KeralaNEWS

കേരളം കൂട്ടമരണങ്ങളുടെ തുരുത്ത്: ഇടുക്കി ഉപ്പുതറയിൽ 4 അംഗ കുടുംബം, എരുമേലിയിൽ ഒരു വീട്ടിൽ 3 പേർ, കണ്ണൂരിൽ അമ്മയും 2 മക്കളും

    കഴിഞ്ഞ 2 ദിവസങ്ങൾക്കിടയിൽ കേരളമനസാക്ഷിയെ മരവിപ്പിച്ച  കൂട്ട ആത്മഹത്യകളിൽ പ്രാണൻ പൊലിഞ്ഞത് 10 പേർ പേർക്ക്. ഇടുക്കി ഉപ്പുതറയിൽ കടബാധ്യത മൂലം ഒരു കുടുംബത്തിലെ 4 പേർ  ജീവനൊടുക്കി. പട്ടത്തമ്പലം സജീവ്(36), ഭാര്യ രേഷ്മ(25), മക്കളായ ദേവൻ(5), ദിയ(4) എന്നിവരെയാണ് വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ചത്. മക്കളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കുകയായിരുന്നു. മൂത്തമകൻ ദേവന്റെ കഴുത്തിൽ വിരലമർത്തിയ പാടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.

തങ്ങളുടെ മരണത്തിന് ഉത്തരവാദി കട്ടപ്പനയിൽ പ്രവർത്താക്കുന്ന കല്ലട ജനറൽ ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനമാണെന്ന് എഴുതിയ സജീവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഓട്ടോറിക്ഷ ഡ്രൈവറായ സജീവ് തന്റെ ഓട്ടോറിക്ഷ പണയപ്പെടുത്തി കല്ലട ഫിനാൻസിൽ നിന്ന് 3 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ 2 മാസത്തെ തിരിച്ചടവ് മുടങ്ങിയതോടെ ജീവനക്കാർ സജീവിനേയും അച്ഛൻ മോഹനനെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവത്രേ.
മരണകാരണം ഇതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സജീവിന് മറ്റ് സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

Signature-ad

മരിക്കുമ്പോൾ രേഷ്മ നാലുമാസം ഗർഭിണിയായിരുന്നു. മാസങ്ങൾക്കിപ്പുറം പിറക്കേണ്ട കുഞ്ഞും അഞ്ചാമനായി ലോകം കാണാതെ അവർക്കൊപ്പം യാത്രയായി.

ഉപ്പുതറയിലെ ഓട്ടോ ഡ്രൈവറായ സജീവ്  ഓട്ടോയിൽ നിന്നുള്ള വരുമാനം കൊണ്ടാണ്  കുടുംബം പുലർത്തിയിരുന്നത്. പ്രാരബ്ധത്തെ തുടർന്ന് കടം വാങ്ങേണ്ടിവന്നു സജീവിന്. കടബാധ്യത കാരണം പഴയ ഓട്ടോറിക്ഷ വിറ്റു. പിന്നിട് അച്ഛൻ മോഹനൻ സ്ഥലം പണയപ്പെടുത്തി പുതിയ ഓട്ടോറിക്ഷ വാങ്ങിക്കൊടുത്തു. ഒടുവിൽ ആ ഓട്ടോറിക്ഷ പണയപ്പെടുത്തി 3 ലക്ഷം രൂപ കടംവാങ്ങി.

വായ്പ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനത്തിൽനിന്ന് സമ്മർദമുണ്ടാകുകയും സജീവ് മാനസികസംഘർഷത്തിലാകുകയുംചെയ്തെന്ന് ബന്ധുക്കൾ പറയുന്നു.
*            *         *
കോട്ടയം എരുമേലിയിൽ കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ചത് പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തിയ വീട്ടമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ. വീട്ടമ്മയും ഭർത്താവും മകളുമാണ് മരിച്ചത്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരനും പൊള്ളലേറ്റു. മകളുടെ പ്രണയബന്ധം സംബന്ധിച്ച തർക്കത്തിനു പിന്നാലെയാണ് മുൻവാതിൽ അടച്ചിട്ട ശേഷം വീട്ടമ്മ സ്വയം തീകൊളുത്തിയത്.

എരുമേലി- റാന്നി റോഡിൽ ശ്രീനിപുരം പുത്തൻപുരയ്ക്കൽ ശ്രീജ (സീതമ്മ-48), ഭർത്താവ് സത്യപാലൻ (53), മകൾ അഞ്ജലി (29) എന്നിവരാണു മരിച്ചത്. മകൻ അഖിലേഷ് എന്ന ഉണ്ണിക്കുട്ടന്(25) നിസ്സാര പൊള്ളലേറ്റു. ശ്രീജ വീട്ടിലും സത്യപാലനും മകളും മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വീട് കത്തിനശിച്ചു.

സത്യപാലൻ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ഉടമയാണ്. ഇവിടെ ജോലി ചെയ്തിരുന്ന അയൽ‌വാസിയായ യുവാവും അഞ്ജലിയുമായി പ്രണയത്തിലായിരുന്നു. സത്യപാലനും കുടുംബവും ഈ ബന്ധത്തെ എതിർക്കുകയും മകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ഗൾഫിൽ നഴ്സായി ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ ദിവസം ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തി. തുടർന്ന് യുവാവ് ഇവരുടെ വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. മാതാപിതാക്കൾ ഇത് സമ്മതിച്ചില്ല. വെള്ളിയാഴ്ച രാവിലെ യുവാവ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി വീണ്ടും എത്തി അഞ്ജലിയെക്കൂട്ടി പോകാൻ ശ്രമിച്ചു. തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായി.

യുവാവും ബന്ധുക്കളും മടങ്ങിയ ശേഷം ഉച്ചയ്ക്ക് കുടുംബാംഗങ്ങൾ തമ്മിൽ ഇതേച്ചൊല്ലി വഴക്കുണ്ടായി. ആ സമയം ശ്രീജ  പെട്രോൾ‌ ഒഴിച്ചു സ്വയം തീകൊളുത്തി. രക്ഷിക്കാൻ ശ്രമിച്ചസത്യപാലനും അഞ്ജലിക്കും ഗുരുതരമായി പൊള്ളലേറ്റു. ഒടുവിൽ 3 പേരും മരിച്ചു.

കണ്ണൂർ അഴീക്കോട് അമ്മയേയും രണ്ടുമക്കളേയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മീൻക്കുന്നിൽ മഠത്തിൽ ഭാമ (44), മക്കളായ ശിവാനന്ദ് (14), അശ്വന്ത് (11) എന്നിവരെയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. ഇന്നലെ രാത്രിമുതൽ ഇവരെ കാണാതായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു കിണറ്റിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മക്കളെ കിണറ്റിൽ എറിഞ്ഞശേഷം അമ്മയും കിണറ്റിലേക്ക് ചാടിയതാകാംമെന്നാണ് പ്രാഥമിക നിഗമനം. മാനസികവെല്ലുവിളിക്ക് അമ്മ ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച രാത്രി ഇവരോടൊപ്പം ഭർത്താവ് രമേഷ് ബാബു ഉണ്ടായിരുന്നില്ല. അയൽവാസികളാണ് മൃതദേഹം കിണറ്റിൽ കണ്ടത്.

സഹജീവികളെ ചേർത്തുപിടിക്കാൻ സമൂഹം കുറച്ചുകൂടി സൗമനസ്യം കാണിച്ചിരുന്നെങ്കിൽ, വേണ്ട നിലയിൽ ബോധവൽക്കരണം ലഭിച്ചിരുന്നെങ്കിൽ, അധികാരികൾ കുറച്ചുകൂടി ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഒരുവേള  ഇത്തരം കൂട്ടമരണങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: