Breaking NewsKeralaLead NewsNEWS

മുനമ്പത്തുകാരെ ബിജെപി പറഞ്ഞു പറ്റിച്ചു; സത്യം അറിയാതെ കേന്ദ്രമന്ത്രിയുടെ വായില്‍നിന്ന് വീണു; ഗവര്‍ണറുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ല; മകളുടെ കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘അസംബന്ധം എഴുന്നള്ളിക്കാന്‍ സമയം കളയേണ്ടതില്ലെന്നു’ ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പത്തുകാരെ ബിജെപി പറഞ്ഞുപറ്റിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാനാണ് ബിജെപി ശ്രമിച്ചത്. കുളംകലക്കി മീന്‍ പിടിക്കാനുള്ള ശ്രമമാണ് നടന്നത്. കേന്ദ്ര നിയമഭേദഗതി മുനമ്പത്തിന് പരിഹാരം എന്ന വാദം പൊളിഞ്ഞു. കിരണ്‍ റിജിജുവിനെ മുനമ്പത്ത് എത്തിച്ചാണ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി അറിയാതെ സത്യംപറഞ്ഞുപോയി. ബിജെപിക്ക് പിന്തുണ നല്‍കുന്ന വാക്കുകളാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. മുസ്ലീം ലീഗ് ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണ്. തളിപ്പറമ്പ് സര്‍ സയിദ് കോളജില്‍ ലീഗിന്റേത് വ്യത്യസ്ത നിലപാടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അംഗീകരിക്കുന്നതിന് ഗവര്‍ണര്‍മാര്‍ക്കു സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിയെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നടത്തിയ പരാമര്‍ശം മുഖ്യമന്ത്രി തള്ളി. ഗവര്‍ണറുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയില്‍ സുപ്രീംകോടതിക്ക് എതിരായ നിലപാട് ഗവര്‍ണര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. പക്ഷെ ഇവിടെയൊക്കെ ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്നത് കാണാതിരിക്കാനാവില്ല. അതിന്റെ ഭാഗമായി എടുത്ത നിലപാടായിരിക്കാം ഗവര്‍ണറുടേത്. അതിനോടു യോജിക്കാന്‍ കഴിയില്ല. പക്ഷെ പഴയ ഗവര്‍ണര്‍ പോലെയല്ല പുതിയ ഗവര്‍ണര്‍. നല്ല രീതിയില്‍ അദ്ദേഹം കാര്യങ്ങളില്‍ സഹകരിച്ചു പോകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

അതേസമയം, സിഎംആര്‍എലുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താങ്കളുടെ മകള്‍ കൂടി ഉള്ള കുറ്റപത്രവുമായി ബന്ധപ്പെട്ട വിധി ആശ്വാസകരമാണോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അസംബന്ധം എഴുന്നള്ളിക്കാന്‍ അധികം സമയം കളയേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വെറുതെ ഇത്തരം കാര്യം പറയാന്‍ വേണ്ടി മാത്രം അവസരം എടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതികളുടെ മുന്നില്‍ വരുന്ന കാര്യത്തില്‍ സ്വാഭാവിക നടപടിയുണ്ടാകും. അതു വരുമ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: