KeralaNEWS

അടീം കൊണ്ടു, പുളീം കുടിച്ചു, പണോം അടച്ചു: കണ്ണൂർ സർവകലാശാലക്കെതിരെ കേസ് നടത്തിയതിനു നൽകിയ വക്കീൽ ഫീസ് ഒടുവിൽ മുൻ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ തിരിച്ചടച്ചു

കണ്ണൂർ സർവകലാശാലയ്ക്ക് എതിരായ കേസിൽ ഹാജരായ അഭിഭാഷകന് സർവകലാശാലാ ഫണ്ടിൽ നിന്ന് അനുവദിച്ച 4 ലക്ഷംരൂപ അന്നത്തെ വൈസ് ചാൻസലർ തിരിച്ചടച്ചു. ഓഡിറ്റ് പരിശോധനയിൽ ക്രമക്കേട് ചൂണ്ടിക്കാണിച്ചതോടെയാണ് മുൻ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ പണമടച്ചത്.

ഗോപിനാഥ് രവീന്ദ്രൻ വി.സിയായിരുന്നപ്പോൾ കണ്ണൂർ സർവകലാശാലയെത്തന്നെ എതിർകക്ഷിയാക്കി ഫയൽ ചെയ്ത കേസിലാണ് വക്കീൽഫീസ് അനുവദിക്കാൻ തീരുമാനിച്ച സിൻഡിക്കേറ്റിന്റെ അസാധാരണ നടപടിയുണ്ടായത്. തീരുമാനം ക്രമപ്രകാരമല്ലെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം.

Signature-ad

എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ 2022 ഒക്ടോബർ 21-ന് സുപ്രീംകോടതി വിധി വന്നതിന് പിറകെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വിസി നിയമനത്തിന് പാനൽ നല്കുന്നതിന് പകരം ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള നിയമനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഈ വിധി കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്നതിനാൽ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം  ഗവർണർ റദ്ദാക്കി.

ഈ നടപടിക്കെതിരേയാണ് ചാൻസലറെ ഒന്നാം എതിർകക്ഷിയും സംസ്ഥാന സർക്കാരിനെ രണ്ടാം എതിർകക്ഷിയും കണ്ണൂർ സർവകലാശാലയെ മൂന്നാം എതിർകക്ഷിയുമാക്കി ഗോപിനാഥ് രവീന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഗോപിനാഥ് രവീന്ദ്രൻ ഫയൽ ചെയ്ത കേസിൽ വക്കീലിന് നല്കാൻ ഡിസംബർ 20-ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് 4 ലക്ഷം രൂപ അനുവദിച്ചത്. അതേസമയംതന്നെ സർവകലാശാലയ്ക്കുവേണ്ടി ഹാജരായ വക്കീലിന് 6,000 രൂപ അനുവദിക്കുകയും ചെയ്തു. 23-ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് തുക നൽകിയത് ക്രമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയത്. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം 2023 നവംബറിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

ഗവർണർക്കെതിരായ കേസ് നടത്തിപ്പിന് സർവകലാശാല ഫണ്ടിൽ നിന്നും വി സിമാർ ആകെ ചെലവിട്ടത് ഒരു കോടി 13 ലക്ഷം രൂപ. ഡോ. ഗോപിനാഥ് രവീന്ദ്രൻ 69 ലക്ഷം രൂപയും മുൻ കുഫോസ് വിസി ഡോ.റിജി ജോൺ 36 ലക്ഷം രൂപയും ചെലവാക്കി.

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വിസിമാരും ഗവർണരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത് 2022ലാണ്. കണ്ണൂർ, സാങ്കേതിക സർവകലാശാല ഉൾപ്പടെയുള്ള സർവകലാശാലകളിലെ വിസിമാരെ പുറത്താക്കിക്കൊണ്ട് ഗവർണർ ഇറക്കിയ ഉത്തരവായിരുന്നു പ്രശ്‌നങ്ങൾക്ക് ആധാരം. ഇതിന് പിന്നാലെ വിസിമാർ കോടതിയെ സമീപിച്ചു. ഹൈക്കോടതിയിലും സുപ്രിംകോടതിയിലും വിസിമാർ ചെലവഴിച്ചത് വൻ തുകയാണ്.
സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനായ കെകെ വേണുഗോപാലിന് വേണ്ടിയാണ് വി.സിമാർ ഭീമമായ തുക ചെലവഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: