CrimeNEWS

ചാമ്പയ്ക്ക് തരാമെന്ന് പ്രലോഭിപ്പിച്ചു; കുളത്തിലേക്ക് ചവിട്ടിത്താഴ്ത്തി, മാളയില്‍ ആറുവയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

തൃശൂര്‍: മാള കുഴൂരില്‍ ആറു വയസ്സുകാരന്‍ ഏബലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി കുളത്തില്‍ ചവിട്ടിത്താഴ്ത്തി. പ്രതി ജോജോ കുളത്തിലേക്കു തള്ളിയിട്ട ഏബല്‍ രണ്ടു തവണ കയറി വന്നെങ്കിലും പ്രതി വീണ്ടും തള്ളിയിട്ടു. പിന്നീട് മരണമുറപ്പാക്കും വരെ വെള്ളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. സംഭവത്തില്‍ കൈതാരത്ത് ജോജോയെ (19) പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ലൈംഗികപീഡന ശ്രമം ഏബല്‍ ചെറുത്തതിലെ ദേഷ്യമാണ് കൊലപാതകത്തിനു കാരണമായതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും മകനാണ് യുകെജി വിദ്യാര്‍ഥിയായ ഏബല്‍. 10ന് വൈകിട്ട് 6.08ന് ജോജോയുടെ ഒപ്പം വീടിനു സമീപത്തുള്ള പാടശേഖരത്തിലേക്ക് പോയ ഏബല്‍ തിരിച്ചുവരാതായതോടെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജോജോയുടെ ഒപ്പം കുട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഈ സമയത്തെല്ലാം തിരച്ചില്‍ നടത്തുന്നവര്‍ക്കൊപ്പം ജോജോയും ഉണ്ടായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. ചാമ്പയ്ക്ക തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ജോജോ പാടത്തിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിലേക്ക് ഏബലിനെ കൊണ്ടുപോയത്. കൊലപാതകം, പോക്‌സോ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Signature-ad

ഇന്നലെ ഉച്ചയോടെ ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. രോഷാകുലരായ നാട്ടുകാര്‍ പലവട്ടം ജോജോയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചത്. മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ നേരത്തെ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: