ഒരു മണിക്കൂര്‍ കനത്ത കാറ്റും മഴയും; തൃശൂര്‍ നഗരത്തില്‍ വ്യാപക നാശം; ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചു; 35 പോസ്റ്റുകള്‍ ഒടിഞ്ഞു; സ്വരാജ് റൗണ്ടില്‍ മരങ്ങള്‍ കടപുഴകി; ബൈക്കില്‍ വച്ച ഹെല്‍മെറ്റുകളും പറന്നുപോയി; നഗരം മണിക്കൂറുകള്‍ ഇരുട്ടില്‍

തൃശൂര്‍: തൃശൂരില്‍ ഒരു മണിക്കൂറോളം പെയ്ത കനത്ത വേനല്‍ മഴയിലും കാറ്റിലും വ്യാപകനാശം. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ശക്തമായ കാറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ ചരിഞ്ഞുവീണു. കനത്ത മഴയില്‍ കുറുപ്പം റോഡിലെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്പ്പറേഷന് മുന്നിലുള്ള മൊബൈല്‍ ലൈബ്രറി മറിഞ്ഞുവീണു. പലയിടത്തായി വ്യാപക നാശമുണ്ടായതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
തൃശൂര്‍ കുറുപ്പം റോഡിലെ വ്യാപാരസ്ഥാപനങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയില്‍. നായ്ക്കനാലിലെ ട്രാന്‍സ്ഫോര്‍മറില്‍ പൊട്ടിത്തെറി. തൃശൂര്‍ പാലസ് റോഡില്‍ മരം ഒടിഞ്ഞുവീണു. സ്വരാജ് റൗണ്ടില്‍ മരങ്ങള്‍ കടപുഴകി വീണു. കിഴക്കുംപാട്ടുകര സന്തോഷ് റോഡില്‍ മരങ്ങള്‍ വീണു. ഒല്ലൂക്കര ക്ഷേത്രത്തിന് മുന്നിലെ ആല്‍മരവും കടപുഴകിവീണു.

അയ്യന്തോള്‍ സെക്ഷന്‍ പരിധിയില്‍ മാത്രം ചൊവ്വാഴ്ച വൈകീട്ട് ഏഴിനുണ്ടായ കാറ്റിലും മഴയിലും നാല്പതോളം പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. പല സ്ഥലങ്ങളിലും ലൈനില്‍ മരങ്ങള്‍ വീണ് കിടക്കുന്നുണ്ട് കമ്പികള്‍ പൊട്ടിയിട്ടുണ്ട്. ഇവ എല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വൈദ്യുതി പുന:സ്ഥാപിക്കുകയുള്ളൂവെന്നു കെഎസ്ഇബി അയ്യന്തോള്‍ സെക്്ഷനും അറിയിച്ചു.
പലയിടത്തും ഗതാഗതം സ്തംഭിച്ചു. കനത്ത കാറ്റില്‍ നിരവധി മരങ്ങളും മരക്കൊമ്പുകളും ഒടിഞ്ഞു വീണു. മരങ്ങള്‍ വീണു പലയിടങ്ങളിലും വൈദ്യുതി കമ്പികള്‍ തകര്‍ന്നു. മണിക്കൂറുകളായി നഗരം ഇരുട്ടിലാണ്. വൈദ്യുതി വകുപ്പ് ജീവനക്കാര്‍, ഫയര്‍ഫോഴ്സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ മരക്കൊമ്പുകള്‍ വെട്ടിമാറ്റുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥ നിര്‍ദേശ പ്രകാരം പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം നീട്ടിയിട്ടുണ്ട്. നിരത്തുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളാണ് ശക്തമായ കാറ്റില്‍ ചരിഞ്ഞുവീണത്. ബൈക്കില്‍ വെച്ചിരുന്ന ഹെല്‍മെറ്റുകളും പറന്നുപോയി. വൈകിട്ട് ഏഴുമണിയോടെ തുടങ്ങിയ മഴ യാത്രക്കാരെയും വലച്ചു.
തൃശൂരില്‍ കഴിഞ്ഞ ദിവസവും വേനല്‍ മഴ പെയ്തിരുന്നു. മഴ ശക്തമായതോടെ കടകള്‍ പലതും നേരത്തെ അടച്ചിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ നടന്നു വരുന്ന കുറുപ്പം റോഡില്‍ താഴ്ന്ന സ്ഥലങ്ങളിലുള്ള കടമുറികളിലേയ്ക്കാണ് വെള്ളം കയറിയത്. കഴിഞ്ഞ ദിവസത്തെ മഴയിലും ഈ ഭാഗങ്ങളില്‍ കടകളിലേയ്ക്ക് വെള്ളം ഇരച്ചെത്തിയിരുന്നു. റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് വെള്ളം കയറുന്നതിന് കാരണമെന്ന് കടയുടമകള്‍ ആരോപിച്ചു.
മൊബൈല്‍ ഷോപ് , ഇലക്ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയിലെല്ലാം വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാരാര്‍ റോഡിലേക്ക് ഒരു പ്ലാവ് ഒടിഞ്ഞു വീണു. യാത്രക്കാരില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ചെട്ടിയങ്ങാടി റോഡിന് ഇരുവശവുമുള്ള കടകളിലും വെള്ളം കയറ്റി. പാലസ് റോഡിലും കാറ്റില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞു വീണു. കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ്, ശക്തന് സ്റ്റാന്‍സ് പരിസരങ്ങളലെ റോഡുകളും വെള്ളക്കെട്ടില്‍ മുങ്ങി യാത്രക്കാര്‍ ദുരിതത്തിലായി.