ഇഡി ആരെ വേട്ടയാടുന്നുവോ അവര്‍ക്കൊപ്പം; സിപിഎമ്മിന് ഇക്കാര്യത്തില്‍ രണ്ടു നിലപാടില്ലെന്ന് എം.എ. ബേബി; ‘ചില പാര്‍ട്ടികള്‍ സിപിഎം നേതാക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ ബിജെപിക്ക് അനുകൂലമായി സംസാരിക്കും’

ചെന്നൈ: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ നിലപാട് പറഞ്ഞ് സിപിഎം. ഇഡി ആരെ വേട്ടയാടുന്നോ അവര്‍ക്കൊപ്പമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇക്കാര്യത്തില്‍ സിപിഎമ്മിന് രണ്ട് നിലപാട് ഇല്ല. എന്നാല്‍ ചില പാര്‍ട്ടികള്‍ സിപിഎമ്മിന്റെ നേതാക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ ബിജെപിക്ക് അനുകൂലമായി വര്‍ത്തമാനം പറയുമെന്നും ബേബി ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് ഡിഎംകെയും രംഗത്തെത്തി. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ നീക്കത്തെ അപലപിക്കുന്നുവെന്ന് ടി.ആര്‍ ബാലു. ഇ.ഡി നീക്കം ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തക സമിതിയോഗത്തില്‍ ബിജെപിയേ രാഹുല്‍ ഗാന്ധി ശക്തമായി വിമര്‍ശിക്കുകയും ജനദ്രോഹനയങ്ങള്‍ പുറത്ത് കൊണ്ടുവരികയും ചെയ്തതിനാലെന്നും ബാലു പറഞ്ഞു. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാന്‍ ധൈര്യമില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള നടപടി ബിജെപി സ്വീകരിക്കുന്നതെന്നും ബാലു വിമര്‍ശിച്ചു.

ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഫോണില്‍വിളിച്ചിരുന്നു. ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ വിജയിച്ചതില്‍ അഭിനന്ദിച്ചു. ഇക്കാര്യം സ്റ്റാലിന്‍ തന്നെയാണു മാധ്യമങ്ങളോടു പറഞ്ഞത്. ഇതൊരു ഒറ്റയ്ക്കുള്ള വിജയമായി കാണുന്നില്ല. സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ തെരഞ്ഞെടുപ്പില്ലാതെ അധികാരത്തിലെത്തുന്ന കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്നതിനെതിരേ കര്‍ശനമായി മുന്നോട്ടു പോകാനും തീരുമാനിച്ചിരുന്നു. ഞങ്ങള്‍ക്കു സിപിഎമ്മുമായുള്ള അടുപ്പം സമ്മേളനത്തോടെ വര്‍ധിച്ചു. അതു ഇനിയും വളരുമെന്നാണു കരുതുന്നതെന്നു അദ്ദേഹം പറഞ്ഞു.