Breaking NewsIndiaNEWS

മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്രത്തിലെത്തിയ കുഞ്ഞിനെ കടുവകൊന്നു; മുത്തശ്ശിയുടെ കൈപിടിച്ച് നടന്ന ഏഴുവയസുകാരനെ കാട്ടില്‍നിന്ന് ചാടിവീണ് കഴുത്തില്‍ കടിച്ചെടുത്ത് ഓടി; തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി

ജെയ്പുര്‍: അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പലത്തില്‍ എത്തിയ ഏഴുവയസുകാരനെ കടുവ കൊന്നു. മുത്തശ്ശനും അമ്മാവനും നോക്കി നില്‍ക്കെയാണ് സംഭവം. രാജസ്ഥാനിലെ രണ്‍തംഭോര്‍ ദേശീയ പാര്‍ക്കിനുള്ളിലാണ് ദാരുണസംഭവമുണ്ടായത്. കാര്‍ത്തിക് സുമന്‍ എന്ന കുട്ടിയാണ് കൊല്ലപ്പട്ടത്. മുത്തശ്ശിയുടെ കൈ പിടിച്ച് ഇരുന്ന കുട്ടിയെ കാട്ടില്‍ നിന്നും ചാടി വീണ കടുവ കഴുത്തില്‍ കടിച്ചെടുത്ത് ഓടുകയായിരുന്നു. നടുങ്ങിപ്പോയ തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാര്‍ത്തികുമായി കടുവ കുറ്റിക്കാട്ടിലേക്ക് മറഞ്ഞിരുന്നുവെന്നും മുത്തശ്ശി പൊലീസിനോട് പറഞ്ഞു.

ബുന്ദി ജില്ലയില്‍ നിന്നുമാണ് കാര്‍ത്തികും കുടുംബവും ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്. അമ്പലത്തില്‍ കയറി പുറത്തിറങ്ങി ഇവര്‍ നിരവധി ചിത്രങ്ങളുമെടുത്തു. ജീന്‍സും നീല ടീ ഷര്‍ട്ടുമിട്ട് ചിരിച്ചിരിക്കുന്ന കാര്‍ത്തികിന്റെ ചിത്രം വേദനയുണ്ടാക്കുന്നതാണ്.

Signature-ad

കുട്ടിയെ കടുവ പിടിച്ചുവെന്ന വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം വീണ്ടെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കാര്‍ത്തികിനെ കൊന്ന നരഭോജിക്കടുവയെ ഇനിയും കണ്ടെത്താനായില്ല. പ്രദേശത്ത് മൂന്ന് പെണ്‍കടുവകളുണ്ടെന്നും നിരീക്ഷിച്ച് വരികയാണെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഏഴുവയസുകാരന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ത്രിനേത്ര ഗണേശ ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കണമെന്നും റോഡിലൂടെ എങ്ങനെ നടക്കുമെന്നതിലടക്കം ആശങ്കയാണ് ഉള്ളതെന്നും മന്ത്രി കിരോഡി ലാല്‍ മീണ ആവശ്യപ്പെട്ടു.

രണ്‍തംഭോറില്‍ മാത്രം എഴുപതിലേറെ കടുവകളാണുള്ളത്. 1520 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് സാധാരണഗതിയില്‍ ഒരു പെണ്‍കടുവയുടെ വിഹാര കേന്ദ്രം. ആണ്‍കടുവയാണെങ്കില്‍ ഇതിന്റെ പത്തിരട്ടി സ്ഥലത്താണ് വിഹരിക്കുക. കേവലം 300 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഉദ്യാനത്തിന്റെ കേന്ദ്രഭാഗമെന്നതിനാല്‍ കടുവകള്‍ നാട്ടിലേക്കിറങ്ങുകയാണെന്നും ഇതാണ് പ്രശ്‌നത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: