
നൊബേല്‍ സമ്മാനം ലഭിച്ച വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ മരിയോ വർഗാസ് യോസ (89) അന്തരിച്ചു. മക്കളാണ് അദ്ദേഹത്തിന്‍റെ മരണ വിവരം പുറത്ത് വിട്ടത്. പെറുവിയന്‍ തലസ്ഥാനമായ ലിമയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മൂത്തമകന്‍ അല്‍വാരോയാണ് എക്സിലൂടെ വിവരം പുറത്ത് വിട്ടത്. ഒരു വേള പെറുവിന്‍റെ പ്രസിഡന്‍റ് ആകാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു. 2010 ലാണ് മരിയോ വർഗാസ് യോസയ്ക്ക് സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരം ലഭിക്കുന്നത്. ആന്‍റ് ജൂലിയ ആന്‍റ് ദി സ്ക്രിപ്റ്റ് റൈറ്റർ, ഡെത്ത് ഇന്‍ ദിആന്‍ഡീസ്, ദി വാര്‍ ഓഫ് ദി എന്‍ഡ് ഓഫ് ദി വോൾഡ്, ദി ഗ്രീന്‍ ഹൌസ്, ദ ടൈം ഓഫ് ദ ഹീറോ, കോണ്‍വർസേഷന്‍ ഇന്‍ കത്തീഡ്രൽ, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്‍റെതായി പുറത്തിറങ്ങിയിട്ടുണ്ട്.
ലോകപ്രശസ്ത എഴുത്തുകാരന്‍ മാര്‍ക്കേസുമായുള്ള അദ്ദേഹത്തിന്‍റെ ഭിന്നത സാഹിത്യ ലോകത്ത് വലിയ ചര്‍ച്ചകൾക്ക് തന്നെ തുടക്കമിട്ടിരിന്നു. ലാറ്റിനമേരിക്കയായിരുന്നു യോസയുടെയും എഴുത്ത് ഭൂമി. പ്രത്യേകിച്ചും പെറുവിന്‍റെയും ബ്രസീലിന്‍റെയും ചരിത്രവും സാമൂഹിക രാഷ്ട്രീയ സംഭവങ്ങളുമാണ് യോസയുടെ നോവലുകളിലെ മുഖ്യപ്രമേയം.

രാഷ്ട്രീയ പ്രവർത്തകന്‍, കോളേജ് അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ഏൽ ബൂം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യ തരംഗത്തിലെ അവസാന അംഗം കൂടിയായിരുന്നു അദ്ദേഹം. തന്‍റെ സമപ്രായക്കാരായ എഴുത്തുകാര്‍ സോഷ്യലിസ്റ്റ് ആശയങ്ങളിലൂന്നി സാഹിത്യ രചന നടത്തിയപ്പോൾ അദ്ദേഹം വ്യത്യസ്ത നിലപാട് സ്വീകരിച്ചു. യോസയുടെ യാഥാസ്ഥിതിക വീക്ഷണം ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ ബുദ്ധീജീവികളെ പ്രകോപിപ്പിച്ചു. 1990 ലാണ് യോസ പൊറുവിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചത്. എന്നാല്‍ പരാജയമായിരുന്നു ഫലം.