുടെ പുതിയ ഭേദഗതികള്‍ വെടിക്കെട്ടിനു തടസമാകുമെന്നു പലവട്ടം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സുരേഷ് ഗോപി ആദ്യം ഇടപെട്ടതും പൂരം വെടിക്കെട്ടിലാണ്. ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ തൃശൂരില്‍ കൊണ്ടുവന്ന് ചര്‍ച്ച നടത്തുകയും പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനം സന്ദര്‍ശിക്കുകയും ചെയ്തിരുന്നുവെങ്കിലും പുതിയ നിയമഭേദഗതി വന്നതോടെ കേന്ദ്രത്തിന് പിന്നീട് അധികം മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല.

Signature-ad

കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ദേവസ്വം ഭാരവാഹികള്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ സുരേഷ് ഗോപി അവസരം ഒരുക്കിയിരുന്നുവെങ്കിലും പുതിയ ഭേദഗതി സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്തുന്ന കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. വീണ്ടും ദേവസ്വം ഭാരവാഹികളെ ഡല്‍ഹിക്ക് കൊണ്ടുപോയി കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും അതും ഉണ്ടായില്ല. വെടിക്കെട്ടില്‍ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ‘ഇതെല്ലാം രാഷ്ട്രീയക്കളിയാണെന്നും ദേവസ്വങ്ങളെ മന്ത്രിക്കു മുന്നിലിരുത്തിക്കൊടുത്തതാണെ’ന്നും പറഞ്ഞു കൈയൊഴിയുകയാണുണ്ടായത്.

വെടിക്കെട്ടിന്റെ നിയമ തടങ്ങള്‍ നീങ്ങാനായി കോടതിയെ സമീപിക്കാന്‍ ദേവസ്വങ്ങള്‍ ഒരുങ്ങുന്നതിനിടെ ജില്ലാ ഭരണകൂടം അഡ്വക്കേറ്റ് ജനറലുമായി വിഷയം ചര്‍ച്ച ചെയ്യുകയും വേലയ്ക്ക് വെടിക്കെട്ട് നടത്തിയ പോലെ പൂരത്തിന് വെടിക്കെട്ട് നടത്താന്‍ കഴിയുമോ എന്ന കാര്യം സജീവമായി പരിശോധിക്കുകയും ചെയ്തു. നിയമതടസമില്ലെന്ന് എജി വ്യക്തമാക്കിയതോടെ വെടിക്കെട്ടിനു ഭീഷണിയാകുന്ന നിയമ തടസം മാറി. ഫയര്‍ലൈന്‍ ഉള്ളിലേക്ക് നീക്കി കാണികളുമായുള്ള ദൂരപരിധിയിലെ പ്രശ്‌നവും പരിഹരിക്കാന്‍ ദേവസ്വങ്ങള്‍ തീരുമാനിച്ചതോടെ വെടിക്കെട്ടിന്റെ അവശേഷിച്ചിരുന്ന ആശങ്കയും നീങ്ങി.

കൂടുതല്‍ പേര്‍ക്ക് വെടിക്കെട്ട് സ്വരാജ് റൗണ്ടില്‍ നിന്നും കാണാന്‍ സൗകര്യം കിട്ടുന്ന തരത്തില്‍ നടത്തുന്ന ഒരുക്കങ്ങളും വെടിക്കെട്ട് കമ്പക്കാര്‍ക്ക് ആഹ്ലാദം പകരുന്ന സര്‍ക്കാര്‍ നടപടിയായി. വെടിക്കെട്ട് നടക്കുന്ന സ്ഥലവും പരിസരവും കഴിഞ്ഞദിവസം സന്ദര്‍ശിച്ച മന്ത്രി കെ. രാജന്‍ ഇത്തവണ തൃശൂര്‍ പൂരം കൂടുതല്‍ ഭംഗിയായി നടത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് പൂരത്തിന്റെ പ്രാമാണ്യം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്.

ഫയര്‍ലൈന്‍ ഇപ്പോഴുള്ളതിനേക്കാള്‍ അല്‍പം ഉള്ളിലേക്കു നീക്കി സാമ്പിളും വെടിക്കെട്ടും നടത്തും. പെസോ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് നിയമ ചട്ടലംഘനം നടത്താതെ തന്നെ വെടിക്കെട്ട് ഭംഗിയാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഫയര്‍ ലൈന്‍ ഉള്ളിലേക്ക് നീക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വെടിക്കെട്ട് നടത്തുന്ന ഡിസ്‌പ്ലേ ഗ്രൗണ്ട് അഥവാ ഫയര്‍ ലൈനില്‍ നിന്നും കാണികളുമായുള്ള ദൂരം ഫയര്‍ലൈന്‍ ഉള്ളിലേക്ക് നീക്കുന്നതോടെ വെടിക്കെട്ട് അനുശാസിക്കുന്ന അകലത്തില്‍ ആകും. വെടിക്കെട്ട് നടക്കുന്ന സമയത്ത് വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന മാഗസിന്‍ പൂര്‍ണമായും ഒഴിച്ചിടും. ഇതോടെ ഫയര്‍ ലൈനും മാഗസിനും തമ്മിലുള്ള ദൂരം സംബന്ധിച്ച നിര്‍ദ്ദേശവും പ്രശ്‌നമില്ലാത്ത രീതിയില്‍ പരിഹരിക്കാന്‍ ആവും. മാഗസിനകത്ത് വെടിക്കോപ്പുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ദൂരപരിധി കര്‍ശനമാകുകയുള്ളൂ. എന്നാല്‍ ഇത്തവണ മാഗസിന്‍ ഒഴിവാക്കിയിടുന്നതിനാല്‍ ഈ പ്രശ്‌നവും തലവേദനയാകില്ല.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വെടിക്കെട്ട് നടക്കുന്ന സമയത്ത് മാഗസിനകത്ത് വളരെ കുറഞ്ഞ അളവിലുള്ള വെടിമരുന്നും അമിട്ടുകളും മാത്രമാണ് ഉണ്ടാകാറുള്ളത് എന്ന് വെടിക്കെട്ട് ലൈസന്‍സികള്‍ പറഞ്ഞു. ഇത്തവണ അതും മാഗസിനകത്ത് ഉണ്ടാകില്ല. സാധാരണ പോലെ വെടിക്കോപ്പുകള്‍ മാഗസിനകത്ത് സ്റ്റോക്ക് ചെയ്ത് വെടിക്കെട്ട് നടക്കുന്ന സമയത്ത് മാഗസിന്‍ പൂര്‍ണമായും കാലിയാക്കി ഇടാനാണ് തീരുമാനിച്ചിട്ടുള്ളത്. നേരത്തെ പാറമേക്കാവ് – തിരുവമ്പാടി വേലയുടെ ഭാഗമായുള്ള വെടിക്കെട്ട് ഇത്തരത്തിലാണ് നടത്തിയത്.

ഫയര്‍ ലൈന്‍ അല്പം ഉള്ളിലേക്ക് നീക്കുന്നത് കൊണ്ട് കാണികള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും വെടിക്കെട്ട് കാണുന്നതിന് ഉണ്ടാകില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പതിനെണ്ണായിരം വെടിക്കെട്ട് കമ്പക്കാര്‍ക്ക് അധികമായി സ്വരാജ് റൗണ്ടില്‍ നിന്നുകൊണ്ട് തൃശൂര്‍ പൂരം വെടിക്കെട്ട് ആസ്വദിക്കാമെന്ന് മന്ത്രി കെ. രാജന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

സ്വരാജ് റൗണ്ടില്‍ത്തന്നെ 250 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയിലാണ് ഇത്തവണ വെടിക്കെട്ട് പ്രേമികള്‍ക്ക് നില്‍ക്കാനുള്ള സജ്ജീകരണം ഒരുക്കുന്നത്. സാമ്പിള്‍ വെടിക്കെട്ടിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നും അതിന് പുതിയൊരു ഡിസൈന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും തൃശൂര്‍ പൂരത്തിന്റെ എല്ലാ ശോഭയും വെടിക്കെട്ടിന് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: