അദ്ദേഹം കാത്തിരിക്കുന്നു, ഷി വിളിക്കുന്നില്ല..! ‘എന്നെ വിളിക്കൂ’ എന്നു വളച്ചുകെട്ടി പറഞ്ഞിട്ടും അനക്കമില്ല; ഷി ജിന്‍പിംഗ് ചര്‍ച്ചയ്ക്കു വരാത്തതില്‍ ട്രംപ് അസ്വസ്ഥന്‍; ചൈനയെ മുട്ടില്‍ നിര്‍ത്തുമെന്ന് വെല്ലുവിളിച്ചിട്ട് അമേരിക്ക നികുതികള്‍ ഒന്നൊന്നായി ഒഴിവാക്കുന്നു; ‘ക്ഷണിക്കാതെ വരില്ല, നികുതി കൂട്ടിക്കോളൂ’ എന്നു ചൈനയും

വാഷിങ്ടണ്‍: വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തില്‍നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളെ ഒഴിവാക്കിയിട്ടും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്് ഫോണില്‍ വിളിക്കാത്തതില്‍ അസ്വസ്ഥനായി ഡോണള്‍ഡ് ട്രംപ്! ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുന്നത് അമേരിക്കന്‍ വിപണിയിലെ കമ്പ്യൂട്ടറുകളുടേയും സ്മാര്‍ട്ട് ഫേണുകളുടേയും വില കൂട്ടുമെന്നും അത് ടെക് കമ്പനികളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ഇവയെ താരിഫില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. ട്രംപിന്റെ ഈ തീരുമാനം ആപ്പിള്‍, സാംസങ് പോലുള്ള ടെക് ഭീമന്മാര്‍ക്ക് വലിയ ഗുണം ചെയ്യും.
സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് പുറമെ ഹാര്‍ഡ് ഡ്രൈവുകള്‍, പ്രോസസറുകള്‍, മെമ്മറി ചിപ്പുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെ താരിഫില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും നിര്‍മിക്കുന്നത് ചൈനയിലാണ്. ട്രംപ് ഭരണകൂടം ചൈനയ്ക്ക് 145% താരിഫ് ചുമത്തിയ സാഹചര്യത്തില്‍ ഇവയുടെ വില കുതിച്ചുയരുമെന്ന് യു.എസ് ടെക് കമ്പനികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

താരിഫ് ഏര്‍പ്പെടുത്തി ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക് ഉത്പന്ന നിര്‍മാതാക്കളായ ചൈനയെ മുട്ടുകുത്തിക്കാമെന്നായിരുന്നു കരുതിയതെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയുമായി സംഭാഷണത്തിനു തയാറെന്ന വിധത്തില്‍ നിരവധിതവണ അമേരിക്കയുടെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായെങ്കിലും ചൈന കണ്ടില്ലെന്നു നടിക്കുകയാണ്. ചൈന അപമാനിക്കുന്നതിനു തുല്യമായിട്ടാണു പ്രതികരിക്കുന്നത് എന്ന തോന്നലാണ് ട്രംപിന്റെ അടുത്ത വൃത്തങ്ങള്‍ക്കുമുള്ളത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ‘ചൈനയിലെ കൃഷിക്കാര്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളും അമേരിക്ക വാങ്ങുന്നുണ്ട്’ എന്നു പ്രതികരിച്ചത് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഫോണില്‍ വിളിക്കാത്തതിന്റെ അമര്‍ഷമാണെന്നാണു വിലയിരുത്തുന്നത്.
വാഷിംഗ്ടണില്‍നിന്നുള്ള ക്ഷണമെത്താതെ ഒരു ഫോണ്‍കോള്‍ പോലും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട് താരിഫ് പ്രഖ്യാപനത്തോടെ ചൈന മുട്ടിലിഴയുമെന്ന ട്രംപിന്റെ കണക്കുകൂട്ടലുകളാണ് തെറ്റിയത്. ‘എനിക്കു പ്രസിഡന്റ് ഷിയോട് വലിയ ബഹുമാനമുണ്ട്. ദീര്‍ഘകാലമായി എന്റെ സുഹൃത്താണ് അദ്ദേഹം. ഒരുമിച്ച് കാര്യങ്ങളെ സമീപിച്ചാല്‍ ഇരുരാജ്യങ്ങള്‍ക്കുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണു കരുതുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ ഉറ്റുനോക്കുകയാണ്’- ട്രംപ് പറഞ്ഞു. എന്നാല്‍, ചൈനയില്‍നിന്ന് പ്രതികരണമില്ലെന്നു മാത്രമല്ല നിരക്ക് എത്രവേണമെങ്കിലും കൂട്ടിക്കോളൂ എന്നാണ് ചില കേന്ദ്രങ്ങളില്‍നിന്നു വന്ന പ്രതികരണം!
ബീജിംഗുമായി ഏറെ അടുപ്പമുള്ള ചൈനീസ് അക്കാദമിക്കായ വിക്ടര്‍ ഗാവോയുടെ വീഡിയോ ക്ലിപ്പും അമേരിക്കയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൈനയ്ക്ക് അമേരിക്കന്‍ മാര്‍ക്കറ്റില്‍ പ്രവേശനം നിഷേധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയാണിതില്‍. ‘ഞങ്ങള്‍ക്കതൊരു പ്രശ്‌നമല്ല. ചൈന 5000 വര്‍ഷമായി ഇവിടെയുണ്ട്. ഇതില്‍ കൂടുതല്‍ സമയത്തും അമേരിക്ക എന്നൊരു രാജ്യമില്ല. അപ്പോഴും ഞങ്ങള്‍ അതിജീവിച്ചു. ഞങ്ങളെ അമേരിക്ക പുറത്താക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ഞങ്ങള്‍ അമേരിക്കയെ ഒഴിവാക്കിത്തന്നെ ഈ സാഹചര്യം കൈകാര്യം ചെയ്യും. ഞങ്ങള്‍ക്ക് മറ്റൊരു 5000 വര്‍ഷം കൂടി മുന്നേറാന്‍ കഴിയുമെന്നാണു കരുതുന്നത്’ അദ്ദേഹം പറയുന്നു.
ഫലത്തില്‍ ചൈനയുടെ വഴിയില്‍ അമേരിക്ക എത്തിയെന്നാണ് ഇപ്പോഴത്തെ പിന്‍വലിക്കല്‍ വ്യക്തമാക്കുന്നതും. ചൈനയില്‍നിന്നുള്ള വിതരണം നിലച്ചാല്‍ അമേരിക്കയിലെ ക്രിസ്മസ് സമ്മാനങ്ങള്‍ക്കുപോലും വിലകൂടുമെന്നതാണ് വസ്തുത. ചില അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്കും വിയറ്റ്‌നാമിലേക്കും ഉത്പാദനം മാറ്റിയിട്ടും ചൈനതന്നെയാണ് മിക്ക ഘടകങ്ങളുടെയും വിതരണം ചൈനയില്‍നിന്നു തന്നെയാണ്.
അമേരിക്കയില്‍ വില്‍ക്കുന്ന ആപ്പിളിന്റെ ഐഫോണുകളില്‍ 80% ചൈനയിലാണ് നിര്‍മിക്കുന്നത്. ബാക്കി 20% ഇന്ത്യയിലാണ്. പുതിയ താരിഫുകള്‍ പ്രാബല്യത്തില്‍ വരാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ, ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളുടെ ഉത്പാദനം വേഗത്തിലാക്കാനും വര്‍ദ്ധിപ്പിക്കാനും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആപ്പിള്‍, ഇന്ത്യയില്‍ നിന്നും 600 ടണ്‍ ഐഫോണുകള്‍ യു.എസിലേക്ക് കയറ്റിയയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ താരിഫ് നിലവില്‍ വരുന്നതിന് മുമ്പ് മാര്‍ച്ച് മുതല്‍ 100 ടണ്‍ വീതം ഐഫോണുകള്‍ അടങ്ങുന്ന ആറ് കാര്‍ഗോ വിമാനങ്ങള്‍ അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആപ്പിള്‍ ഉത്പന്നങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിര്‍മിക്കുന്ന ചൈനയില്‍ 125 ശതമാനമാണ് അമേരിക്ക തീരുവ ചുമത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള തീരുവ 26 ശതമാനമാണ്. ചൈനയില്‍ നിന്നും കയറ്റുമതി കുറയുന്നതിനെ നിയന്ത്രിക്കാനാണ് ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുമുള്ള 600 ടണ്‍ കയറ്റുമതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.