പരീക്ഷയ്ക്ക് എത്തുന്നവരുടെ മനസിളക്കും; ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക മതപഠന കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താത്കാലിക വിലക്ക്; നിയന്ത്രണം കൊണ്ടുവരുന്നത് രണ്ടാംവട്ടം; വന്‍ വിമര്‍ശനത്തിനു വഴിവെട്ടി ദാറുള്‍ ഉലൂം

ലക്‌നൗ: ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പഠനകേന്ദ്രങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ ദാറുള്‍ ഉലൂം വീണ്ടും തലക്കെട്ടുകളിലേക്ക്. മുസ്ലിംകളെ സംബന്ധിച്ച് ഏറ്റവും അഭിമാനാര്‍ഹമെന്ന് അവകാശപ്പെടുത്ത മതപഠന കേന്ദ്രത്തില്‍ പരീക്ഷയുടെ പേരില്‍ സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതാണു വന്‍ ചര്‍ച്ചയാകുന്നത്. ഏപ്രില്‍ 17 വരെയുള്ള പത്തു ദിവസം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് കാമ്പസില്‍ പ്രവേശിക്കുന്നതിനു വിലക്ക്.
പുതിയ അക്കാദമിക് വര്‍ഷത്തേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ പേരിലാണ് മതപഠന കേന്ദ്രത്തിന്റെ ഭരണകര്‍ത്താക്കള്‍ സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. സെമിനാരിയുടെ ആക്ടിംഗ് വൈസ് ചാന്‍സലര്‍ മൗലാന അബ്ദുള്‍ ഖാലിക് മദ്രാസിയുടെ വാക്കുകള്‍ അനുസരിച്ച്, ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകള്‍ പരീക്ഷയ്ക്ക് എത്തുമെന്നും അപ്പോള്‍ അവരുടെ ശ്രദ്ധ മാറിപ്പോകാതിരിക്കാനാണു നിയന്ത്രണമെന്നും പറയുന്നു. ഏപ്രില്‍ ഏഴുമുതല്‍ 17 വരെയാണു പ്രവേശന വിലക്കെന്നു ദാറുള്‍ ഉലൂം അലുമ്‌നി ബോഡി പ്രസിഡന്റ് മഹ്ദി ഹസന്‍ എയ്‌നി പറഞ്ഞു. 20,000-25,000 ആളുകളാണ് പരീക്ഷയ്ക്ക് എത്തുക.

വന്‍ തിരക്കാണ് അപ്പോള്‍ കാമ്പസില്‍ അനുഭവപ്പെടുക. ഇവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നത് പരീക്ഷയ്‌ക്കെത്തുവരുടെ മനസിളക്കുമെന്നും തിരക്കു നിയന്ത്രിക്കാനുംകൂടിയാണ് ഈ മാറ്റമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മേയ് 17നും കാമ്പസില്‍ സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അന്നും ഇതേ കാരണമാണ് ഭരണകര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടിയത്. നിയന്ത്രണങ്ങളുടെ പേരില്‍ കാമ്പസിലും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലും വന്‍ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
2024 മുതല്‍ സെമിനാരി സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ക്കു വിസിറ്റേഴ്‌സ് കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. രണ്ടു മണിക്കൂര്‍ സമയത്തേക്കാണു വിസിറ്റേഴ്‌സ് കാര്‍ഡ് നല്‍കിയിരുന്നത്. സ്ത്രീകള്‍ സൂര്യാസ്തമയത്തിനു മുമ്പ് കാമ്പസ് വിടണമെന്ന നിബന്ധനയുമുണ്ടായിരുന്നു. മടങ്ങുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാമ്പസില്‍ ഏല്‍പ്പിക്കണം. ബുര്‍ഖ ധരിക്കണമെന്നതും നിബന്ധനകളില്‍ ഉള്‍പ്പെട്ടിരുന്നു.
2024 നവംബറില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വിലക്ക് എടുത്തുമാറ്റിയെങ്കിലും ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും വിലക്കി. സെമിനാരിയെക്കുറിച്ചുള്ള റീല്‍സുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നു എന്നതായിരുന്നു കാരണം.