
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാനും സര്‍ക്കാരിനെ അട്ടിമറിക്കാനും പണം കണ്ടെത്തുന്നതിനായി അമ്മയെയും രണ്ടാനച്ഛനെയും കൊലപ്പെടുത്തിയ പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. നികിത കാസപ്പ് ആണ് പിടിയിലായത്. ടാറ്റിയാന കാസപ്പ്(35), ഡൊണാള്‍ഡ് മേയര്‍(51) എന്നിവരാണ് കൊല്ലപ്പെട്ടത്.
വിസ്‌കോണ്‍സിനില്‍ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. പ്രതി മാതാപിതാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയതിന് ശേഷം ആഴ്ചകളോളം അവിടെ താമസിക്കുകയും പിന്നീട് 14,000 ഡോളര്‍ പണവും പാസ്പോര്‍ട്ടും നായയുമായി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത്. രണ്ടാഴ്ചയോളം ഇരുവരെയും പുറത്തേക്കോ ജോലിക്കോ കാണാതിരുന്നതിനെ തുടര്‍ന്ന് അടുപ്പക്കാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ മാസം കാന്‍സാസില്‍ വെച്ചാണ് പ്രതി പിടിയിലായത്.

ആസൂത്രിത കൊലപാതകമാണ് നടന്നതെന്നും പ്രതി ഡ്രോണും സ്‌ഫോടകവസ്തുക്കളും വാങ്ങിയതായും ആരോപണമുണ്ട്. കാസപ്പിന് ഒരു റഷ്യക്കാരനുമായി അടുത്തബന്ധമുണ്ടെന്നും ഇയാളുമായി തന്റെ പദ്ധതികള്‍ പങ്കുവെച്ചതായും അധികൃതര്‍ പറയുന്നു. കോടതിയില്‍ ഫയല്‍ ചെയ്ത വാറണ്ടില്‍ ടിക് ടോക്കിലെയും ടെലിഗ്രാം മെസഞ്ചര്‍ ആപ്പിലെയും സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കണമെന്ന് വ്യക്തമാക്കി പ്രതി കുറിപ്പ് എഴുതിയിരുന്നു. പ്രസിഡന്റിനെ കൊല്ലാനും അമേരിക്കന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള തന്റെ പദ്ധതിയെക്കുറിച്ച് മറ്റു ചിലരുമായി ചര്‍ച്ച നടത്തി. മാതാപിതാക്കളെ കൊലപ്പെടുത്തിയത് പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പണത്തിനും സ്വതന്ത്യത്തിനും വേണ്ടിയാണ്. കാസപിന് റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഒരു വ്യക്തിയുമായി ബന്ധമുണ്ട്. യുക്രൈനിലേക്ക് പലായനം ചെയ്യാനും പദ്ധതിയുണ്ടായിരുന്നു. പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.