KeralaNEWS

‘എമ്പുരാൻ’ തരംഗം കെട്ടടങ്ങി, ‘തുടരും’ നാളെ: മോഹൻലാൽ- ശോഭന താരജോഡിയുടെ ഈ ഫാമിലി ഡ്രാമ തരംഗമാകുമോ…? 

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘തുടരും’ നാളെ തീയേറ്ററുകളിൽ എത്തും. മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നതും, ‘ഓപ്പറേഷൻ ജാവ’, ‘തല്ലുമാല’ എന്നീ ഹിറ്റുകൾക്കു  ശേഷം യുവ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്നു എന്നതുമെല്ലാം ഈ ചിത്രത്തിൻ്റെ പ്രധാന ആകർഷണങ്ങളാണ്.

ഏപ്രിൽ 25 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചപ്പോൾത്തന്നെ വൻ പ്രതികരണമാണ് ലഭിച്ചത്.
രാവിലെ 10 മണിക്ക് ആരംഭിച്ച അഡ്വാൻസ് ബുക്കിംഗിൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽത്തന്നെ പതിനായിരത്തിലധികം ടിക്കറ്റുകൾ വിറ്റുപോയി. സിനിമയുടെ ഈ തകർപ്പൻ ബുക്കിംഗ് ട്രെൻഡ് വരും മണിക്കൂറുകളിൽ റെക്കോർഡ് തലത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ.

Signature-ad

സിനിമയുടെ ആദ്യ പ്രദർശനം രാവിലെ 10 മണിക്കായിരിക്കും.
‘എമ്പുരാൻ്റെ’ ഫാൻസ് ഷോ രാവിലെ 6 മണിക്ക് ആരംഭിച്ചു. പക്ഷേ ‘തുടരും’ സിനിമയ്ക്ക് ഫാൻസ് ഷോ ഇല്ല. അതിലുള്ള നിരാശ ചില ആരാധകർ പങ്കുവെക്കുന്നു.

ഫാമിലി ഡ്രാമ വിഭാഗത്തിലുള്ള ‘തുടരും’ ചിത്രത്തിൽ മോഹൻലാൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് എത്തുന്നത്. സിനിമയുടെ ഇതുവരെയുള്ള ടീസറുകളും ട്രെയിലറുകളും നർമ്മ മുഹൂർത്തങ്ങൾക്കും, കുടുംബ ബന്ധങ്ങളുടെ ആഴത്തിലുള്ള ഇമോഷൻസിനുമൊപ്പം ഒരു ചെറിയ നിഗൂഢതയും ഒളിപ്പിച്ചുവെക്കുന്നു.  ട്രെയിലർ നൽകുന്ന സൂചന പ്രകാരം  മോഹൻലാലിൻ്റെ ഊർജ്ജസ്വലമായ പ്രകടനം തന്നെയായിരിക്കും ഈ സിനിമയുടെ പ്രധാന ആകർഷണം.

മാത്രമോ, 20 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘തുടരും’ സിനിമയ്ക്കുണ്ട്. ഇരുവരും ഇതിനുമുമ്പ് ഒന്നിച്ച് അഭിനയിച്ചത് 2004 ൽ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ്. പിന്നീട് 2009 ൽ പുറത്തിറങ്ങിയ ‘സാഗർ ഏലിയാസ് ജാക്കി’യിൽ ഇരുവരും അഭിനയിച്ചിട്ടുണ്ടെങ്കിലും, ജോഡികളായിരുന്നില്ല.

‘തുടരും’ എന്ന സിനിമയിലൂടെ മോഹൻലാലും ശോഭനയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുമ്പോൾ, മലയാളി പ്രേക്ഷകർക്ക് അതൊരു മനോഹരമായ ഒത്തുചേരൽ അനുഭവമായിരിക്കും എന്നതിൽ സംശയമില്ല. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച വിവരം അറിയിച്ചുകൊണ്ട് അണിയറ പ്രവർത്തകർ മോഹൻലാൽ തൻ്റെ തനത് സ്റ്റൈലിൽ തോൾ ചരിച്ച് നടക്കുന്ന ഒരു ആകർഷകമായ വീഡിയോ പുറത്തുവിട്ടിരുന്നു. സിനിമയുടെ പ്രൊമോഷൻ ഗാനത്തിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കുകയും പ്രേക്ഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു.

Back to top button
error: