CrimeNEWS

നാട്ടുകാര്‍ക്ക് മുഴുവന്‍ തലവേദന, പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നാലെ പ്രതിയുടെ വീട് കത്തിനശിച്ച നിലയില്‍

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തി നശിച്ച നിലയില്‍. വെള്ളയില്‍ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്. കടുത്ത മദ്യപാനിയായ ഫൈജാസ് മറ്റ് മാരക ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടെന്ന് സ്ഥലം കൗണ്‍സിലര്‍ ആരോപിച്ചു.

കഴിഞ്ഞ ഞായറാഴ്ച ഫൈജാസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഈ കേസിലാണ് ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് ഫൈജാസിന്റെ വീട് ഭാഗികമായി കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.

Signature-ad

ഇയാള്‍ മദ്യപിച്ചാല്‍ സമീപത്തെ വീടുകളുടെ വാതിലില്‍ മുട്ടി ബഹളം വയ്ക്കുന്ന പതിവുണ്ടെന്ന് കൗണ്‍സിലര്‍ പറയുന്നു. നാട്ടിലേക്ക് പുറത്ത് നിന്ന് ആര് വന്നാലും ഫൈജാസ് ചോദ്യം ചെയ്യുമെന്നാണ് മറ്റൊരു ആരോപണം. ഇത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഭട്ട് റോഡില്‍ വച്ച് നാട്ടുകാരനായ ഒരാളെ ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും കൗണ്‍സിലര്‍ ആരോപിച്ചു. ഫൈജാസ് ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നതെന്നും ഇവിടെ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നത് പതിവാണെന്നും കൗണ്‍സിലര്‍ പറഞ്ഞു.

Back to top button
error: