KeralaNEWS

വേറിട്ട പ്രതിഷേധവുമായി വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്കുകാര്‍; ജീവിതപ്രയാസങ്ങള്‍ വിവരിച്ച് മൂകാഭിനയം

തിരുവനന്തപുരം: മുഖത്തു ചായം തേച്ച് അവര്‍ സ്വന്തം ജീവിതം ജനങ്ങള്‍ക്കും അധികാരികള്‍ക്കും മുന്നില്‍ നിശ്ശബ്ദമായി അവതരിപ്പിച്ചു. ഗര്‍ഭകാലത്തും കുട്ടികളെ നോക്കുമ്പോഴും വീട്ടുജോലികള്‍ ചെയ്യുമ്പോഴും കഠിനമായി പഠിച്ചവര്‍, പരീക്ഷയില്‍ മുന്നിലെത്തി ശാരീരിക ബുദ്ധിമുട്ടുകള്‍ മറികടന്ന് കായിക പരീക്ഷയില്‍ വിജയിച്ചവര്‍, കഷ്ടപ്പാടുകള്‍ക്കപ്പുറം റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവര്‍… എന്നിട്ടും ജോലി ലഭിക്കാതെ കോമാളികളായി മാറിയവര്‍!

ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ മൂകാഭിനയത്തില്‍ വിവരിച്ചത് റാങ്ക് പട്ടികയിലുള്‍പ്പെട്ടവരുടെ ജീവിതപ്രയാസങ്ങളും അവര്‍ നേരിട്ട ബുദ്ധിമുട്ടുകളുമായിരുന്നു.

Signature-ad

റാങ്ക് പട്ടികയുടെ കാലാവധി ശനിയാഴ്ച അവസാനിക്കും. അതിനു മുന്‍പു സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയുടെ പ്രതീകമായി സമരക്കാര്‍ ഇന്നു രാവിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ കണിയൊരുക്കിയിട്ടുണ്ട്. കറുത്ത വസ്ത്രങ്ങളണിഞ്ഞ് കണി കണ്ടശേഷം പതിമൂന്നാം ദിവസത്തെ സമരം തുടരും.

സമരത്തിന്റെ ഭാഗമായുള്ള നിരാഹാരം തുടരുകയാണ്. ജാക്വിലിന്‍, മഞ്ജു എന്നിവരാണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്.

Back to top button
error: