Breaking NewsLead NewsSportsTRENDING

‘തല’യെത്തിയിട്ടും തലവര മാറുന്നില്ല; പവര്‍പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന സ്വന്തം റെക്കോഡ് തിരുത്തി ചെന്നൈ; ടീം നൂറു കടന്നത് കഷ്ടിച്ച്; ഓള്‍ ഔട്ടായില്ലെന്നു മാത്രം

ചെന്നൈ: ഈ സീസണിലെ പവര്‍പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന സ്വന്തം റെക്കോഡ് തിരുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ധോണിയുടെ മടങ്ങിവരവോടെ ഏറെ പ്രതീക്ഷയിലായ കാണികളെ സ്വന്തം ഗ്രൗണ്ടില്‍ തലതാഴ്ത്തിയിരുത്താന്‍ മാത്രമാണു ധോണിപ്പടയ്ക്കു കഴിഞ്ഞത്. പരുക്കേറ്റ ഋതുരാജ് ഗെയ്ക്വാദിനു പകരം നയിക്കാന്‍ സാക്ഷാല്‍ ധോണിയെത്തിയതോടെ വലിയ മാറ്റങ്ങള്‍ സ്വപ്നം കണ്ട ചെന്നൈ ആരാധകര്‍ക്ക്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ ബാറ്റിങ് പ്രകടനം ബാക്കിയാക്കുന്നത് കൂടുതല്‍ കഠിനമായ നിരാശ.

കൊല്‍ക്കത്തയ്ക്കെതിരെ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഓള്‍ഔട്ടാകാതെ ‘രക്ഷപ്പെട്ടെങ്കിലും’ നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 103 റണ്‍സ്. ഈ സീസണില്‍ ഏതൊരു ടീമിന്റെയും ഏറ്റവും മോശം സ്‌കോറാണിത്. ഒരുവേള 100 കടക്കുമോ എന്നു സംശയിച്ച ചെന്നൈയെ, അവസാന ഘട്ടത്തില്‍ ശിവം ദുബെ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് രക്ഷപ്പെടുത്തിയത്. ദുബെ 29 പന്തില്‍ മൂന്നു ഫോറുകളോടെ 31 റണ്‍സുമായി ടോപ് സ്‌കോററായി.

Signature-ad

നാലു പേര്‍ മാത്രം രണ്ടക്കം കടന്ന ചെന്നൈ ഇന്നിങ്‌സില്‍, രണ്ടു തവണ കൊല്‍ക്കത്ത ഫീല്‍ഡര്‍മാര്‍ കൈവിട്ടു സഹായിച്ച വിജയ് ശങ്കര്‍ 21 പന്തില്‍ 29 റണ്‍സെടുത്തു. രണ്ടു ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് വിജയ് ശങ്കറിന്റെ ഇന്നിങ്‌സ്. അക്കൗണ്ട് തുറക്കും മുന്‍പേ ഹര്‍ഷിത് റാണയുടെ പന്തില്‍ സുനില്‍ നരെയ്‌നും, പിന്നീട് വ്യക്തിഗത സ്‌കോര്‍ 20ല്‍ നില്‍ക്കെ ഹര്‍ഷിത് റാണയുടെ തന്നെ പന്തില്‍ വെങ്കടേഷ് അയ്യരുമാണ് വിജയ് ശങ്കറിനെ കൈവിട്ട് സഹായിച്ചത്.

ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേ (11 പന്തില്‍ രണ്ടു ഫോറുകളോടെ 12), രാഹുല്‍ ത്രിപാഠി (22 പന്തില്‍ ഒരു ഫോര്‍ സഹിതം 16) എന്നിവരാണ് ചെന്നൈ നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റു രണ്ടു ബാറ്റര്‍മാര്‍. ഓപ്പണര്‍ രചിന്‍ രവീന്ദ്ര ഒന്‍പതു പന്തില്‍ നാലു റണ്‍സെടുത്ത് പുറത്തായി.

ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തില്‍ മഹേന്ദ്രസിങ് ധോണി നാലു പന്തില്‍ ഒരു റണ്ണെടുത്ത് പുറത്തായി. ആറാമനായെത്തിയ രവിചന്ദ്രന്‍ അശ്വിന്‍ മുതലുള്ള ആറു താരങ്ങളില്‍ ഒരു റണ്ണില്‍ കൂടുതല്‍ നേടിയ ഏക താരം പതിനൊന്നാമനായി എത്തിയ അന്‍ഷുല്‍ കംബോജാണ്. കംബോജ് മൂന്നു പന്തില്‍ മൂന്നു റണ്‍സുമായി പുറത്താകാതെ നിന്നു. അശ്വിന്‍ (ഏഴു പന്തില്‍ ഒന്ന്), രവീന്ദ്ര ജഡേജ രണ്ടു പന്തില്‍ പൂജ്യം), ദീപക് ഹൂഡ (നാലു പന്തില്‍ പൂജ്യം), നൂര്‍ അഹമ്മദ് (എട്ടു പന്തില്‍ ഒന്ന്) എന്നിങ്ങനെയാണ് 611 വരെയുള്ള താരങ്ങളുടെ പ്രകടനം.

കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങിയും ഹര്‍ഷിത് റാണ നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതമെടുത്തു. മോയിന്‍ അലി നാല് ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം 20 റണ്‍സ് വഴങ്ങിയം വൈഭവ് അറോറ നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

നേരത്തെ, ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ അജിന്‍ക്യ രഹാനെ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനു പരുക്കേറ്റതോടെയാണ് ധോണി പകരക്കാരനായി എത്തിയത്. ഗെയക്വാദിനു പകരം രാഹുല്‍ ത്രിപാഠിയും മുകേഷ് കുമാറിനു പകരം അന്‍ഷുല്‍ കംബോജും ഇന്നു കളിക്കും. കൊല്‍ക്കത്ത നിരയില്‍ സ്‌പെന്‍സറിനു പകരം മോയിന്‍ അലി ടീമിലെത്തി. സീസണില്‍ അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ജയം സഹിതം നാലു പോയിന്റുമായി ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അഞ്ചില്‍ നാലു മത്സരങ്ങളും തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്‍പതാം സ്ഥാനത്തും.

 

Back to top button
error: