CrimeNEWS

അപ്പോള്‍ നാളെ രാവിലെ 10 മണി! ഷൈന്‍ വീട്ടിലില്ല, നോട്ടീസുമായി നേരിട്ടെത്തി പൊലീസ്; ഓലപ്പാമ്പെന്ന് ‘ചാച്ചന്‍’

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പൊലീസിന്റെ നോട്ടീസ്. ഷൈന്റെ തൃശൂര്‍ തൈപ്പറമ്പിലെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. ഷൈന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ വീട്ടുകാര്‍ക്ക് പൊലീസ് നോട്ടീസ് കൈമാറി. ഷൈന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കുടുംബം അറിയിച്ചെന്നും പൊലീസ് പറഞ്ഞു. ഷൈനിന്റെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും ഓണ്‍ ആണ്. സമൂഹമാധ്യമങ്ങളിലും നടന്‍ സജീവമാണ്.

നാളെ രാവിലെ പത്തിന് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിര്‍ദേശം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ലഹരി പരിശോധനയ്ക്ക് ഡാന്‍സാഫ് സംഘമെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഷൈന്‍ പ്രകോപനമേതുമില്ലാതെ ഇറങ്ങി ഓടിയതിലാണ് പൊലീസ് വിശദീകരണം തേടുക.

Signature-ad

അതേസമയം, ഷൈന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്ന് പിതാവ് ചാക്കോ മാധ്യമങ്ങളോടു പറഞ്ഞു. ഇങ്ങനെ പല ഓലപ്പാമ്പുകള്‍ വരുെമന്നും കേസാകുമ്പോള്‍ നോക്കാമെന്നും പിതാവ് പ്രതികരിച്ചു. രാവിലെ 10ന് ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.

ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ തൃശൂര്‍ വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. നിലവില്‍ ഇയാള്‍ പൊള്ളാച്ചിയിലെ റിസോര്‍ട്ടിലാണെന്നാണ് സൂചന. അതിനിടെ, പകല്‍ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളോട് പൊലീസ് വിവരങ്ങള്‍ തേടി. ഇതില്‍ ഒരു യുവതിയുമായി ഷൈന്‍ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

Back to top button
error: