CrimeNEWS

പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊച്ചി: പീഡനക്കേസ് പ്രതിയായ മുന്‍ ഗവ.പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യയില്‍ മനുവിനെതിരേ ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ നിരന്തര പ്രേരണമൂലമാണ് പി.ജി. മനു ആത്മഹത്യ ചെയ്തതെന്നാണ് സംശയം. പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ കൊല്ലം വെസ്റ്റ് പോലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായിരുന്നു പി.ജി. മനു. ഇയാള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യത്തില്‍ തുടരുന്നതിനിടെയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയത്. ഇതിനുപിന്നാലെ പി.ജി. മനുവും സഹോദരിയും ചേര്‍ന്ന് ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Signature-ad

ഈ വീഡിയോയില്‍ യുവതിയുടെ ഭര്‍ത്താവ് എന്ന് കരുതുന്ന ആള്‍ പി.ജി. മനുവിനോട് ആത്മഹത്യ ചെയ്യാന്‍ പലതവണ ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതേസമയം, യുവതിക്കെതിരായ അതിക്രമം സംബന്ധിച്ച് പരാതിപ്പെട്ടതായി വിവരങ്ങളില്ല. ഈ വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്നോ ഈ സംഭവത്തിന്റെ മറ്റുവിശദാംശങ്ങളോ ലഭ്യമല്ല. ഈ വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പി ജി മനുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് പി.ജി. മനുവിനെ കൊല്ലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ.വന്ദനാദാസ് കൊലക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നത് പി.ജി. മനുവായിരുന്നു. ഈ കേസിന്റെ ഭാഗമായാണ് പി.ജി. മനു കൊല്ലത്തെത്തി വാടകവീട്ടില്‍ താമസം ആരംഭിച്ചത്. ജൂനിയര്‍ അഭിഭാഷകര്‍ മനുവിനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ അഭിഭാഷകര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: