Breaking NewsLead NewsSportsTRENDING

ഇതിലും ഭേദം തല്ലിക്കൊല്ലുന്നത്! നാണക്കേടിന്റെ പടുകുഴിയില്‍ ഷമി; അവസാന ഓവറില്‍ സ്‌റ്റോയിനിസ് പഞ്ഞിക്കിട്ടു; നാലോവറില്‍ വിട്ടുകൊടുത്തത് 75 റണ്‍സ്; അവസാന ഓവറില്‍ മാത്രം 27 റണ്‍സ്!

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്നില്‍ റണ്‍മല തീര്‍ത്ത് പഞ്ചാബ് കിംഗ്‌സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റിന് 245 റണ്‍സാണ് അടിച്ചെടുത്തത്. ശ്രേയസ് അയ്യര്‍ (82) മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ പ്രഭ്സിംറാന്‍ സിങ് (42), പ്രിയന്‍ഷ് ആര്യ (36), മാര്‍ക്കസ് സ്റ്റോയിണിസ് (34*) എന്നിവരെല്ലാം തങ്ങളുടെ റോള്‍ ഗംഭീരമാക്കി.

ബാറ്റിംഗ് പിച്ചുമായി പഞ്ചാബിനെ നേരിട്ട ഹൈദരാബാദിനു കണക്കുകൂട്ടല്‍പിഴച്ചു. ഹൈദരാബാദ് നിരയില്‍ എല്ലാവരും തല്ലുവാങ്ങിയെങ്കിലും നാണക്കേടിലേക്ക് എത്തിയിരിക്കുന്നത് മുഹമ്മദ് ഷമിയാണ്. ഇന്ത്യയുടെ സീനിയര്‍ പേസറെ പഞ്ഞിക്കിട്ട മാര്‍ക്കസ് സ്റ്റോയിണിസ് വലിയ നാണക്കേടിലേക്കാണ് ഷമിയെ തള്ളിവിട്ടിരിക്കുന്നത്.

Signature-ad

ഹര്‍ഷല്‍ പട്ടേല്‍ 18-ാം ഓവറില്‍ ഗ്ലെന്‍ മാക്സ് വെല്ലിനേയും ശ്രേയസ് അയ്യരേയും പുറത്താക്കി ഹൈദരാബാദിന് അല്‍പ്പം അശ്വാസം നല്‍കി. ഇത് മുതലാക്കി 19-ാം ഓവര്‍ എറിയാനെത്തിയ പാറ്റ് കമ്മിന്‍സും ഭേദപ്പെട്ട പ്രകടനം നടത്തി. 19-ാം ഓവറില്‍ എട്ട് റണ്‍സാണ് കമ്മിന്‍സ് വിട്ടുകൊടുത്തത്. ഇതോടെ പഞ്ചാബിനെ 220 റണ്‍സിനുള്ളില്‍ ഒതുക്കാമെന്ന് ഹൈദരാബാദ് കണക്കുകൂട്ടി. എന്നാല്‍ പിന്നീട് കണ്ടത് മുഹമ്മദ് ഷമിയെ മാര്‍ക്കസ് സ്റ്റോയിണിസ് തല്ലി ഒതുക്കുന്നതാണ്.

അവസാന ഓവറില്‍ 27 റണ്‍സാണ് ഷമി വഴങ്ങിയത്. ആദ്യത്തെ രണ്ട് പന്തില്‍ മൂന്ന് റണ്‍സാണ് ഷമി വിട്ടുകൊടുത്തത്. പിന്നീടെറിഞ്ഞ നാല് പന്തിലും ഷമിയെ സ്റ്റോയിണിസ് സിക്സര്‍ പറത്തുകയായിരുന്നു. സ്ലോ ബോളിനും വൈഡ് യോര്‍ക്കറിനും ശ്രമിക്കാത്ത ഷമി സ്റ്റംപിന് ആക്രമിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം സിക്സറിലാണ് കലാശിച്ചത്. ഷമിയുടെ യോര്‍ക്കര്‍ ശ്രമം ഫുള്‍ട്ടോസില്‍ കലാശിച്ചത് സ്റ്റോയിണിസിന് കാര്യങ്ങള്‍ എളുപ്പമാക്കി. ഇതോടെ 245 എന്ന കൂറ്റന്‍ സ്‌കോര്‍ പഞ്ചാബ് പടുത്തുയര്‍ത്തി.

പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന ഷമി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ട് കുറച്ച് മാസങ്ങളെ ആയിട്ടുള്ളൂ. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം മിന്നിച്ച ഷമിയെ ടീമിലേക്ക് കൊണ്ടുവന്നപ്പോള്‍ ഹൈദരാബാദിന് പ്രതീക്ഷകളേറെയായിരുന്നു. എന്നാല്‍ സീനിയര്‍ താരമായിട്ടും പിച്ചിനെ മനസിലാക്കാന്‍ ഷമിക്ക് സാധിക്കാതെ പോയി. അതിവേഗത്തില്‍ പന്തെറിയാനാണ് ഷമി ശ്രമിച്ചത്. നാല് ഓവറില്‍ 75 റണ്‍സ് വിട്ടുകൊടുത്ത ഷമിക്ക് വിക്കറ്റൊന്നും നേടാനായില്ല.

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം രണ്ടാമത്തെ ബൗളിങ് പ്രകടനമാണിത്. 76 റണ്‍സ് വഴങ്ങിയ ജോഫ്രാ ആര്‍ച്ചറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഒരു റണ്‍സിനാണ് ഈ നാണക്കേടില്‍ തലപ്പത്തെത്താതെ ഷമി രക്ഷപെട്ടത്. എന്നാല്‍ ഐപിഎല്ലിലെ ഇന്ത്യക്കാരന്റെ ഏറ്റവും മോശം ബൗളിങ് പ്രകടനമെന്ന നാണക്കേട് ഷമിക്ക് സ്വന്തമാക്കേണ്ടി വന്നു. 73 റണ്‍സ് വഴങ്ങിയ മോഹിത് ശര്‍മയുടെ റെക്കോഡിനെയാണ് ഷമി മറികടന്നത്. ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ക്ക് തൊട്ടതെല്ലാം പിഴക്കുന്നതാണ് കണ്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: