ഗോകുലം ഗോപാലനു പിന്നാലെ പൃഥ്വിരാജിനും ഇഡി കുരുക്ക്? ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു; കടുവയിലും ജനഗണമനയിലും വാങ്ങിയ പ്രതിഫലത്തിൻ്റെ കണക്ക് നൽകണം: എമ്പുരാൻ വിവാദം ഒഴിയുന്നില്ല

എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെ നടൻ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയച്ചു. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിൽ വ്യക്തത വരുത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. കടുവ, ജനഗണമന, ഗോൾഡ് എന്നീ ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങളിലാണ് ആദായ വകുപ്പ് വിശദീകരണം തേടിയിരിക്കുന്നത്. ഈ സിനിമകളിൽ അഭിനേതാവ് എന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ലെന്നും എന്നാൽ സഹനിർമ്മാതാവെന്ന നിലയിൽ 40 കോടിയോളം രൂപ വാങ്ങിയിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
മാർച്ച് 29നാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 29 നകം നടന്റെ വരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

എമ്പുരാന്‍ ചിത്രത്തിന്റെ വിതരണക്കാരായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിൽ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനെതിരെയുള്ള നീക്കവുമെന്നത് ശ്രദ്ധേയമാണ്. വിദേശ നാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുന്നത്. ചെന്നൈ കോടമ്പാക്കത്തെ ഓഫിസിലും വീട്ടിലും ഇന്നലെ 14 മണിക്കൂർ നീണ്ട പരിശോധന അർധരാത്രിയോടെയാണ് പൂർത്തിയായത്. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് സൂചന.
ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകൾ മൂന്ന് മാസമായി നിരീക്ഷണത്തിൽ ആണെന്നും ഇടപെടുകളിൽ സംശയം തോന്നിയ സാഹചര്യത്തിൽ ആണ് റെയ്ഡെന്നുമാണ് ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്ന വാദം. സമീപകാല വിവാദങ്ങളുമായി റെയ്‌ഡിനെ ബന്ധിപ്പിക്കരുത് എന്നും അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ മാസം മാർച്ച് 27ന് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ റിലീസ് ചെയ്തതിന് പിന്നാലെ വിവാദങ്ങൾ പുകയുകയാണ്. ചിത്രത്തിൽ ഗുജറാത്ത് കലാപത്തെക്കുറിച്ച് പരാമർശിക്കുന്ന സീനുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ സംഘപരിവാർ സൈബർ ആക്രമണവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ചിത്രം റീ എഡിറ്റ് ചെയ്ത് പ്രദർശിപ്പിക്കുകയായിരുന്നു.