
ബംഗളൂരു: റോഡിലൂടെ നടന്നുപോയ യുവതികളിലൊരാളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിന്റെ വീഡിയോ പുറത്ത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന അതിക്രമത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. ബംഗളൂരുവിലെ ബിടിഎം ലേഔട്ട് പ്രദേശത്ത് വച്ചായിരുന്നു സംഭവം. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
രാത്രി സമയത്ത് ഇടുങ്ങിയ റോഡിലൂടെ രണ്ട് യുവതികള്‍ നടന്നുപോകുന്നത് വീഡിയോയില്‍ കാണാം. സ്‌കൂട്ടറുകള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് യുവതികള്‍ എത്തിയതോടെയാണ് യുവാവ് ആക്രമിക്കാനായി പാഞ്ഞെത്തിയത്.

യുവതികളില്‍ ഒരാളുടെ പിറക് വശത്ത് യുവാവ് കടന്നുപിടിക്കുകയും ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവാവ് ഓടിരക്ഷപ്പെട്ടു. പിന്നാലെ തന്നെ പരിഭ്രാന്തരായ യുവതികളും ഓടിരക്ഷപ്പെടുകയായിരുന്നു. യുവതികള്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വീഡിയോയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.