കോണ്‍ഗ്രസ് പുനസംഘടനയുണ്ടോ? പുകമറ സൃഷ്ടിക്കാതെ നേതാക്കള്‍ നിലപാട് വ്യക്തമാക്കണം: കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനം; വാര്‍ത്തകള്‍ ഗുണം ചെയ്യുന്നില്ല; ചിലര്‍ പിണറായി സ്തുതി കൊഴുപ്പിക്കുന്നെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടു വ്യക്തമാക്കണമെന്നും യോഗത്തില്‍ വിമര്‍ശനം. തിരുവനന്തപുരത്തു ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണു വിമര്‍ശനം. പുനസംഘടനയുണ്ടെങ്കിലും ഇല്ലെങ്കിലും അക്കാര്യം വ്യക്തമാക്കണം. തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ നേതൃതലത്തില്‍ അവ്യക്തതയുണ്ടാകുന്നതു പാര്‍ട്ടിക്കു തിരിച്ചടിയാകും.
പ്രസിഡന്റ് കെ. സുധാകരനെയും ഡിസിസി പ്രസിഡന്റുമാരെയും മാറ്റുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരനും കെ. മുരളീധരന്റെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായി. പിണറായി സ്തുതിയുമായി പല നേതാക്കളും രംഗം കൊഴുപ്പിക്കുന്നെന്നു പറഞ്ഞായിരുന്നു വിമര്‍ശനം.

കേരളത്തില്‍ പുനസംഘടന ആവശ്യമാണെന്നാണു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷ പദവിക്കു കെ.സുധാകരന്‍ യോഗ്യനെങ്കിലും അദ്ദേഹത്തെ ഇടവിട്ട് അലട്ടുന്ന ആരോഗ്യപ്രശ്‌നമാണു കാരണമായി ചൂണ്ടിക്കാട്ടിയത്. നേതൃമാറ്റം വേണ്ടെന്നും സുധാകരന്‍ തുടരട്ടെയെന്നും പരസ്യമായി അഭിപ്രായപ്പെട്ട ചില നേതാക്കളും സംഘടനയില്‍ പരിഷ്‌കാരവും നേതൃമാറ്റവും വേണമെന്ന അഭിപ്രായമാണു ദീപ ദാസ്മുന്‍ഷിക്കു മുന്നില്‍ വച്ചത്.
തിരഞ്ഞെടുപ്പൊരുക്കം ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരിയില്‍ ചേര്‍ന്ന കേരള നേതാക്കളുടെ യോഗത്തിലും നേതൃമാറ്റം ചര്‍ച്ചയായിരുന്നു. മാര്‍ച്ചിതന്നെ മാറ്റമുണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. ഇതിനൊപ്പം തന്നെ 10 ഡിസിസികളുടെ പുനഃസംഘടനയും നേതൃത്വത്തിന്റെ മനസിലുണ്ടെന്നും വാര്‍ത്തകള്‍ വന്നു.
സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു തുടക്കത്തില്‍ 12 പേരുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും 2 പേരുകളിലേക്കു നേതൃത്വം എത്തിയിട്ട് ഏറെക്കാലമായി. ഇതിലൊന്നിനോടു മുതിര്‍ന്ന നേതാക്കള്‍ യോജിച്ചാല്‍ ഹൈക്കമാന്‍ഡിനു തീരുമാനം എളുപ്പമാകും. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നിലപാടു നിര്‍ണായകമാകുമെങ്കിലും ഒരു പേരു നിര്‍ദേശിച്ചു പക്ഷം പിടിച്ചെന്നു വരുത്താന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നില്ല. പകരം സംസ്ഥാനത്തുള്ള നേതാക്കള്‍ യോജിപ്പിലെത്തട്ടെയെന്ന അഭിപ്രായമാണ് വേണുഗോപാലിന്. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് തേടിയിരുന്നു.
ബെളഗാവി പ്രവര്‍ത്തകസമിതിക്കിടെ കേരള വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതാക്കള്‍ പ്രത്യേകമിരുന്ന ഘട്ടത്തില്‍ ദീപ ദാസ്മുന്‍ഷി നേതൃമാറ്റ വിഷയം ഉന്നയിച്ചിരുന്നു. അനാരോഗ്യത്തെ തുടര്‍ന്നു സുധാകരന്റെ സേവനം പൂര്‍ണമായി പാര്‍ട്ടിക്കു ലഭിക്കുന്നില്ലെന്ന് പരാമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് നേടിയ തിളക്കമുള്ള തിരഞ്ഞെടുപ്പു ജയങ്ങള്‍ എടുത്തു പറഞ്ഞ് സുധാകരന്‍ പ്രതിരോധിച്ചു.
എന്നാല്‍, മുതിര്‍ന്ന പല നേതാക്കളെയും ഒപ്പംകൂട്ടാന്‍ കഴിയാത്തത് സുധാകരന്റെ വീഴ്ചയായിട്ടാണു വിലയിരുത്തുന്നത്. വി.എം. സുധീരനടക്കമുള്ള നേതാക്കള്‍ പൊതുപരിപാടികളില്‍ സാന്നിധ്യമാകുന്നില്ല. മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേതൃയോഗങ്ങളില്‍നിന്നു വിട്ടു നില്‍ക്കുകയാണ്.