നുണക്കുഴിക്കു ശേഷം വീണ്ടും ജീത്തു ജോസഫ്; ‘വലതുവശത്തെ കള്ളന്‍’; യേശുക്രിസ്തുവിനെ കുരിശിലേറ്റിയതുമായി ചേര്‍ത്തു വായിക്കുന്നതാകുമോ സിനിമ? കുറ്റാന്വേഷണമെന്നും സൂചന

കൊച്ചി: പുതിയ സിനിമ പ്രഖ്യാപിച്ച് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ്. മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമന്‍, നേര് തുടങ്ങി മലയാള സിനിമയിലെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് പുതിയ ചിത്രത്തിന്റെ പേര് ‘വലതുവശത്തെ കള്ളന്‍’ (valathuvasathe kallan) എന്നാണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശിലില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്റെ കുറ്റങ്ങള്‍ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് ടൈറ്റില്‍ സൂചന നല്‍കുന്നത്. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളന്‍’ ടൈറ്റില്‍ ലുക്ക് പുറത്തിറക്കിയിരിക്കുന്നത്.

ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഒരു മേശയില്‍ പൊലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയര്‍ലെസും താക്കോല്‍കൂട്ടവും കണ്ണടയും ഇരിക്കുന്നതാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. മേശയുടെ ഇരുവശങ്ങളില്‍ രണ്ടുപേര്‍ ഇരിക്കുന്നതായും ചെറിയ സൂചന പോസ്റ്ററിലുണ്ട്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാനിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബേസില്‍ ജോസഫ് നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം. ഈ പടം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.