Breaking NewsIndiaLead NewsNEWSSportsTRENDING

സെഞ്ചുറിക്കു പിന്നാലെ അഭിഷേക് ശര്‍മ പോക്കറ്റില്‍നിന്ന് ഉയര്‍ത്തിക്കാട്ടിയ കടലാസില്‍ എന്തായിരുന്നു? ശ്രേയസ് അയ്യരടക്കം വായിച്ചുനോക്കി! കെ.എല്‍. രാഹുലിന്റെ റെക്കോഡ് ഇനി പഴങ്കഥ; ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വമ്പന്‍ ജയം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ നിരാശപ്പെടുത്തുന്ന ഫോമില്‍ നിന്ന് ഗംഭീരമായി തിരിച്ചെത്തി അഭിഷേക് ശര്‍മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന്റെ നിര്‍ണ്ണായക സമയത്ത് വെടിക്കെട്ട് സെഞ്ച്വറി പ്രകടനത്തോടെയാണ് അഭിഷേക് കൈയടി നേടിയത്. 246 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിനായി 40 പന്തിലാണ് അഭിഷേക് സെഞ്ച്വറിയിലേക്കെത്തിയത്. 55 പന്തില്‍ 141 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്.

Signature-ad

പഞ്ചാബിന്റെ ബൗളര്‍മാരെയെല്ലാം തല്ലിപ്പറത്തിയാണ് അഭിഷേകിന്റെ മടക്കം.. മത്സരത്തില്‍ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ അഭിഷേക് ശര്‍മ ആഘോഷം നടത്തിയത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. കീശയില്‍ നിന്ന് ഒരു പേപ്പറെടുത്ത് അഭിഷേക് ഉയര്‍ത്തിക്കാട്ടുകയായിരുന്നു. തന്റെ തിരിച്ചുവരവിനുള്ള നന്ദി പറയുകയാണ് അഭിഷേക് ഈ ആഘോഷത്തിലൂടെ ചെയ്തത്. അഭിഷേക് നന്ദി പറയുന്നത് ഹൈദരാബാദ് ഉടമക്കോ ടീമിന്റെ നായകനോ തന്റെ പരിശീലകനായ യുവരാജ് സിങ്ങിനോ അല്ല. മറിച്ച് ആരാധകരോടായിരുന്നു എന്നതാണ് എടുത്തു പറയേണ്ടത്.

അഭിഷേക് ഉയര്‍ത്തിക്കാട്ടിയ പേപ്പറിലെ വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ‘ദിസ് ഈസ് ഫോര്‍ ഓറഞ്ച് ആര്‍മി’ എന്നാണ് അഭിഷേക് ഉയര്‍ത്തിക്കാട്ടിയ പേപ്പറിലുണ്ടായിരുന്നത്. തന്നെയും ടീമിനേയും പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ച ആരാധകര്‍ക്കായിരുന്നു നന്ദി. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരടക്കം അടുത്തുവന്ന് അഭിഷേക് ഉയര്‍ത്തിക്കാട്ടിയ പേപ്പറില്‍ എന്താണ് എന്ന് വായിച്ചുനോക്കി.

പഞ്ചാബിന്റെ ബൗളര്‍മാരെ ഒന്നുമല്ലാതെ ആക്കുന്ന ബാറ്റിങ്ങാണ് അഭിഷേക് പുറത്തെടുത്തത്. 246 എന്ന വമ്പന്‍ ടോട്ടലിനെതിരേ പിന്തുടര്‍ന്നിറങ്ങുമ്പോള്‍ ഒട്ടും സമ്മര്‍ദ്ദമില്ലാതെ വെടിക്കെട്ട് നടത്താന്‍ അഭിഷേകിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റിനും വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് അഭിഷേക് കാഴ്ചവെച്ചിരിക്കുന്നതെന്ന് നിസംശയം പറയാം.

 

 

ഐപിഎല്ലിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് അഭിഷേക് ശര്‍മ സ്വന്തം പേരിലാക്കി. 132 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ റെക്കോഡാണ് അഭിഷേക് പഴങ്കഥയാക്കിയത്. ഐപിഎല്ലിലെ ഹൈദരാബാദ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും അഭിഷേക് സ്വന്തം പേരിനൊപ്പം ചേര്‍ത്തു. ഒടുവില്‍ 55 പന്തില്‍ 141 റണ്‍സ് നേടിയാണ് അഭിഷേക് പുറത്തായത്. 14 ഫോറും 10 സിക്സും താരം പറത്തി. 256 സ്ട്രൈക്ക് റേറ്റിലാണ് യുവതാരത്തിന്റെ വെടിക്കെട്ട്.

അഭിഷേക് പുറത്താവുമ്പോള്‍ 16.2 ഓവറില്‍ രണ്ട് വിക്കറ്റിന് 222 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. പിന്നീട് അനായാസം വിജയത്തിലേക്കെത്താനും ഹൈദരാബാദിനായി. ഐപിഎല്‍ ചരിത്രത്തിലെ റണ്‍സ് പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ജയമാണിത്. റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ ഒരു ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും അഭിഷേക് സ്വന്തം പേരിലാക്കി. മാര്‍ക്കസ് സ്റ്റോയിണിസിന്റെ 121 റണ്‍സിന്റെ റെക്കോഡാണ് അഭിഷേക് തകര്‍ത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: